2013-01-02 12:55:28

ദൈവം നമുക്കു നല്‍കുന്ന സമാധാനം ഇല്ലാതാക്കാന്‍ ഒന്നിനും കഴിയില്ല: മാര്‍പാപ്പ


01 ജനുവരി 2013, വത്തിക്കാന്‍
സമാധാന സ്ഥാപനത്തിനുള്ള പ്രവര്‍ത്തനങ്ങളും ലോകത്തു വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. 2013 ജനുവരി 1ന്, പുതുവര്‍ഷ പുലരിയില്‍ രാവിലെ 9.30ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ.
മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വത്തിക്കാന്‍ സെക്രട്ടറിയേറ്റിലേയും പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ കാര്യാലയങ്ങളുടേയും മേലധ്യക്ഷന്‍മാര്‍ സഹകാര്‍മ്മികരായിരുന്നു. ദരിദ്രരും ധനികരും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന അന്തരവും മുതലാളിത്ത സാമ്പത്തികവ്യവസ്ഥയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സ്വാര്‍ത്ഥലാഭവും മൂലം ലോകത്ത് സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെടുന്നുണ്ട്. അതുകൂടാതെ ഭീകരവാദത്തിന്‍റെയും ഇതര കുറ്റകൃത്യങ്ങളുടേയും നൂതന രൂപങ്ങള്‍ക്കും ലോകമിന്നു സാക്ഷിയാണ്. നിര്‍ഭാഗ്യകരമായ ഈ അവസ്ഥയിലും സമാധാന സ്ഥാപനത്തിനുള്ള ശ്രമങ്ങള്‍ പൂര്‍വ്വാധികരം ശക്തിപ്രാപിക്കുകയാണെന്ന് മാര്‍പാപ്പ നീരീക്ഷിച്ചു. സമാധാനസ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകര്‍ ഇന്നു ലോകത്തിലുണ്ട്. സമാധാനത്തിനായുള്ള മനുഷ്യന്‍റെ ജന്മവാസനയ്ക്ക് സാക്ഷൃം നല്‍കുന്നവരാണ് അവര്‍. എല്ലാവരിലും സമാധാനത്തിനായുള്ള ആന്തരിക പ്രചോദനമുണ്ട്. സന്തോഷത്തോടെ ജീവിക്കാനും ജീവിത സാക്ഷാത്ക്കാരം പ്രാപിക്കാനുമുള്ള ആഗ്രഹം ഈ പ്രചോദനവുമായി ഏകീഭവിച്ചിരിക്കുന്നു. ദൈവിക ദാനമായ സമാധാനത്തിനായാണ് മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൈവിക ദാനമായ സമാധാനം ദൈവിക വദനത്തിന്‍റെ പ്രഭയോടു ബന്ധപ്പെട്ടിരിക്കുന്നു. ഈ ദൈവിക ദാനം കരഗതമാകുന്നതെങ്ങനെയാണെന്ന് സംഖ്യയുടെ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട് “കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു തന്‍റെ തിരുമുഖം നിന്‍റെ മേല്‍ പ്രകാശിപ്പിച്ചു നിനക്കു കൃപയേകട്ടെ. തന്‍റെ തിരുമുഖം ഉയര്‍ത്തി നിനക്കു സമാധാനം നല്‍കട്ടേ” (സംഖ്യ 6,24-26). ദൈവം നമുക്കു നല്‍കുന്ന സമാധാനം ഇല്ലാതാക്കാന്‍ ഒന്നിനും കഴിയില്ല. ജീവിതത്തിലെ പ്രതിസന്ധികളും സഹനവും ആ സമാധാനം കാര്‍ന്നു തിന്നുകയില്ല. മറിച്ച് നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ നമ്മില്‍ സമൃദ്ധമായിചൊരിയപ്പെട്ടിരിക്കുന്ന ദൈവസ്നേഹം മൂലം അവ നമുക്ക് പ്രത്യാശയ്ക്കു കാരണമാകുന്നുവെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.

ദൈവമാതാവിന്‍റെ തിരുനാള്‍ ദിനമായ ജനുവരി ഒന്നിന് സാര്‍വ്വത്രിക സഭ ലോകസമാധാന ദിനവും ആചരിക്കുന്നു. ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍’എന്നതാണ് ഇക്കൊല്ലത്തെ ലോകസമാധാന ദിനത്തിന്‍റെ പ്രമേയം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ലോകസമാധാന ദിന സന്ദേശം ഡിസംബര്‍ 14ന് പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചിരുന്നു. ‘സമാധാനം സാധ്യമാണ്, അതു വെറുമൊരു സ്വപ്നമല്ലെന്ന്’ 46ാമത് ലോക സമാധാന ദിനസന്ദേശത്തില്‍ മാര്‍പാപ്പ പ്രസ്താവിച്ചു. എന്നാല്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ ഉപരിപ്ലവത വെടിഞ്ഞ് സ്വന്തം അന്തരാത്മാവിലേക്കു പ്രവേശിക്കേണ്ടതുണ്ട്. ഒരു പുതിയ ലോകം നിര്‍മ്മിക്കാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നവരാണ് നാമേവരും. യഥാര്‍ത്ഥ സമാധാനം സ്ഥാപിക്കാന്‍ കരുണാമയനായ ദൈവപിതാവുമായി നിരന്തര സമ്പര്‍ക്കം അനിവാര്യമാണ്. എങ്കില്‍ മാത്രമേ സമാധാനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് യഥാര്‍ത്ഥ ദൈവമക്കളായി നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കൂ. പാപവും പാപത്തിന്‍റെ വിവിധ രൂപങ്ങളായ സ്വാര്‍ത്ഥത, അക്രമം, അത്യാഗ്രഹം, വെറുപ്പ്, വിദ്വേഷം, അധികാരമോഹം, ആധിപത്യം, അസഹിഷ്ണുത, അനീതി എന്നിവയും സമാധാനത്തിനു വിഘാതമാണെന്ന് സന്ദേശത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു. ദൈവം മനുഷ്യഹൃദയങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്ന സ്വാഭാവിക ധാര്‍മ്മിക നിയമങ്ങള്‍ പരിലസിക്കുന്ന അവസ്ഥ സമാധാന സ്ഥാപനത്തിന് അത്യന്താപേക്ഷിതമാണ്. സമാധാനത്തിന്‍റെ ധാര്‍മ്മികത കൂട്ടായ്മയുടേയും പങ്കുവയ്പ്പിന്‍റേയും ധാര്‍മ്മികതയാണെന്നും പാപ്പ വ്യക്തമാക്കി. സാമ്പത്തിക വികസനത്തിന്‍റേയും പുരോഗതിയുടേയും പുതിയ മാതൃകകള്‍ക്കു രൂപം നല്‍കേണ്ടതിന്‍റെ ആവശ്യകത, സമാധാന സ്ഥാപനത്തില്‍ കുടുംബങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കുമുള്ള പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ലോക സമാധാന ദിന സന്ദേശത്തില്‍ മാര്‍പാപ്പ പ്രതിപാദിച്ചിട്ടുണ്ട്.









All the contents on this site are copyrighted ©.