2013-01-04 11:15:05

മനുഷ്യന്‍ സമാധാനത്തിന്‍റെ
പ്രായോക്താവെന്ന് പാപ്പാ


2 ജനുവരി 2012, വത്തിക്കാന്‍
ജനുവരി 1-ാം തിയതി രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച നവവത്സര ദിവ്യബലിമദ്ധ്യേ നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ പുതുവത്സരദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ചത്.
അസമത്വവും അനീതിയും അധിക്രമങ്ങളും അഴിമതിയും സ്വാര്‍ത്ഥതയും സാമ്പത്തിക മുതലാളിത്തവും, ഭീകര പ്രവര്‍ത്തനങ്ങളുംകൊണ്ട് തിന്മയുടെ ചുടുകളമാകുന്ന ലോകത്ത് ഉയരുന്ന സമാധാനത്തിനായുള്ള മുറവിളി, മനുഷ്യന്‍ ശാന്തമായ ജീവിതത്തിന് നൈസര്‍ഗ്ഗികമായും വിളിക്കപ്പെട്ടവനാണെന്ന് സ്ഥിരീകരിക്കുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

ഓരോ വ്യക്തിയിലുമുള്ള സമാധാനാഭിവാഞ്ഛ ഭൂമുഖത്ത് യാഥാര്‍ത്ഥ്യമാകേണ്ട ദൈവിക നന്മയുടെ പ്രതിഫലനമാണെന്നും പാപ്പാ പ്രസ്താവിച്ചു. ലോകത്തുള്ള അടിസ്ഥാന ധാര്‍മ്മിക നിയമങ്ങളോടും സദാചാരങ്ങളോടും അനുരൂപപ്പെട്ടു ജീവിക്കുന്നതാണ് സമാധാനമെന്നും, മനുഷ്യന്‍ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും ധാര്‍മ്മിക നിയമങ്ങള്‍ അവഗണിക്കുകയും സൗകര്യാര്‍ത്ഥം അവ തട്ടിമാറ്റുകയും ചെയ്യുമ്പോഴാണ് സമാധാനം നഷ്ടമാകുന്നതെന്നും പാപ്പ വ്യക്തമാക്കി. സമാധാന പാലകര്‍ അനുഗൃഹീതരാണ് (മത്തായി 5,9) എന്ന ക്രിസ്തുവിന്‍റെ പ്രബോധനം, മനുഷ്യന്‍ സമാധാനത്തിനായി വിളിക്കപ്പെട്ടവനാണെന്നും, സമാധാനം ദൈവികദാനവും ഒപ്പം മനുഷ്യന്‍റെ പരിശ്രമ ഫലമാണെന്നും വെളിപ്പെടുത്തുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവഹിതത്തിന് അനുയോജ്യമായി ജീവിക്കുന്നതാണ് ആന്തരിക സമാധാനമെന്നും, അത് അനുദിന ജീവിതത്തില്‍ സഹോദരങ്ങളോടൊപ്പമുള്ള ജീവിതത്തില്‍ പ്രതിഫലിപ്പിക്കുമ്പോള്‍ ബാഹ്യമായ സമാധാന അന്തരീക്ഷം രൂപമെടുക്കുമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.