2013-01-04 09:25:44

മേളയ്ക്കു മുന്നോടിയായി ‘മിഷണറി വാരം’
ബ്രസീലിലെ ലോക യുവജന സംഗമം


3 ജനുവരി 2013, റിയോ
ലോക യുവജന മേളയ്ക്ക് ഒരുക്കമായി റിയോ നഗരത്തില്‍ ‘മിഷണറി വാരം’ ആഘോഷിക്കപ്പെടുമെന്ന് സംഘാടക സമിതി വ്യക്തമാക്കി. 2013 ജൂലൈ 23-മുതല്‍ 28-വരെ തിയതികളില്‍ ബ്രസീലിലെ റിയോ നഗരത്തില്‍ അരങ്ങേറുന്ന ലോക യുവജന സംഗമത്തിന് ഒരുക്കമായി സംഘടിപ്പിക്കുന്ന ‘മിഷണറി വാരം’ ജൂലൈ 17-മുതല്‍ 20-വരെയുള്ള ദിവസങ്ങളിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബസീലില്‍നിന്നുമുള്ള യുവജനങ്ങളെ കൂടാതെ 40,000 വിദേശീയരും ‘മിഷണറി വാര’ത്തില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ലോക യുവജനമേളയ്ക്കുള്ള ഏറ്റവും അടുത്ത ബാഹ്യവും ആന്തരികവുമായ ഒരുക്കമായിരിക്കും ഇതെന്നും, പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും അനുഭവത്തിലൂടെ, ബനഡിക്ട് 16-ാമന്‍ പാപ്പ പങ്കെടുക്കുന്ന ആഗോള സംഗമത്തിന് യുവജനങ്ങളെ ഒരുക്കുകയാണ് ‘മിഷണറി വാര’ത്തിന്‍റെ ഉദ്ദേശ്യമെന്നും സംഘാടക സമിതിക്കുവേണ്ടി, സാവോ പാവ്ളോ അതിരൂപതിയുടെ
യൂത്ത് കമ്മിഷന്‍ ഡയറക്ടര്‍, ഫാദര്‍ ജോസ് റൊബെര്‍ത്തോ മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി.

റിയോ നഗരത്തോടു ചേര്‍ന്നു കിടക്കുന്ന ആതിഥേയ രൂപതയായ സാവോ പാവ്ളോ 30,000 യുവജനങ്ങള്‍ക്കുവേണ്ട പാര്‍പ്പിട സൗകര്യങ്ങള്‍ സംവിധാനം ചെയ്യുമ്പോള്‍, ബാക്കിയുള്ള പങ്കാളികളെ സമീപത്തുള്ള സാന്തോ അമാരോ, കാമ്പോ ലിമ്പോ എന്നീ രൂപതകളും സ്വീകരിക്കുമെന്ന് സംഘാടക സമിതിയുടെ വക്താവ്, ഫാദര്‍ ജോസ് റൊബെര്‍ത്തോ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു.
റിയോ നഗരത്തിലും സമീപത്തുമുള്ള സെമിനാരികള്‍, സ്ക്കൂളുകള്‍, കുടുംബങ്ങള്‍ എന്നിവിടങ്ങളിലാണ് യുവജനങ്ങളെ സ്വീകരിക്കാനും താമസിപ്പിക്കാനും ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് ഫാദര്‍ റൊബെര്‍ത്തോ പ്രസ്താവിച്ചു.

കുടുംബങ്ങളില്‍ അതിഥികളായെത്തുന്ന യുവജനങ്ങള്‍ക്ക് ഭാഷ പ്രശ്നമാകുമെന്ന പരാതി പരിഗണിച്ച് അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള ആശയവിനമയ സൗകര്യത്തിനായി ഇംഗ്ലിഷ്, പോര്‍ച്ചുഗിസ്, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിലുള്ള ഭാഷാ സഹായിയും തയ്യാറാക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി അംഗം ഫാദര്‍ മാര്‍ക്കോ മിരാന്‍ഡ സമ്മേളനത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.