2013-01-12 16:22:04

സാമൂഹ്യപ്രശ്നങ്ങളില്‍ സഭ ക്രിയാത്മകമായി ഇടപെടണം: സീറോ മലബാര്‍ സിനഡ്


12 ജനുവരി 2013, കൊച്ചി
സമൂഹം നേരിടുന്ന പൊതുപ്രശ്നങ്ങളില്‍ സഭ ക്രിയാത്മകമായി ഇടപെടണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സീറോ മലബാര്‍ സിനഡ് സമ്മേളനത്തിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഈ ആഹ്വാനം നടത്തിയത്. വിശ്വാസവര്‍ഷം ആചരിക്കുന്ന ഈ കാലഘട്ടത്തില്‍ സഭാംഗങ്ങളുടെ വിശ്വാസസാക്ഷൃത്തിന് ഊന്നല്‍ നല്‍കണമെന്ന് സിനഡംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
സീറോ മലബാര്‍ സഭ ആചരിച്ച പ്രേഷിതവര്‍ഷാചരണം വന്‍ വിജയമായിരുന്നുവെന്ന് സിനഡ് വിലയിരുത്തി. പ്രവാസികളുടെ അജപാലനം, നിലവിലുള്ള രൂപതകളുടെ വികസനം, വൈദികപരിശീലനം എന്നീ വിഷയങ്ങള്‍ സിനഡ് വിശദമായി ചര്‍ച്ച ചെയ്തു. സത്ന രൂപതയുടെ സെന്‍റ് എഫ്രേം മേജര്‍ സെമിനാരി, സീറോ മലബാര്‍ സഭയുടെ പൊതുമിഷന്‍ മേജര്‍ സെമിനാരിയായി സ്വീകരിക്കുവാന്‍ സിനഡ് തീരുമാനിച്ചു. മാതൃസഭാംഗങ്ങളില്‍ മിഷന്‍ ചൈതന്യം വളര്‍ത്താന്‍ ഈ മിഷന്‍ സെമിനാരി സഹായകമാകുമെന്ന് അംഗങ്ങള്‍ വിലയിരുത്തി. സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍റെ നേതൃത്വത്തില്‍ സമര്‍പ്പിതരുടെ പ്രതിനിധികളുമായി സിനഡ് ചര്‍ച്ചകള്‍ നടത്തി. സീറോമലബാര്‍ രൂപതകള്‍ക്ക് പുറത്തുള്ള സമര്‍പ്പിതരുടെ പ്രവര്‍ത്തനങ്ങള്‍, ദൈവവിളി പ്രോത്സാഹനം തുടങ്ങിയ വിഷയങ്ങളും സിനഡില്‍ പഠനവിഷയമായി. ഇംഗ്ലീഷിലുള്ള യാമപ്രാര്‍ത്ഥനക്രമം സിനഡ് സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.

വിശുദ്ധരുടെ നാമകരണനടപടികളെ സഹായിക്കുവാന്‍ സഭാതലത്തില്‍ ഒരു പോസ്റുലേറ്റര്‍ ജനറലിനെ നിയമിക്കുവാന്‍ സിനഡ് തീരുമാനിച്ചു. ഫാ. കനീസിയൂസ് സി.എം.ഐയുടെ നാമകരണനടപടികള്‍ക്ക് ആരംഭം കുറിക്കുവാന്‍ സിനഡ് അനുവാദം നല്‍കി. മാര്‍തോമ്മാശ്ളീഹായുടെ ഭാരതപ്രവേശനത്തിന്റെ 1950-ാം വര്‍ഷ ജൂബിലിയുടെ പശ്ചാത്തലത്തില്‍ ജൂലൈ 3-ാം തിയതിയിലെ ദുക്റാനദിനാചരണം സഭാ തലത്തില്‍ മൌണ്ട് സെന്റ് തോമസില്‍ വെച്ച് കൂടുതല്‍ പങ്കാളിത്തത്തോടെ ആചരിക്കുവാന്‍ തീരുമാനിച്ചു. അന്നേദിവസം സഭയിലെ പുരസ്ക്കാരദാന ചടങ്ങും നടക്കും. ഇക്കൊല്ലം സഭാതാരം അവാര്‍ഡുകള്‍ തൃശൂര്‍ അതിരൂപതയിലെ ശ്രീ പി. ഐ. ലാസര്‍ മാസ്റര്‍, പ്രൊഫസര്‍ എലിസബത്ത് മാത്യു എന്നിവര്‍ക്കാണ്.

ഓഗസ്റ് മാസത്തെ സിനഡ് സമ്മേളനത്തിനിടയില്‍ പാലയൂരിലെ മാര്‍ തോമാശ്ലീഹായുടെ തീര്‍ത്ഥകേന്ദ്രത്തിലേക്കും, ഒല്ലൂരിലെ വാഴ്ത്തപ്പെട്ട എവുപ്രാസ്യയുടെ കബറിടത്തിലേക്കും തീര്‍ത്ഥയാത്ര നടത്തുവാന്‍ മെത്രാന്‍മാര്‍ തീരുമാനിച്ചു. സഭയിലെ അല്‍മായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുവാനായി കൂടുതല്‍ അത്മായകേന്ദ്രങ്ങള്‍ (Laity centers)സ്ഥാപിക്കുവാനും, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിനെ (AKCC) ശക്തിപ്പെടുത്തുവാനും സിനഡ് ആഹ്വാനം ചെയ്തു. PRO യുടെ പ്രവര്‍ത്തനങ്ങള്‍ വിശകലന വിധേയമാക്കിയ സിനഡ്, മാധ്യമരംഗത്ത് സീറോ മലബാര്‍ സഭ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും വിലയിരുത്തി.
മാധവ ഗാഡകില്‍ റിപ്പോര്‍ട്ട് നിലവിലുള്ള രീതിയില്‍ സ്വീകാര്യമല്ലെന്നും ജനപങ്കാളിത്തത്തോടെ പശ്ചിമഘട്ടപരിസ്ഥിതി പ്ളാന്‍ രൂപീകരിക്കണമെന്നും സിനഡ് ശക്തമായി ആഹ്വാനം ചെയ്തു.

മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയൂസ് മാര്‍ ക്ലീമിസിനും, നിയുക്ത കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലിനും സിനഡ് സ്വീകരണം നല്‍കി.

കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ജനുവരി 7ന് ആരംഭിച്ച സിനഡു സമ്മേളനത്തില്‍ സീറോ മലബാര്‍ സഭയിലെ 46 മെത്രാന്‍മാര്‍ പങ്കെടുത്തു. 11ാം തിയതി വെള്ളിയാഴ്ച സിനഡ് സമാപിച്ചു.








All the contents on this site are copyrighted ©.