2013-01-04 08:57:21

അഖണ്ഡ ദിവ്യകാരുണ്യ ആരാധന
പാപ്പായുടെ പുതുവര്‍ഷത്തെ ശ്രദ്ധേയമാക്കും


3 ജനുവരി 2013, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പായുടെ 2013-ാമാണ്ടിലെ പരിപാടികള്‍ അധികവും വിശ്വാസവത്സരവുമായി ബന്ധപ്പെട്ടതെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
2013-ാമാണ്ടിലെ ഏറ്റവും ശ്രദ്ധേയമാകുന്ന പാപ്പായുടെ പരിപാടി ജൂലൈ മാസത്തിന്‍റെ അന്ത്യത്തില്‍ ബ്രസീലിലെ റിയോ നഗരത്തില്‍ അരങ്ങേറുന്ന ലോക യുവജന മേളയാണെങ്കിലും, പ്രബോധനാത്മകവും സുവിശേഷവത്ക്കരണപരവുമായ നിരവധി പരിപാടികള്‍കൊണ്ട് നിറഞ്ഞതാണ് പാപ്പായുടെ പുതുവത്സരമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ മാധ്യമങ്ങളെ അറിയിച്ചു.

സ്നേഹത്തെയും പ്രത്യാശയെയും കുറിച്ച് പാപ്പ പ്രകാശനം ചെയ്തിട്ടുള്ള കാരിത്താസ് ഇന്‍ വേരിത്താത്തെ, സ്പെ സാല്‍വി എന്നീ പ്രമാണരേഖകളുടെ പൂര്‍ത്തീകരണമായി, ദൈവശാസ്ത്ര പുണ്യമായ വിശ്വാസത്തെക്കുറിച്ച് തയ്യാറാക്കുന്ന, ഇനിയും നാമകരണം ചെയ്യപ്പെടാത്ത ചാക്രികലേഖനം പാപ്പായുടെ നവവത്സര പദ്ധതിയില്‍ പെട്ടതാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.
നവയുഗത്തിലെ ശാസ്ത്രസാങ്കേതിക വിദ്യയുടെ വികസനങ്ങള്‍ പരിഗണിച്ച് ജീവന്‍റെ പരിചരണ മേഖലയില്‍ പ്രകടമായി വരുന്ന ഗര്‍ഭച്ഛിദ്രം, കാരുണ്യവധം, വിത്തു-കോശ ചികിത്സ, ക്ലോണിങ്ങ് എന്നീ വിഷയങ്ങളില്‍ സഭയുടെ നിലപാടു വ്യക്തമാക്കുന്ന മറ്റൊരു പ്രമാണരേഖയുടെ പ്രകാശനവും പാപ്പ 2013-ലെ ജൂണ്‍ മാസത്തില്‍ പദ്ധതിയൊരുക്കിയിട്ടുള്ളതാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

ജൂണ്‍ രണ്ടിന്‍റെ, ദിവ്യകാരുണ്യ തിരുനാളില്‍ (corpus christi തിരുനാളില്‍) ആചരിക്കുവാന്‍ പദ്ധതിയിട്ടിട്ടുള്ള ഒരു മണിക്കൂര്‍ നീണ്ടുനില്ക്കുന്ന പരിശുദ്ധ കുര്‍ബ്ബനായുടെ ആഗോളതലത്തിലുള്ള അഖണ്ഡ ആരാധനയും പാപ്പാ പങ്കെടുക്കുന്ന 2013-ലെ ശ്രദ്ധേയമായ സംഭവമാണ്.

വത്തിക്കാനില്‍ പതിവുള്ള കൂടിക്കാഴ്ചകള്‍, ത്രികാല പ്രാര്‍ത്ഥന പ്രഭാഷണങ്ങള്‍, ആരാധനക്രമ ആഘോഷങ്ങള്‍ എന്നിവയ്ക്കു പുറമേ, വിശ്വാസവത്സരവുമായി ബന്ധപ്പെട്ട് റോമില്‍ സംഘടിപ്പിക്കുന്ന വിവിധ സമ്മേളനങ്ങളും പരിപാടികളും പാപ്പായുടെ 2013-നെ നിറച്ചുകഴിഞ്ഞുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.








All the contents on this site are copyrighted ©.