2013-01-10 16:44:54

ഉപവി പ്രവര്‍ത്തനങ്ങളുടെ
ഊറ്റവും ഉറവും സുവിശേഷംതന്നെ


10 ജനുവരി 2013, ഈജിപ്റ്റ്
വിശ്വാസത്തിന്‍റെ പിന്‍ബലമില്ലാത്ത ഉപവിപ്രവര്‍ത്തനങ്ങള്‍ നിലനില്ക്കുകയില്ലെന്ന്, പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി പ്രസ്താവിച്ചു.
ജനുവരി 8-ാം തിയതി ഈജിപ്റ്റിലെ അലക്സാണ്ട്രിയായില്‍ നടന്ന തിരുഹൃദയ കോപ്റ്റിക്ക് സന്ന്യാസിനീ സഭയുടെ ശതാബ്ദി ആഘോഷങ്ങളില്‍ വച്ചാണ് കര്‍ദ്ദിനാള്‍ സാന്ദ്രി ഇങ്ങനെ പ്രസ്താവിച്ചത്.

സ്നേഹത്തിലും സേവനത്തിലും സമര്‍പ്പിതരെ കൂട്ടിയിണക്കുന്നതും നയിക്കുന്നതും വിശ്വാസമാണെന്നും, കലര്‍പ്പില്ലാത്തതും കലവറയില്ലാത്തതുമായ സേവനപാത തെളിക്കാന്‍ ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിനു മാത്രമേ സാധിക്കൂ എന്നും കര്‍ദ്ദിനാള്‍ സാന്ദ്രി സഭാംഗങ്ങളെ ഉദ്ബോധിപ്പിച്ചു.
അജപാലന മേഖലയിലെ പ്രവര്‍ത്തന ഊര്‍ജ്ജം ക്രിസ്തുവായിരിക്കണമെന്നും, തായ്ച്ചെടിയോടു ഒട്ടിനില്ക്കുന്ന ശാഖയ്ക്കു മാത്രമേ ഫലം പുറപ്പെടുവിക്കുവാനാകൂ എന്നും (യോഹ. 15, 5)
കര്‍ദ്ദിനാള്‍ സാന്ദ്രി സന്യസ്തരെ ഉദ്ബോധിപ്പിച്ചു.

സന്ന്യാസ ജീവിതത്തിന്‍റെ ഊറ്റവും ഉറവും സുവിശേഷമാണെന്നും, അതിന്‍റെ ശബ്ദവും ഓജസ്സുമാണ് അജപാലന മേഖലയിലെ സകല പ്രവര്‍ത്തനങ്ങളെയും നയിക്കേണ്ടതെന്നും പാപ്പായുടെ പ്രതിനിധിയായെത്തിയ കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു. മറിയത്തെപ്പോലെ വചനത്തോടുള്ള സമ്പൂര്‍ണ്ണ സമ്മതവും സമര്‍പ്പണവുമാണ് പ്രേഷിതമേഖലയില്‍ അനുദിനം പൂവണിയേണ്ടതും ഫലമണിയേണ്ടതെന്നും, അങ്ങനെ ‘യഥാര്‍ത്ഥമായ സ്നേഹത്തോടെ അജഗണങ്ങള്‍ക്കായി ജീവന്‍ സമര്‍പ്പിക്കുന്നതിലും വലിയ സ്നേഹമില്ലെന്നും’ (യോഹ. 15, 12) കര്‍ദ്ദിനാള്‍ സന്ദ്രി പ്രസ്താവിച്ചു.

ശൈശവകാലത്ത് യേശുവിന് ആതിഥ്യം നല്കാന്‍ ഭാഗ്യമുണ്ടായ ഈജിപ്റ്റുദേശത്ത് ഉരുവംകൊണ്ട സന്ന്യാസത്തിന്‍റെ ധ്യാനാത്മജീവിതം കലോചിതമായി നവീകരിച്ചുകൊണ്ട് ഇനിയും മുന്നോട്ടു ചരിക്കണമെന്നും കര്‍ദ്ദിനാള്‍ സഭാംഗങ്ങളെ ആശംസിച്ചു. വിവിധ കാരണങ്ങളാല്‍ ഇന്ന് ലോകത്ത് ധാരളമായെത്തുന്ന അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും, വിശപ്പും ദാഹവും, രോഗവും വേദനയും, പരിത്യക്താവസ്ഥയും ഒറ്റപ്പെടലും അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കും ക്രിസതുനാമത്തില്‍ അഭയംനല്കാന്‍ മടിക്കരുതെന്നും, ‘തന്‍റെ നാമത്തെപ്രതി അവിടുന്ന് നിങ്ങളെ നേര്‍വഴിയിലൂടെ നയിക്കമെന്നും (സങ്കീര്‍ത്തനം 23, 3) കര്‍ദ്ദിനാള്‍ സാന്ദ്രി തന്‍റെ പ്രഭാഷണത്തിലൂടെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.