2013-01-12 16:21:08

വത്തിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി


12 ജനുവരി 2013, വത്തിക്കാന്‍
വത്തിക്കാനിലെ സുരക്ഷാ ഉദ്യോഗസ്ഥ സംഘമായ ജെന്‍ഡര്‍മെരിയയുമായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. ജനുവരി 11ാം തിയതി വെള്ളിയാഴ്ച വൈകീട്ട് അപ്പസ്തോലിക അരമനയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. വത്തിക്കാന്‍ നഗര രാഷ്ട്രത്തിന്‍റെ സുരക്ഷാ ചുമതലയുള്ള പൊലീസും ഇതര സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടെ ഇരുനൂറോളംപേര്‍ കൂടിക്കാഴ്ച്ചയില്‍ സന്നിഹിതരായിരുന്നു. വെല്ലുവിളിനിറഞ്ഞ ഒരു പ്രത്യേക കാലഘട്ടത്തിനു ശേഷം അവരുടെ സേവനത്തിന് കൃതജ്ഞപ്രകടിപ്പിക്കാനും അവര്‍ക്കു പ്രോത്സാഹനമേകാനുമാണ് മാര്‍പാപ്പ ജെന്‍ഡര്‍മെരിയയോട് കൂടിക്കാഴ്ച്ച നടത്തിയതെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തി.

ജെന്‍ഡര്‍മെരിയയുടെ ഔചിത്യപൂര്‍വ്വവും കാര്യക്ഷമവുമായ സേവനത്തിന് മാര്‍പാപ്പ നന്ദി പറഞ്ഞു. വത്തിക്കാനിലെത്തുന്ന സന്ദര്‍ശകരെ ഉപചാരപൂര്‍വ്വം സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നതും അവരുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നുവെന്ന് പാപ്പ തദവസരത്തില്‍ അനുസ്മരിച്ചു. ഓരോ സന്ദര്‍ശകരിലും ദൈവം നല്‍കിയ ഒരു സഹോദരന്‍റേയോ സഹോദരിയുടേയോ മുഖമാണ് ദര്‍ശിക്കേണ്ടത്. എല്ലാവരും മാനവകുടുംബത്തിലെ അംഗങ്ങളാണെന്ന ബോധ്യത്തോടെ തീര്‍ത്ഥാടകരേയും സന്ദര്‍ശകരേയും വിനയപൂര്‍വ്വം സ്വീകരിക്കാനും സഹായിക്കാനും മാര്‍പാപ്പ അവരെ ആഹ്വാനം ചെയ്തു.









All the contents on this site are copyrighted ©.