2013-01-02 12:49:34

നൈജീരിയായില്‍ ദേവാലയത്തിനു നേരെ ആക്രമണം – പതറാതെ വിശ്വാസസമൂഹം


01 ജനുവരി 2013, ബോര്‍നോ
വടക്കു കിഴക്കന്‍ നൈജീരിയായില്‍ വീണ്ടും ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം. ബോര്‍നോ സംസ്ഥാനത്തെ ചിബുക്കില്‍ ഡിസംബര്‍ 30ന് നടന്ന ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാജ്യത്ത് ശരിയത്ത് നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ബൊക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു.
ജോസ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഇഗ്നാത്തിയോസ് കയിഗ്മ ആക്രമണത്തെ അതിശക്തമായി അപലിച്ചു. ക്രൈസ്തവ വിശ്വാസം തകര്‍ക്കാനാണ് അക്രമികള്‍ ശ്രമിക്കുന്നത്. എന്നാല്‍ അത് അസാധ്യമാണെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. ‘രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണില്‍ സഭാ തരു തഴച്ചുവളര്‍ന്നു’ എന്ന് റോമിലെ ക്രൈസ്തവ രക്തസാക്ഷികളെക്കുറിച്ച് തെര്‍ത്തൂല്യന്‍ പറഞ്ഞത് ഇന്ന് നൈജീരിയയിലും യാഥാര്‍ത്ഥ്യമാകുകയാണെന്ന് ആര്‍ച്ചുബിഷപ്പ് കയിഗ്മ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.