2013-01-02 12:35:52

തിരുക്കുടുംബം ക്രൈസ്തവ കുടുംബങ്ങള്‍ക്കു മാതൃക : മാര്‍പാപ്പ


(ബ‍െനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഡിസംബര്‍ 30ാം തിയതി ഞായറാഴ്ച നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)
പ്രിയ സഹോദരീ സഹോദരന്‍മാരേ,

ഇന്ന് തിരുക്കുടുംബത്തിന്‍റെ തിരുനാളാണ്. തങ്ങളുടെ മതപാരമ്പര്യ അനുഷ്ഠാനങ്ങളില്‍ വിശ്വസ്തരായ വി.യൗസേപ്പും പരിശുദ്ധ കന്യാകാമറിയവും പന്ത്രണ്ടു വയസ്സുകാരനായ യേശുവിനെയും കൂട്ടി പെസഹാതിരുന്നാള്‍ ആഘോഷിക്കാന്‍ ജറുസലേമിലേക്കു പോകുന്ന സംഭവമാണ് വി.ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത്. യേശു ആദ്യമായി ദേവാലയത്തില്‍ പ്രവേശിച്ചത് നാല്‍പതു ദിവസം പ്രായമുള്ളപ്പോഴായിരുന്നു. ഒരു ജോടി ചെങ്ങാലികളെയോ, പ്രാവിന്‍ കുഞ്ഞുങ്ങളെയോ ആണ് അവന്‍റെ മാതാപിതാക്കള്‍ അന്ന് ബലിയര്‍പ്പിച്ചത്. ദരിദ്രരാണ് അപ്രകാരം ബലിയര്‍പ്പിച്ചിരുന്നത്. ദരിദ്രരുടേയും ദാരിദ്ര്യത്തിന്‍റെയും ദൈവശാസ്ത്രം തെളിഞ്ഞു നില്‍ക്കുന്ന വി.ലൂക്കായുടെ സുവിശേഷം, യേശുവിന്‍റെ കുടുംബം ഇസ്രയേലിലെ ദരിദ്രകുടുംബങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നതെന്ന് വിശദീകരിക്കുന്നു. ദരിദ്രരുടെ ഇടയിലാണ് വാഗ്ദാനത്തിന്‍റെ പൂര്‍ത്തികരണം സംഭവിക്കുന്നതെന്നും സുവിശേഷകന്‍ നമുക്ക് മനസിലാക്കി തരുന്നു.
ഇപ്പോള്‍ ഒരിക്കല്‍ കൂടി യേശു ദേവാലയത്തിലെത്തിയിരിക്കുകയാണ്. ആദ്യത്തേതു പോലെയല്ല ഇത്തവണത്തെ വന്നിരിക്കുന്നത്. ഇപ്പോള്‍ യേശുവിന്‍റെ ദൗത്യം വ്യത്യസ്തമാണ്. അവന്‍ സ്വയം പ്രവര്‍ത്തിക്കുന്നു. മറിയത്തോടും യൗസേപ്പിനോടുമൊപ്പം പതിമൂന്ന് വയസു തികയാത്ത യേശുവും ജറുസലേമിലേക്കു തീര്‍ത്ഥാടനം നടത്തി. തിരുക്കുടുംബത്തിന്‍റെ ഗാഢമായ ഭക്തിയാണ് ഇതു സൂചിപ്പിക്കുന്നത്.
യേശുവിന്‍റെ മാതാപിതാക്കള്‍ തീര്‍ത്ഥാടനത്തിനുശേഷം നസ്രത്തിലേക്കു മടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ നടന്നത്. തന്‍റെ മാതാപിതാക്കളോട് ഒന്നും പറയാതെ യേശു ജറുസലേം നഗരത്തില്‍തന്നെ തങ്ങി. മൂന്നൂ നാളത്തെ അന്വേഷണത്തിനു ശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. ഉപാദ്ധ്യായന്‍മാരോടു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവന്‍. യേശുവിനോട് വിശദീകരണം തേടിയ മാതാപിതാക്കളോട് അതില്‍ അത്ഭുതപ്പെടാന്‍ ഒ ന്നുമില്ലെന്ന് യേശു പറഞ്ഞു. കാരണം അത് അവന്‍റെ ആലയമാണ്, ദൈവപിതാവിനോടൊപ്പം അവന്‍ ആയിരിക്കുന്ന ഇടം. ഒരിജിന്‍ എഴുതുന്നത് ഇപ്രകാരമാണ്. നമുക്കു സ്വയം വെളിപ്പെടുത്തിയ പിതാവിന്‍റെ പുത്രനാണ് താനെന്നും, താന്‍ തന്‍റെ പിതാവിന്‍റെ ആലയത്തിലാണെന്നും യേശു നടത്തുന്ന പ്രഖ്യാപനമാണത്.
യേശുവിനെ പ്രതി മറിയവും വിശുദ്ധ യൗസേപ്പും അനുഭവിച്ച ഉത്കണ്ഠ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കി ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് അവരെ കൈപിടിച്ചു നയിക്കുന്ന എല്ലാ മാതാപിതാക്കളും അനുഭവിക്കുന്നുണ്ട്. ഇന്ന് ലോകത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേകമായി നമുക്ക് കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം. നസ്രത്തിലെ തിരുക്കുടംബത്തെ അനുകരിച്ചുകൊണ്ട്, മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഉത്തരവാദിത്വപൂര്‍വ്വം വളര്‍ത്തുകയും അവര്‍ക്കു ഉത്തമ വിദ്യാഭ്യാസം നല്‍കുകയും ചെയ്യട്ടേ. തങ്ങളുടെ മക്കളില്‍ വിശ്വാസമെന്ന ദാനം പരിപോഷിപ്പിക്കേണ്ടതുണ്ട് എന്ന വസ്തുത മാതാപിതാക്കള്‍ മറന്നുപോകരുത്. സ്വജീവിത മാതൃകയിലൂടെ അവര്‍ക്കു വിശ്വാസപരിശീലനം നല്‍കണം. അങ്ങനെ ഉത്തരവാദിത്വബോധവും സത്യസന്ധരുമായ പൗരന്‍മാരായി മക്കളെ വളര്‍ത്തിക്കൊണ്ടു വരാന്‍ മാതാപിതാക്കള്‍ക്കു സാധിക്കട്ടെ. അതോടൊപ്പം ഓരോ കുഞ്ഞും ദൈവത്തിന്‍റെ ദാനമായി സ്വീകരിക്കപ്പെടുന്നതിനുവേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം. മാതാപിതാക്കളുടെ സ്നേഹലാളനങ്ങള്‍ ഏറ്റുവാങ്ങി കര്‍ത്താവായ ക്രിസ്തുവിനെപ്പോലെ ‘ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റേയും മനുഷ്യരുടേയും പ്രീതിയില്‍’ വളരാന്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും സാധിക്കട്ടെ. പരിശുദ്ധ മറിയത്തിന്‍റേയും യൗസേപ്പിതാവിന്‍റേയും സ്നേഹവും വിശ്വസ്തതയും സമര്‍പ്പണവും എല്ലാ ക്രൈസ്തവ ദമ്പതികള്‍ക്കും മാതൃകയായിരിക്കട്ടെ. ദൈവം നല്‍കിയ ദാനമായ മക്കളുടെ സുഹൃത്തുക്കളോ ഉടമസ്ഥരോ അല്ല, പ്രത്യുത അതുല്യമായ ദൈവിക ദാനം കാത്തുപാലിക്കേണ്ട രക്ഷാകര്‍ത്താക്കളാണവര്‍.
നീതിമാനായ യൗസേപ്പിന്‍റെ മൗനവും എല്ലാക്കാര്യങ്ങളും ഹൃദയത്തില്‍ സംഗ്രഹിച്ച മറിയത്തിന്‍റെ മാതൃകയും തിരുക്കുടുംബത്തിന്‍റെ വിശ്വാസത്തിന്‍റേയും മാനവികതയുടേയും ദിവ്യരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമ്മെ സഹായിക്കട്ടെ. യേശുവിന്‍റെയും മറിയത്തിന്‍റേയും യൗസേപ്പിന്‍റേയും കുടുംബത്തിനുണ്ടായിരുന്ന അതേ സ്നേഹത്തോടും ആനന്ദത്തോടും കൂടി ദൈവിക സാന്നിദ്ധ്യത്തില്‍ ജീവിക്കാന്‍ എല്ലാ കുടുംബങ്ങള്‍ക്കും സാധിക്കട്ടെ.......








All the contents on this site are copyrighted ©.