2013-01-03 18:27:05

പ്രത്യക്ഷീകരണ തിരുനാളിന്‍റെ സന്ദേശവുമായി
വര്‍ണ്ണാഭയാര്‍ന്ന ഘോഷയാത്ര


3 ജനുവരി 2013, റോം
പ്രത്യക്ഷീകരണ തിരുനാളിന്‍റെ സന്ദേശവുമായി ജനുവരി 6-ാം തിയതി, ഞായറാഴ്ച വര്‍ണ്ണാഭയാര്‍ന്ന ഘോഷയാത്ര വത്തിക്കാനില്‍ അരങ്ങേറും.
ക്രിസ്തുവിന്‍റെ ജനത്തിന്‍റെ സാര്‍വ്വലൗകിക രക്ഷാദൗത്യം വെളിപ്പുടുത്തുന്നതാണ് യൂറോപ്പിലെ വിവിധ നഗരങ്ങളിലെ സാംസ്കാരിക- സന്നദ്ധ സംഘടനകള്‍ ഒത്തുചേര്‍ന്നൊരുക്കുന്ന ‘വീവാ ലാ എപ്പിഫാനിയ’ viva la epiphania ഘോഷയാത്ര.

കുതിരപ്പുറത്തും, ഒട്ടകപ്പുറത്തുമെത്തുന്ന പൂജരാജക്കളെ കൂടാതെ, യൂറോപ്പിന്‍റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന വേഷവിദാനങ്ങളും, അനുദിന ജീവിത രംഗങ്ങളും, നാടന്‍ കലാരൂപങ്ങളും, വാദ്യമേളങ്ങളും, ക്രിസ്തുമസ്സ് രംഗചിത്രീകരണങ്ങളും സംഗമിക്കുന്ന വന്‍ഘോഷയാത്ര വത്തിക്കാന്‍റെ രാജവീഥി via della conciliazione കടന്ന് ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സംഗമിക്കും.
ബനഡിക്ട് 16-ാമന്‍ പാപ്പ നയിക്കുന്ന ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഘോഷയാത്ര, പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍‍ പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും.

ഇറ്റിലിയിലെ അറേസ്സോ നഗര വാസികളുടെ നേതൃത്വത്തില്‍ സംഘടിക്കപ്പെടുന്ന എപ്പിഫനിയ സാംസ്ക്കാരിക ഘോഷയാത്രയുടെ 28-ാമത്തെ ദൃശ്യോത്സവമാണിത്.

സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതീകമായ
ഈ സാംസ്ക്കാരിക ഘോഷയാത്ര യൂറോപ്പിന്‍റെ വിശ്വാസ പൈതൃകത്തിന്‍റെയും, പരിശുദ്ധ സിംഹാസനത്തോടും പത്രോസിന്‍റെ പിന്‍ഗാമിയോടും യൂറോപ്പിലെ ജനതയ്ക്കുള്ള ഭക്തിയുടെയും ആദരവിന്‍റെയും പ്രതീകമാണെന്നും ചരിത്ര ഘോഷയാത്രയുടെ സംഘാടക സമിതി വക്താവ്, മാര്‍ക്കോ മാക്സ്മില്യാനോ അറിയിച്ചു.









All the contents on this site are copyrighted ©.