2013-01-09 16:52:53

മര്‍ത്ത്യത പൂകിയ ദൈവം
മനുഷ്യനെ അമര്‍ത്ത്യതയിലേയ്ക്ക് ക്ഷണിക്കുന്നു


9 ജനുവരി 2013, ഈജിപ്റ്റ്
ദൈവത്തിന്‍റെ ഔദാര്യത്തെ ഓര്‍ത്തുള്ള ആശ്ചര്യവും സന്തോഷവുമാണ് ക്രിസ്തുമസ്സ്കാലമെന്ന്, പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയൊനാര്‍ഡോ സാന്ദ്രി പ്രസ്താവിച്ചു. ഈജിപ്തിലെ അലക്സാന്‍ഡ്രിയായിലുള്ള തിരുഹൃദയ സന്ന്യാസിനീ സഭയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് ജനുവരി 7-ാം തിയതി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കാര്‍ദ്ദിനാള്‍ സാന്ദ്രി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ദൈവത്തിന്‍റെ മനുഷ്യാവതാര രഹസ്യത്തില്‍ ഒളിഞ്ഞുകിടക്കുന്ന ഔദാര്യത്തിന്‍റെയും അവിടുത്തെ സമൃദ്ധിയുടെയും സാന്നിദ്ധ്യമാണ് ക്രിസ്തുമസ്സെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി വിവരിച്ചു.
ക്രിസ്തുവിന്‍റെ ജനനവും പ്രത്യക്ഷീകരണവും ദൈവദൂതന്മാരുടെയും പൂജരാജാക്കന്മാരുടെയും സന്തോഷത്തില്‍ നമ്മെ പങ്കുചേര്‍ക്കുമ്പോള്‍, യോര്‍ദ്ദാനിലെ ജ്ഞാനസ്നാന സംഭവം ആശ്ചര്യമൂറുന്ന നമ്മുടെ ആന്തരിക അന്ധത കഴുകിക്കളയുകയും, ക്രിസ്തു പിന്നീട് ഗലീലിയാ തീരങ്ങളില്‍ വെളിപ്പടുത്തിയ ദൈവിക സാമീപ്യത്തിന്‍റെയും സമൃദ്ധിയുടെയും അടയാളങ്ങളിലേയ്ക്ക് ലോകത്തെ നയിക്കുകയാണെന്നും കര്‍ദ്ദിനാള്‍ സന്ദ്രി ഉദ്ബോധിപ്പിച്ചു.

ബെതലഹേമിലെ താരപ്രഭയും, യോര്‍ദ്ദാനിലെ നവജീവന്‍റെ തീര്‍ത്ഥവും, വിശ്വാസ വീര്യംപകര്‍ന്ന കാനായിലെ പുതുവീഞ്ഞും, ഗലീലിയായിലെ ജീവന്‍റെ അപ്പവുമെല്ലാം മനുഷ്യകുലത്തോട് ഔദാര്യവും സ്നേഹവും കാണിച്ചുകൊണ്ട് ഭൂമികയിലേയ്ക്ക് ഇറങ്ങിവന്ന ദൈവിക സാന്നിദ്ധ്യത്തിന്‍റെ അടയാളങ്ങളാണെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി തന്‍റെ വചനപ്രഘോഷണത്തില്‍ വ്യക്തമാക്കി. മര്‍ത്ത്യത പുല്‍കിയ ദൈവം അവിടുത്തെ അമര്‍ത്ത്യതയിലേ്ക്ക് ഏവരെയും ക്ഷിക്കുന്നതാണ് രക്ഷയുടെ വിളിയെന്ന്, തിരുക്കുടുംബത്തിന്‍റെ ഈജിപ്തിലെ ചരിത്രസാന്നിദ്ധ്യം അനുസ്മരിപ്പിച്ചുകൊണ്ടും കര്‍ദ്ദിനാള്‍ സാന്ദ്രി ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.