2013-01-09 17:02:27

കോപ്പാകബാനാ
യുവജനമേളയുടെ മുഖ്യവേദി


9 ജനുവരി 2013, റിയോ
ബനഡിക്ട് 16-ാമന്‍ പാപ്പ പങ്കെടുക്കുന്ന ലോക യുവജനമേളയ്ക്ക് ബസീലിലെ കോപ്പാകബാനാ ബീച്ച് മുഖ്യവേദിയാകുമെന്ന് സംഘാടക സമിതി അദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഒറാനി ടെമ്പസ്റ്റാ
മാധ്യമ സമ്മേളനത്തില്‍ വെളിപ്പെടുത്തി. 2013 ജൂലൈ 23-മുതല്‍ 28-വരെ തിയതികളില്‍ ബസീലിലെ റിയോ നഗരത്തില്‍ അരങ്ങേറുന്ന യുവജന മേളയ്ക്കാണ് ലോക പ്രശസ്തമായ കോപ്പാകബാനാ ബീച്ച് വേദിയാകുന്നത്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും അമേരിക്ക ഐക്യനാടുകളിലെയും യുവജനങ്ങളെ കൂടാതെ ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നുമായി 20 ലക്ഷത്തിലേറെ യുവിജനങ്ങളെ പ്രതീക്ഷിക്കുന്നതിനാലാണ് 4 കിലോമീറ്റര്‍ നീളവും ഒത്ത വിസ്തൃതിയുമുള്ള ലോകപ്രശസ്തമായ കോപ്പാകബാനാ തീരം വേദിയായി തിരഞ്ഞെടുക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചതെന്ന് ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, റിയോ അതിരൂപാ അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ടെമ്പസ്റ്റാ വ്യക്തമാക്കി.

ജൂലൈ 23-നുള്ള സ്വാഗത സമ്മേളനം കൂടാതെ, 25-ന് ബനഡിക്ട് 16-ാമന്‍ പാപ്പായ്ക്ക് യുവജനങ്ങള്‍ നല്കുന്ന സ്വീകരണം, 26-ന് നടത്തപ്പെടുന്ന സാഘോഷമായ കുരിശിന്‍റെവഴി, 27-നുള്ള ജാഗരപ്രാര്‍ത്ഥന,
28-ന് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമാപന ദിവ്യബലി എന്നീ സുപ്രധാന സംഭവങ്ങള്‍ക്കാണ്
കോപ്പാകബാനാ വേദിയാകുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ടെമ്പസ്താ അറിയിച്ചു.
“ആകയാല്‍ നിങ്ങള്‍ പോയി, സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍,” മത്തായി 28, 19 എന്ന ക്രിസ്തുവിന്‍റെ അന്തിമാഹ്വാനമാണ് റിയോ യുവജനസംഗമം ആപ്തവാക്യമായി എടുത്തിരിക്കുന്നത്. 1986-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തുടക്കമിട്ട ലോക യുവജന കൂട്ടായ്മയുടെ 13-ാമത് ആഗോള സംഗമമാണ് ബ്രസീലിലെ റിയോ നഗരത്തില്‍ അരങ്ങേറുന്നത്.









All the contents on this site are copyrighted ©.