2013-01-02 12:51:21

2013 സ്ത്രീസുരക്ഷയ്ക്ക് സമര്‍പ്പിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി


01 ജനുവരി 2013, ന്യൂഡല്‍ഹി
ഇന്ത്യയില്‍ സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും അഭിവൃദ്ധിപ്പെടുത്താന്‍ ഈ പുതുവര്‍ഷം സമര്‍പ്പിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യത്തിന് നല്‍കിയ പുതുവത്സരസന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. ''ധൈര്യശാലിയായ ആ പെണ്‍കുട്ടിക്ക് നേരിട്ട ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ശോകമൂകമായ അന്തരീക്ഷത്തിലാണ് നാം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ആത്മപരിശോധന നടത്താനും ഇത്തരം സംഭവങ്ങള്‍ക്കുപിന്നിലെ മനോവികാരം തിരിച്ചറിയാനുമുള്ള വഴികള്‍ സത്യസന്ധമായി അന്വേഷിക്കാനും” ഈ സന്ദര്‍ഭം വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. . അതുവഴി രാജ്യത്തെ സ്ത്രീകള്‍ക്ക് മാന്യതയും തുല്യതയും നേടിയെടുക്കാനാകുമെന്നും രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.

കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.

എന്നാല്‍ സംഭവത്തിലുള്ള പ്രതിഷേധം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇനിയൊരു പെണ്‍കുട്ടിക്കും ദുരനുഭവമുണ്ടാവരുതെന്ന താക്കീതോടെ പുതുവര്‍ഷാഘോഷങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടാണ് ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുന്നത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രകടനങ്ങളില്‍ വിവിധ സംഘടനകള്‍ പങ്കുചേര്‍ന്നു. പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ജന്തര്‍മന്ദറില്‍ അനുശോചന യോഗത്തിലും നിരവധിപേര്‍ പങ്കെടുത്തു.

പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി ദേശീയ സൈന്യവും പുതുവത്സരാഘോഷങ്ങള്‍ ഉപേക്ഷിച്ചിരുന്നു. കോണ്‍ഗ്രസ്സും പുതുവത്സരം ആഘോഷിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി അറിയിച്ചു. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും പുതുവത്സരാഘോഷം വേണ്ടെന്ന് വെച്ചു. ഡല്‍ഹിയിലെ നിരവധി ഹോട്ടലുകളും ക്ളബ്ബുകളും ബിസിനസ് സ്ഥാപനങ്ങളും പുതുവത്സാരാഘോഷം റദ്ദാക്കി. പ്രസ് ക്ളബ് ഒഫ് ഇന്ത്യയും ആഘോഷങ്ങള്‍ നടത്തില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സിംഗപ്പുരിലും ഡല്‍ഹിയിലും യുവതിയെ ചികിത്സിച്ച ഡോക്ടര്‍മാരുള്‍പ്പെടെ 30 പേരാണ് കേസില്‍ സാക്ഷികള്‍. ഡിസംബര്‍ 16-ന് തെക്കന്‍ ഡല്‍ഹിയില്‍ ബസ്സില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചതിനെത്തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ ആറു പ്രതികളും അറസ്റ്റിലാണ്. സുപ്രീംകോടതിയിലെ അഭിഭാഷകന്‍ ധ്യാന്‍ കൃഷ്ണനാണ് കേസിന്‍റെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍.








All the contents on this site are copyrighted ©.