2013-01-08 16:55:31

‍നല്ല സമരിയാക്കാരന്‍റെ മാതൃക പിന്തുടരാന്‍ മാര്‍പാപ്പയുടെ ആഹ്വാനം


08 ജനുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013ലെ ലോക രോഗി ദിനാചരണത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശം ജനുവരി 8ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ‘നിങ്ങളും പോയി അതുപോലെ ചെയ്യുവിന്‍’ (ലൂക്ക 10,37) എന്നതാണ് ഇക്കൊല്ലത്തെ ലോക രോഗീദിന സന്ദേശത്തിന്‍റെ പ്രമേയം.
കവര്‍ച്ചക്കാര്‍ പ്രഹരിച്ച് അര്‍ധപ്രാണനാക്കി വഴിയരുകില്‍ ഉപേക്ഷിച്ച യാത്രികനെ പരിചരിച്ച നല്ല സമരിയാക്കാരന്‍റെ ഉപമ പറഞ്ഞതിനു ശേഷമാണ് ‘നീയും പോയി അതുപോലെ ചെയ്യുവിന്‍’ എന്ന് ക്രിസ്തു ഉത്ബോധിപ്പിക്കുന്നത്. മാനസികമോ ശാരീരികമോ ആയ വേദനകള്‍ അനുഭവിക്കുന്നവരോട്, അവര്‍ അപരിചിതരാണെങ്കില്‍ പോലും, നല്ല സമരിയാക്കാരനെപ്പോലെ നാമും പെരുമാറണമെന്ന് സന്ദേശത്തില്‍ മാര്‍പാപ്പ പ്രബോധിപ്പിച്ചു. നല്ല സമരിയാക്കാരനെപ്പോലെ അവരെ പരിചരിക്കുന്നതിന് ദൈവത്തിന്‍റെ അനന്തസ്നേഹം നാം സ്വീകരിക്കേണ്ടതുണ്ട്. പ്രാര്‍ത്ഥനയിലൂടെ ആര്‍ജ്ജിക്കുന്ന ദൈവവുമായുള്ള വ്യക്തിബന്ധത്തിലൂടെയാണ് ആ സ്നേഹം നമുക്ക് കരഗമാകുന്നതെന്നും പാപ്പ വിശദീകരിച്ചു.
രോഗീകളേ, വേദനിക്കുന്നവരേ, “നിങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരോ ഉപയോഗശൂന്യരോ അല്ല: ക്രിസ്തുവിന്‍റെ ക്ഷണം ലഭിച്ചവരാണ് നിങ്ങള്‍. ക്രിസ്തുവന്‍റെ നിര്‍മ്മലമായ പ്രതിച്ഛായയാണു നിങ്ങള്‍.” എന്ന രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സമാപന സന്ദേശത്തിലെ ആഹ്വാനം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്‍റെ സന്ദേശത്തില്‍ ആവര്‍ത്തിച്ചു. രോഗപീഢകളും സഹനവും ക്രിസ്തുവിനെ പ്രതി ആനന്ദത്തോടെ സ്വീകരിച്ച വിശുദ്ധരായ കൊച്ചു ത്രേസ്യ, അന്ന ഷാഫര്‍, ധന്യനായ ലൂയീജി നൊവാറ എന്നിവരുടെ ജീവിത മാതൃക രോഗികകള്‍ക്ക് ഉത്തമ മാതൃകയും പ്രചോദനവുമാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു. ആതുര സേവനത്തിന്‍റെ മഹനീയ മാതൃകകളായ വാഴ്ത്തപ്പെട്ട മദര്‍ തെരേസ, റൗള്‍ ഫോളഹൂ എന്നിവരുടെ പരസ്നേഹ പ്രവര്‍ത്തികളും പാപ്പ സന്ദേശത്തില്‍ എടുത്തുകാട്ടി.

ലൂര്‍ദ് നാഥയുടെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11നാണ് സാര്‍വ്വത്രിക സഭ ലോക രോഗീ ദിനം ആചരിക്കുന്നത്. 21ാമത് ലോക രോഗീ ദിനാചരണ സമ്മേളനം ഇക്കൊല്ലം ഫെബ്രുവരി 11ന് ജര്‍മ്മനിയിലെ ആള്‍ത്തോതിങ്ങ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കും.








All the contents on this site are copyrighted ©.