2013-01-12 16:21:41

സിറിയ: യുദ്ധബാധിത പ്രദേശങ്ങള്‍ പട്ടിണിയില്‍


12 ജനുവരി 2013, ഹോംസ്
ആഭ്യന്തര യുദ്ധം കനത്ത നാശം വിതയ്ക്കുന്ന സിറിയ പട്ടിണിയുടെ പിടിയിലമരുകയാണെന്ന് യു.എന്‍ വെളിപ്പെടുത്തി. രൂക്ഷമായ ആക്രമണം നടക്കുന്നതുമൂലം ദുരിത ബാധിത മേഖലകളിലേക്ക് ഭക്ഷൃവസ്തുക്കള്‍ എത്തിക്കുന്നതില്‍ തടസം നേരിടുകയാണെന്ന് യു.എന്‍ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ 22 മാസമായി കലാപത്തിന്‍റെ കനലെരിയുന്ന സിറിയയില്‍ യു.എന്‍ ഏജന്‍സികള്‍ ഭക്ഷൃ വിതരണം നടത്തിയിരുന്നു. എന്നാല്‍ പോരാട്ടം രൂക്ഷമായതോടെ യുദ്ധമേഖലയില്‍ സഹായ വിതരണം തടസപ്പെട്ടിരിക്കുകയാണ്. ഇന്ധന ക്ഷാമം മൂലം സന്നദ്ധ സംഘടനകളുടെ വാഹനങ്ങളും ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഹോംസ്, ആലപ്പോ, ടാര്‍ടോസ്, ഖാമിസലി, തുടങ്ങിയ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പിന്‍വലിച്ചുവെന്നും യു.എന്‍ ഏജന്‍സി വെളിപ്പെടുത്തി.

സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച് ക്രിയാത്മകമായ സന്ധിസംഭാഷണങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിരന്തരം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ജനുവരി 7ന് വത്ത‍ിക്കാനിലെ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഈ പ്രശ്നത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തങ്ങളുടെ സര്‍ക്കാരുകളോട് ആവശ്യപ്പെടാന്‍ മാര്‍പാപ്പ അവരോട് ആഹ്വാനം ചെയ്തിരുന്നു. ഏഴാം തിയതിയിലെ ട്വീറ്റിലും സിറിയയിലെ ഭയാനകമായ ആക്രമണത്തിനു പകരം ക്രിയാത്മകമായ സന്ധിസംഭാഷണങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ഏവരോടും അഭ്യര്‍ത്ഥിച്ചിരുന്നു.








All the contents on this site are copyrighted ©.