2013-01-02 08:48:29

തിന്മയുടെ ശക്തിക്കപ്പുറവും
ലോകത്ത് നന്മയുണ്ടെന്ന് പാപ്പ


1 ജനുവരി 2013, വത്തിക്കാന്‍
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഡിസംമ്പര്‍ 31-ാം തിയതി തിങ്കളാഴ്ച വര്‍ഷാന്ത്യം അനുസ്മരിച്ചുകൊണ്ടും, ജനുവരി 1-ന് പുതുവത്സര ദിനത്തില്‍ ആചരിക്കുന്ന ദൈവമാതാവിന്‍റെ തിരുനാളിന് ഒരുക്കമായും ബനിഡിക്ട് 16-ാമന്‍ പാപ്പ സായാഹ്ന പ്രാര്‍ത്ഥന നയിച്ചു. പ്രാര്‍ത്ഥനയെ തുടര്‍ന്ന് സ്തോത്രഗീതത്തോടെയുള്ള പരിശുദ്ധ കുര്‍ബ്ബനായുടെ ആശിര്‍വ്വാദവും പാപ്പ നല്കുകയുണ്ടായി. കഴിഞ്ഞൊരു വര്‍ഷത്തിന് ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് പുതുവര്‍ഷത്തില്‍ പ്രത്യാശയോടെ മുന്നോട്ടു ചരിക്കുവാന്‍ പാപ്പാ നല്കുന്ന ചിന്തകളാണ് താഴെ.

‘ദൈവമേ, അങ്ങ് ഞങ്ങളുടെ പ്രത്യാശയാണെങ്കില്‍ ജീവിതയാത്രയില്‍ ഞങ്ങള്‍ക്ക് വഴിതെറ്റുകയില്ല,.’ കഴിഞ്ഞൊരു വര്‍ഷം എപ്രകാരം ഉള്ളതായിരുന്നാലും - നല്ലതോ മോശമോ, ഫലപ്രദമോ ഫലശൂന്യമോ, സമൃദ്ധമോ ദരിദ്രമോ എന്തുമാവട്ടെ, ദൈവത്തിനു നന്ദിപറയുന്നതില്‍ ആഴമായ അര്‍ത്ഥമുണ്ട്. തിന്മയും മോശവുമായ അനുഭവങ്ങള്‍ക്കും സംഭവ വികാസങ്ങള്‍ക്കും അപ്പുറം ഈ ലോകത്ത് നന്മയുണ്ടെന്ന അറിവും യാഥാര്‍ത്ഥ്യവുണ് ഈ നന്ദിപ്രകടനം വെളിപ്പെടുത്തുന്നത്. ഈ നന്മയാണ് അവസാനം വിജയം കൈവരിക്കുക. ഈ നന്മ നമുക്ക് വെളിപ്പെടുത്തി തന്ന മനുഷ്യനായി അവതരിച്ച്, മരിച്ച്, ഉത്ഥാനംചെയ്ത ക്രിസ്തുവായ ദൈവത്തിന് ഈ സുദിനത്തില്‍ നന്ദിപറയാം. തിന്മ തിങ്ങിയ ലോകത്ത് മറഞ്ഞുകിടക്കുന്ന നന്മയുടെ യാഥാര്‍ത്ഥ്യം, തെളിവുള്ളതെങ്കിലും അംഗീകരിക്കുക എളുപ്പമല്ല. കാരണം തിന്മ അത്രയേറെ ശക്തമാണ്. നന്മയുടെമേല്‍ തിന്മ ആധിപത്യം പുലര്‍ത്തുന്നുണ്ട്.

ഒരു ഭാഗത്ത് - നീചമായ കൊലപാതകങ്ങള്‍, വളരുന്ന അധിക്രമങ്ങള്‍, അനുദിനം നടക്കുന്ന അനീതിയുടെ പ്രവൃത്തികള്‍ എന്നിവ മാധ്യമങ്ങളിലൂടെ അറിയുമ്പോള്‍, മറുഭാഗത്ത് - സേവനത്തിന്‍റെയും സ്നേഹത്തിന്‍റെയും, അനുദിനം പങ്കുവയ്ക്കുന്ന വിശ്വസ്തതയുടെയും ക്ഷമയുടെയും ധാരാളമായ
കഥകള്‍ തിന്മയുടെ കരിനിഴലില്‍ മങ്ങിപ്പോകുന്നു. അതുകൊണ്ട് ലോകത്തുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കുകയാണെങ്കില്‍ തിന്മ കുമിഞ്ഞുപൊങ്ങുന്ന ഇന്നിന്‍റെ കെട്ടുപിണഞ്ഞ സാമൂഹ്യ ശൃംഖലയില്‍ നാം കുടുങ്ങിപ്പോകരുത്. ജീവിതത്തിന്‍റെ പരക്കംപാച്ചിലില്‍ അല്പം നില്കുവാനും ചിന്തിക്കുവാനും ധ്യാനിക്കുവാനും സമയം കണ്ടെത്തണം. നമ്മുടെ ലോകത്തും ജീവിതത്തിലും നടമാടുന്ന സംഭവങ്ങളിലേയ്ക്ക് ധ്യാനത്തിലൂടെ ഇറങ്ങിച്ചെന്ന് മാനുഷിക പ്രതിസന്ധികളെ നവമായൊരു നോട്ടപ്പാടില്‍ വിലയിരുത്തിയെങ്കില്‍ മാത്രമേ അനുദിനജീവിതത്തിന്‍റെ മുറിപ്പാടുകള്‍ സൗഖ്യപ്പെടുത്തി മുന്നോട്ടു നീങ്ങാനാവൂ.

നമ്മിലും നമുക്കു ചുറ്റും തിന്മയുടെ ശക്തികള്‍ ഉയരുമ്പോഴും, മനസ്സാക്ഷിയെ സ്വരൂപിക്കുന്ന ധ്യാനത്തിലൂടെ ദൈവികസ്വരത്തിനു കാതോര്‍ത്തുകൊണ്ട് സത്യത്തിന്‍റെ ദര്‍ശനം നമ്മുടെ എല്ലാ പ്രവൃത്തികളിലും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കാം. അങ്ങനെ മാത്രമേ നവീകരണത്തിന്‍റ നന്മയുള്ളതും ബുദ്ധിപൂര്‍വ്വകവുമായ ജീവിതമാര്‍ഗ്ഗത്തിലൂടെ തിന്മയെ നന്മകൊണ്ട് അതിജീവിച്ച്, നമുക്കു ചുറ്റും ഐക്യദാര്‍ഢ്യവും കൂട്ടായ്മയും വളര്‍ത്തിയെടുക്കാനാവൂ. ദൈവത്തെ മറന്ന് മനുഷ്യന്‍ മെനഞ്ഞെടുക്കുന്ന തിന്മയുടെ ഇരുട്ടില്‍ ക്രൈസ്തവന്‍ പ്രത്യാശയോടെ മുന്നോട്ടു ചരിക്കണം. “വിശ്വാസത്തിന് മലയെ മറിക്കാനും കെല്പുണ്ട്” (മത്തായി 17, 20) എന്നോര്‍ക്കണം. തിന്മയുടെ കൂരിരുട്ടിനെയും പ്രകാശപൂരിതമാക്കാന്‍ ദൈവത്തിനു സാധിക്കും.

ആഴമായ പ്രത്യാശയുടെയും നല്ല ജീവിതത്തിന്‍റെയും ഉറവിടം ക്രിസ്തുവാണെന്ന ചിന്ത ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ വളര്‍ത്താനാണ് വിശ്വാസവത്സരത്തില്‍ സഭ ആഗ്രഹിക്കുന്നത്.
പാപത്തിന്‍റെ നീര്‍ക്കയത്തില്‍നിന്നും മോചിതരായി ഇനിയും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള നവീകരണശക്തി ക്രിസ്തുവിലുള്ള വിശ്വാസമാണ്. ദൈവത്തിന്‍റെ അപരിമേയമയാ സ്നേഹം വെളിപ്പെടുത്തുന്നതും നമ്മെ അവിടുത്തോട് ഒന്നിപ്പിക്കന്നതും – മാംസം ധരിച്ച വചനമായ ക്രിസ്തുവാണ്. അതിനാല്‍ നാം ആരംഭിക്കുന്ന പുതുവര്‍ഷത്തില്‍ നമ്മെ മുന്നോട്ടു നയിക്കുന്നതും ക്രിസ്തു വെളിപ്പെടുത്തിത്തന്ന ദൈവസ്നേഹമാവട്ടെ. ജീവിത വ്യഗ്രതകളില്‍ മുങ്ങിപ്പോകാന്‍ സാദ്ധ്യതയുള്ളതും, എന്നാല്‍ എല്ലാ മനുഷ്യരുടെയും ഉള്ളിന്‍റെ ഉള്ളില്‍ എരിയുന്നതുമായ സത്യത്തിനായുള്ള ദാഹമാണ് ക്രിസ്തുവില്‍നിന്നും സഭ സ്വീകരിച്ച സുവിശേഷവത്ക്കരണ ദൗത്യം. വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും വിശ്വാസത്തിന്‍റെ വേരുകള്‍ അറ്റുപോകുന്ന വിധത്തില്‍ സാമൂഹ്യ-സാംസ്കാരിക ചുറ്റുപാടുകള്‍ രൂക്ഷമാകുന്ന ലോകത്ത് ഈ പ്രേഷിതദൗത്യം, സത്യത്തിന്‍റെ സുവിശേഷം ലോകത്തിന് അനിവാര്യമാണ്.


നിത്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോമില്‍പ്പോലും ക്രൈസ്തവ വിശ്വസം നവമായി പ്രഘോഷിക്കപ്പെടുകയും വിശ്വാസ്യമാംവിധം സാക്ഷൃപ്പെടുത്തുകയും ചെയ്യേണ്ടത് ഇന്ന് ആവശ്യമായിരിക്കുകയാണ്. ഒരു വശത്ത് - പെരുകിവരുന്ന ഇതര മതങ്ങളും, പുതിയ തലമുറയെ ആകര്‍ഷിക്കാനാവാതെ ശൂന്യമാകുന്ന നമ്മുടെ ഇടവകകളും, പൊന്തിവരുന്ന വ്യക്തിമഹാത്മ്യവാദവും, ധാര്‍മ്മിക ആപേക്ഷികാസിദ്ധാന്തവും കാണാം. മറുഭാഗത്ത്- ധാരാളം പേര്‍ അനുഭവിക്കുന്ന ജീവിതത്തിന്‍റെ അര്‍ത്ഥമില്ലായ്മയും പൊള്ളത്തരവും. ഇവയ്ക്കു മുന്നില്‍ നിസ്സംഗരായി നോക്കിനില്കുന്നതിനു പകരം പ്രത്യാശയോടെ വിശ്വാസ നവീകരണത്തിനായി പരിശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ, “മറ്റുള്ളവരോടെന്നപോലെ, റോമാ നിവാസികളായ നിങ്ങളോടും സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു”
(റോമ. 1, 14).

സഭ നല്കേണ്ട ക്രിസ്തു സാക്ഷൃത്തിന്‍റെയും ശിഷ്യത്വത്തിന്‍റെയും പ്രഥമ പ്രായോഗിക മേഖല പരിശുദ്ധ കുര്‍ബ്ബാനയാണ്. ജീവിത ഏകീകരണത്തിന്‍റെയും കൂട്ടായ്മയുടെയും വേദിയാണത്. മാതാപിതാക്കളും മക്കളും പരസ്പരം അന്യവത്ക്കരിക്കപ്പെട്ടുപോകുന്ന ആധുനിക നഗരിക സംസ്ക്കാര വ്യഗ്രതയില്‍ ദിവ്യകാരുണ്യത്തിന്‍റെ പിന്‍തുണയാണ് തളരുന്ന ജീവിതങ്ങള്‍ക്ക് ആത്മീയ ശക്തി പകരേണ്ടത്.
കുടുംബ പ്രേഷിത ജോലിയില്‍ വ്യാപൃതരായിരിക്കുന്നവരുടെ പ്രത്യേക ശ്രദ്ധ ജ്ഞാനസ്നാനാര്‍ത്ഥികളിലും അതിനുശേഷമുള്ള യുവാക്കളുടെ വളര്‍ച്ചയുടെയും രൂപീകരണത്തിന്‍റെയും കാലഘട്ടത്തിലും ഉണ്ടാകേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ജ്ഞാനസ്നാനത്തില്‍ കുഞ്ഞുങ്ങള്‍ക്കു ലഭിക്കുന്ന വിശ്വസവിളക്ക് അണഞ്ഞുപോകാതെ സൂക്ഷിക്കാന്‍ കുട്ടികളെയും മാതാപിതാക്കളെയും കുടുംബങ്ങളെയും പിന്‍തുണയ്ക്കുന്ന അര്‍പ്പണമുള്ള അജപാലനശ്രൂഷകര്‍ ഇന്ന് അത്യന്താപേക്ഷിതമാണ്.

വചനം ശ്രവിക്കാനും, ക്രൈസ്തവ ജീവിതാനുഭവം പങ്കുവയ്ക്കാനും, വിശ്വാസ സമൂഹത്തിന്‍റെ ഭാഗമായിരിക്കാനും, അങ്ങനെ ക്രിസ്തുവുമായുള്ള സ്നേഹത്തില്‍ ജീവിക്കുവാനും സഹായിക്കുന്ന വളരെ പ്രായോഗികമായ അജപാലന ശുശ്രൂഷയാണിത്. വളരുന്ന തലമുറയുടെ ആത്മീയ ജീവനെ പരിപോഷിപ്പിക്കുന്ന സഭ ‘സ്നേഹമുള്ള അമ്മ’യാണെന്ന അനുഭവമാണ് ഈ അജപാലന ശുശ്രൂഷയില്‍ ലഭ്യമാക്കേണ്ടത്. ഇനി ക്രിസ്തുവിനെ അറിയാത്തവരുടെ മദ്ധ്യേ സുവിശേഷം പ്രഘോഷിക്കുന്നതിന് വിശ്വാസ സത്യങ്ങളെക്കുറിച്ചുള്ള ആഴമുള്ളതും ശരിയുമായ അറിവ് സമ്പാദിക്കേണ്ടതും പങ്കുവയ്ക്കേണ്ടതും അനിവാര്യമാണ്. നഗരങ്ങളില്‍ ഇന്നു കൗണ്‍സിലിംഗ് സെന്‍ററുകള്‍ ഉണ്ടെങ്കിലും, അജപാലന ശുശ്രൂഷകരുടെ വിശിഷ്യാ, അജപാലന ശുശ്രൂഷയില്‍ വൈദഗ്ദ്ധ്യമുള്ള അല്മായരുടെ ക്രമാനുഗതമായ രൂപീകരണം രൂപതാ തലങ്ങളില്‍ നടക്കേണ്ടതാണ്. അവരാണ് സുവിശേഷത്തിന്‍റെ അലയടി എങ്ങും എവിടെയും എത്തിക്കേണ്ടത്.

യഥാര്‍ത്ഥത്തില്‍ ദൈവത്തെ എന്നപോലെതന്നെ, ശാശ്വതമായ സത്യ അന്വേഷിക്കുന്നവര്‍ക്കും, തങ്ങളുടെ അസ്തിത്വത്തെക്കുറിച്ച് ആശയക്കുഴപ്പം ഉള്ളവര്‍ക്കുമായി റോമാ രൂപതയുടെ ഭദ്രാസന ദേവാലയമായ ലാറ്ററന്‍ ബസിലിക്കയില്‍ തുറന്നിരിക്കുന്ന Dialogues in Cathedral ‘ദേവാലയത്തിലെ സ്നേഹ സംവാദം’ എന്ന അജപാലന ശുശ്രൂഷാ പദ്ധതി അനുകരണീയമാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിലെന്നപോലെ ഇന്നും റോമിലെ സഭയാണ് ക്രിസ്തുവിന്‍റെ സുവിശേഷ സമ്പത്ത് അനുസ്യൂതം പ്രഘോഷിക്കുവാനും അതിന് സാക്ഷൃംനല്കുവാനും വിളിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ദാരിദ്രൃം, പാര്‍ശ്വവത്ക്കരണം, കുടുംബച്ഛിദ്രം, രോഗം അംഗവൈകല്യം എന്നീ പ്രശ്നങ്ങളാല്‍ വലയുന്നവരെ തുണയ്ക്കാനും സഭ കടപ്പെട്ടിരിക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യന്‍റെ പരിശ്രമത്തില്‍ സംസ്ക്കാരത്തിന്‍റെയും ഭാഷയുടെയും ജാതി മത വര്‍ണ്ണ വ്യത്യാസങ്ങളുടെയും അതിര്‍വരമ്പുകള്‍ക്ക് അതീതമായി നമ്മുടെ എല്ലാ സ്ഥാപനങ്ങളും നിസ്വാര്‍ത്ഥമായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഈ നവവത്സരത്തില്‍ പ്രത്യേകമായി ഓര്‍പ്പിക്കുന്നു.

പ്രിയ സഹോദരങ്ങളേ, പഴയൊരു വര്‍ഷം തള്ളിനീക്കി പുതുവര്‍ഷത്തിന്‍റെ ഉമ്മറപ്പടിയില്‍ നില്ക്കുന്ന നമുക്ക് അനുതാപത്തോടെ, ‘ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനുമായ ദൈവത്തോട്’ (വെളിപാട് 1, 8) നമ്മുടെ വീഴ്ചകള്‍ക്ക് മാപ്പപേക്ഷിക്കാം, അവിടുത്തെ അനന്തസ്നേഹം നമ്മില്‍ വര്‍ഷിച്ച നിരവധി നന്മകള്‍ക്ക് നന്ദിപറയാം. പ്രത്യേകമായി യേശുവിലൂടെ ലോകത്തിന് ലഭ്യമായ ദൈവിക സത്യത്തിനും കൃപയ്ക്കും കൃതജ്ഞതയര്‍പ്പിക്കാം. മാനവീകതയുടെ പൂര്‍ണ്ണത ക്രിസ്തുവാണ്. ഓരോ മനുഷ്യന്‍റെയും ഭാവിയും ഭാഗധേയവും ക്രിസ്തുവാണ്. ലോകത്തിന്‍റെയും സഭയുടെയും പ്രത്യാശയുടെ പൂര്‍ത്തീകരണവും അവിടുന്നു തന്നെ.
ഏവര്‍ക്കും പുതുവത്സരാശംസകള്‍!









All the contents on this site are copyrighted ©.