2013-01-08 16:54:36

അനുസരണം സ്വാതന്ത്ര്യത്തിനു എതിരല്ലെന്ന് ഫാ.കൊവാള്‍സിക്ക്


08 ജനുവരി 2013, റോം
ദൈവത്തോടുള്ള അനുസരണം മാനുഷിക സ്വാതന്ത്ര്യത്തിനു എതിരല്ല. സ്വതന്ത്രമായ അനുസരണം ആത്മസാക്ഷാത്ക്കാരത്തിലേക്കു നയിക്കുമെന്ന് ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര അധ്യാപകന്‍ ഫാ.ദാരിയൂസ് കൊവാള്‍സിക്ക്. വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി വത്തിക്കാന്‍ റേഡിയോയിലൂടെ നല്‍കുന്ന മതബോധന പരമ്പരയിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.
ജനുവരി 8ന് പ്രക്ഷേപണം ചെയ്ത 11ാമത് എപ്പിസോഡില്‍ വിശ്വാസത്തിന്‍റെ അര്‍ത്ഥാന്തരങ്ങളെക്കുറിച്ചാണ് ഫാ.കൊവാള്‍സിക്ക് വിശദീകരിച്ചത്.
ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ വിശ്വസിക്കുന്നില്ല എന്നൊക്കെ നാം പറയാറുണ്ട്. എന്നാല്‍ വിശ്വാസം എന്ന പദം കൊണ്ട് നാമെന്താണ് അര്‍ത്ഥമാക്കുന്നത്? “വിശ്വസിക്കുക എന്നതിന് ദ്വിവിധ ബന്ധങ്ങളുണ്ട്: വ്യക്തിയോടും സത്യത്തോടും. സത്യത്തോടു ബന്ധം ഉണ്ടാകുന്നത് സാക്ഷൃം നല്‍കുന്ന വ്യക്തിയിലുള്ള വിശ്വാസം നിമിത്തമാണ് ” (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 177) ഇവിടെ കൂടുതല്‍ പ്രധാന്യം നല്‍കപ്പെടുന്നത് വ്യക്തിക്കാണ്, ദൈവവും മനുഷ്യനും തമ്മിലുളള വ്യക്തിബന്ധമാണ് വിശ്വാസത്തിന്‍റെ കാതല്‍. “ക്രൈസ്തവനായിരിക്കുകയെന്നത് ഒരു ധാര്‍മ്മിക തിരഞ്ഞെടുപ്പിന്‍റെയോ ഉന്നതമായ ഒരാശയത്തിന്‍റേയോ ഫലമല്ല. പിന്നെയോ ജീവിതത്തിന് പുതിയൊരു ചക്രവാളവും നിര്‍ണായകമായ മാര്‍ഗനിര്‍ദേശവും നല്‍കുന്ന ഒരു സംഭവവുമായി, ഒരു വ്യക്തിയുമായി ഉണ്ടായ കണ്ടുമുട്ടലിന്‍റെ ഫലമാണ്” എന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദൈവം സ്നേഹമാകുന്നു (Deus Caritas Est,1) എന്ന ചാക്രിക ലേഖനത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
അപ്പസ്തോലന്‍മാരുടെ വിശ്വാസപ്രമാണം നാം ഏറ്റുചൊല്ലുന്നു. അപ്പസ്തോലന്‍മാര്‍ നസ്രായനായ യേശുവിനെ കണ്ടുമുട്ടിയത് നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനമാണെന്ന് അതര്‍ത്ഥമാക്കുന്നു. ദൈവവുമായി നമ്മുടെ വ്യക്തിപരമായ കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനമാണ് അവര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച.
ദൈവത്തോടുള്ള വ്യക്തി ബന്ധത്തോടൊപ്പം ദൈവാവിഷ്കൃത സത്യത്തിനു നല്‍കുന്ന പൂര്‍ണ്ണസമ്മതം കൂടിയാണ് വിശ്വാസം. “വിശ്വാസമെന്നത്, മനുഷ്യന് ദൈവത്തോടുള്ള വ്യക്തിപരമായ അടുപ്പമാണ്. അതേസമയം, അനിവാര്യമായി ദൈവാവിഷ്കൃത സത്യത്തിനു മുഴുവനായും മനുഷ്യര്‍ നല്‍കുന്ന സ്വതന്ത്ര സമ്മതവുമാണ് വിശ്വാസം” (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 150) കത്തോലിക്കാ സഭ കാത്തുസംരക്ഷിക്കുന്ന ദൈവാവിഷ്കൃത സത്യമാണ് നമ്മുടെ വിശ്വാസ പ്രഖ്യാപനം. എന്നാല്‍ ആ സത്യം ദൈവത്തെ സംബന്ധിച്ച കേവല തത്വമല്ല, യേശു ക്രിസ്തുവാകുന്ന വ്യക്തിയാണ് അതിന്‍റ സ്രോതസ്സ്. ദൈവത്തിനു മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരമാണ് വിശ്വാസമെന്ന് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം (142) വിശദീകരിക്കുന്നു. മാനുഷിക സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ് ഈ പ്രത്യുത്തരം. “വിശ്വാസത്തില്‍ അനുസരിക്കുക (ലത്തീന്‍ ob-audire = ശ്രവിക്കുക, ശ്രദ്ധിക്കുക) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ശ്രവിച്ച വചനത്തോടുള്ള സ്വതന്ത്രമായ വിധേയത്വമാണ്. ” (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 144) ദൈവത്തോടുള്ള അനുസരണം മാനുഷിക സ്വാതന്ത്ര്യത്തിനു എതിരല്ല. സ്വതന്ത്രമായ അനുസരണം ആത്മസാക്ഷാത്ക്കാരത്തിലേക്കു നയിക്കും. വിശ്വാസത്തിന്‍റെ അനുസരണത്തിന്‍റെ മൂര്‍ത്തഭാവം പരിശുദ്ധ കന്യകാമറിയത്തില്‍ ദര്‍ശിക്കാമെന്നും ഫാ.ദാരിയൂസ് കൊവാള്‍സിക്ക് വിശദീകരിച്ചു.







All the contents on this site are copyrighted ©.