2013-01-14 14:28:35

അല്‍മായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പുതിയ അജപാലന പദ്ധതികളുമായി കെ.ആര്‍.എല്‍.സി.സി


14 ജനുവരി 2013, കൊച്ചി
സഭാ പ്രവര്‍ത്തനങ്ങളില്‍ അല്‍മായരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്, പുതിയ അജപാലന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി) തീരുമാനിച്ചു. ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്‍ററില്‍ നടന്ന കെ.ആര്‍.എല്‍.സി.സി 20ാം പൊതുയോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പള്ളിപ്പെരുന്നാളുകളുടെ ചെലവുകള്‍ കുറയ്ക്കണമെന്നും അനാവശ്യ ചെലവുകള്‍ക്കുപയോഗിക്കുന്ന പണം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെ.ആര്‍.എല്‍.സി.സി 20ാം പൊതുയോഗം അഭ്യര്‍ത്ഥിച്ചു. വനിതാ സംരക്ഷണത്തിന് ശാശ്വത നടപടികള്‍ സ്വീകരിക്കണമെന്നും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുന്നതിന് പര്യാപ്തമായ വിധം നിയമ നിര്‍മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കെആര്‍എല്‍സിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പൊതുയോഗത്തിന് അധ്യക്ഷം വഹിച്ചു. വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ മെത്രാപ്പോലീത്ത, മെത്രാന്‍മാരായ ഡോ. സ്റ്റാന്‍ലി റോമന്‍, ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തുശ്ശേരി, റവ. ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴി, റവ. ഡോ. ജോസഫ് കരിയില്‍, റവ. ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്‍കി.








All the contents on this site are copyrighted ©.