2013-01-14 14:28:14

മാതാപിതാക്കള്‍ സ്വജീവിത മാതൃകയിലൂടെ മക്കള്‍ക്കു വിശ്വാസ പരിശീലന‍ം നല്‍കണമെന്ന് മാര്‍പാപ്പ


14 ജനുവരി 2013, വത്തിക്കാന്‍
സ്വജീവിത മാതൃകയിലൂടെ വിശ്യഷാ ക്രൈസ്തവ പുണ്യങ്ങളുടെ അഭ്യസനത്തിലൂടെ മക്കള്‍ക്കു വിശ്വാസ പരിശീലന‍ം നല്‍കണമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ക്രൈസ്തവ മാതാപിതാക്കളെ ആഹ്വാനം ചെയ്തു. കര്‍ത്താവിന്‍റെ ജ്ഞാനസ്നാന തിരുന്നാള്‍ ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. പതിവുപോലെ ഇക്കൊല്ലവും കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനത്തില്‍ മാര്‍പാപ്പ വത്തിക്കാന്‍ ജീവനക്കാരുടെ കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം നല്‍കി. ജനുവരി 13ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനിലെ വിശ്വപ്രസിദ്ധമായ സിസ്റ്റൈന്‍ കപ്പേളയില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ വച്ച് 20 നവജാത ശിശുക്കള്‍ക്കാണ് മാര്‍പാപ്പ ജ്ഞാനസ്നാനം നല്‍കിയത്. മാമ്മോദീസ സ്വീകരിച്ച കുഞ്ഞുങ്ങള്‍ ക്രിസ്തു രഹസ്യങ്ങളുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അനുസ്മരിപ്പിച്ച മാര്‍പാപ്പ അവരെ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ക്കും ജ്ഞാനസ്നാന മാതാപിതാക്കള്‍ക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും പരാമര്‍ശിച്ചു. തങ്ങളുടെ മക്കള്‍ക്ക് ജ്ഞാനസ്നാനം നല്‍കുന്നതുവഴി മാതാപിതാക്കള്‍ തങ്ങളുടെ വിശ്വാസത്തിനു സാക്ഷൃം നല്‍കുകയും സഭാംഗമായിരിക്കുന്നതിലുള്ള ആനന്ദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇക്കാലത്തെ സാമൂഹ്യ സാഹചര്യങ്ങളില്‍ വിട്ടുവീഴ്ച്ചകള്‍ക്കു തയ്യാറാകാതെ സ്വന്തം വിശ്വാസം ഏറ്റുപറയുക എളുപ്പമല്ലെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ക്രൈസ്തവരുള്‍പ്പെടെ പലരും ക്രിസ്തുവിലുള്ള വിശ്വാസം സ്വാതന്ത്ര്യത്തിനു തടസ്സമാണെന്ന് കരുതുന്നുണ്ട്. ഇങ്ങനെ ചിന്തിക്കുന്നവര്‍ അജ്ഞരാണ്. കാരണം, ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട് വിശ്വാസത്തിന്‍റെ പാതയില്‍ ചരിക്കുമ്പോള്‍ നാം ക്രമേണ സ്വാര്‍ത്ഥതയില്‍ നിന്നു മോചനം നേടുകയും ദൈവത്തോടുള്ള ഐക്യത്തില്‍ അന്യരെ ഉള്‍ക്കൊള്ളുന്നവരായി മാറുകയും ചെയ്യുമെന്ന് മാര്‍പാപ്പ വിശദീകരിച്ചു. ദൈവം നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന പുണ്യങ്ങള്‍, വിശ്വാസം, പ്രത്യാശ, ഉപവി, എന്നിവ ദൈവിക വചനവും കൂദാശകളും വഴിയായി പരിപോഷിപ്പിക്കപ്പെടണം. അതുവഴി, ഈ ക്രൈസ്തവ പുണ്യങ്ങളില്‍ പക്വതപ്രാപിച്ച് യഥാര്‍ത്ഥ ക്രിസ്തു സാക്ഷികളായിത്തീരാന്‍ എല്ലാ സഭാംഗങ്ങളേയും മാര്‍പാപ്പ ക്ഷണിച്ചു.








All the contents on this site are copyrighted ©.