2013-01-09 16:29:49

ദൈവനിഷേധം മാനുഷിക നിന്ദയ്ക്ക് നിദാനമെന്ന്
കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്


9 ജനുവരി 2013, മുമ്പൈ
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗത്തെയും തുടര്‍ന്നുണ്ടായ മരണത്തെയുംകുറിച്ച് മുമ്പൈയില്‍ ജനുവരി 7-ന് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഭാരതത്തിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ പ്രസ്താവിച്ചത്.
ഭാരതത്തിന്‍റെ ധാര്‍മ്മിക ദുരവസ്ഥയുടെ പ്രതിഫലനമാണ് ഡല്‍ഹി സംഭവമെന്നും; സ്ത്രീവിവേചനം, പീഡനം, പെണ്‍ഭ്രൂണഹത്യ, വിദ്യാഭ്യാസത്തിന്‍റെയും തൊഴിലിന്‍റെയും മേഖലകളില്‍ സ്ത്രീകളോടു കാണിക്കുന്ന അവജ്ഞ എന്നിവയെല്ലാം ഇന്ത്യയുടെ സാമൂഹ്യ മനഃസ്സാക്ഷിയില്‍ ഇനിയും തിരുത്തേണ്ട സ്ത്രീ-വിദ്വേഷത്തിന്‍റെ പ്രത്യക്ഷ ഭാവങ്ങളാണെന്ന് മുമ്പൈ അതിരൂപതാ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി.

ദൈവത്തെ പാര്‍ശ്വത്ക്കരിക്കുന്ന സമൂഹത്തിലാണ് സഹോദരങ്ങളും അവരുടെ അടിസ്ഥാന ആവശ്യങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നതെന്ന് സംഭവത്തെ അപലപിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ഗ്രേഷസ് പ്രസ്താവിച്ചു. പീഡിതരും നഗ്നരും പരിത്യക്തരുമായ യുവാക്കളെ കാല്‍നടയായും വാഹനങ്ങളിലും ‘കണ്ടില്ലെന്നു നടിച്ച്’ കടന്നുപോയവരുടെ മനോഭാവവും, സംഭവശേഷം നീതിക്കുവേണ്ടി സമൂഹം ഉയര്‍ത്തുന്ന മുറവിളിയും ന്യായീകരിക്കാനാവാത്ത സാമുദായിക കാപട്യവും വിരോധാഭാസവുമാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് കുറ്റപ്പെടുത്തി. പീഡനത്തിന് ഇരയായവര്‍ മൊഴിനല്കിയത് അനുസരിച്ച്- സംഭവസ്ഥലത്ത് വൈകിയെത്തിയ പൊലീസ് കാണിച്ച അലംഭാവവും സാമൂഹ്യ നീതിക്കു നിരക്കാത്തതാണെന്നും, ഇനിയും തിരുത്തേണ്ട ഭാരതത്തിന്‍റെ ധാര്‍മ്മിക ബോധമാണെന്നും കര്‍ദ്ദിനാള്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.