2012-12-28 15:00:03

സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ : മാറേണ്ടത് മനോഭാവമെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ്


28 ഡിസംബര്‍ 2012, മുംബൈ
ഭാരതത്തില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ശക്തമായി അപലപിച്ചു. മുംബൈ അതിരൂപതാധ്യക്ഷന്‍ കൂടിയായ കര്‍ദിനാള്‍ ഗ്രേഷ്യസ് ഡിസംബര്‍ 25ാം തിയതി ക്രിസ്തുമസ് കുര്‍ബ്ബാന മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. സാമൂഹിക അസ്വസ്ഥതയുടെ ഭീകരമായ ഉദാഹരണമെന്നാണ് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ അവരുടെ ജനനത്തിനു മുന്‍പേ ആരംഭിക്കുന്നുവെന്ന് പെണ്‍ഭ്രൂണഹത്യയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് കര്‍ദിനാള്‍ പ്രസ്താവിച്ചു.
സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍, നിയമത്തോടും ക്രിമിനല്‍ നീതി നിര്‍വഹണ വ്യവസ്ഥയോടുമുള്ള അവജ്ഞയാണ്. സമാധാനത്തിനെതിരായുള്ള ശക്തികളെ എല്ലായിടത്തും നമുക്ക് ദര്‍ശിക്കാം. അത്യാഗ്രഹം, അഴിമതി, അധികാരഭ്രമം, അക്രമം, ദരിദ്രര്‍, അഗതികള്‍, കുടിയേറ്റക്കാര്‍, മാനസിക വൈകല്യമുള്ളവര്‍, ഗര്‍ഭസ്ഥ ശിശുക്കള്‍ എന്നിവരോടുള്ള അനാസ്ഥ - അങ്ങനെ പല രീതിയിലാണ് അവ പ്രത്യക്ഷപ്പെടുന്നത്. ക്രൈസ്തവരുടെ ഏറ്റവും വലിയ ശത്രുക്കള്‍ ക്രിസ്തുവിനെക്കുറിച്ച് അറിയാത്തവരോ ക്രിസ്തുവില്‍ വിശ്വസിക്കാത്തവരോ അല്ല, കഠിന ഹൃദയരും, സ്വയം നല്ലവരെന്നു നടിച്ചുകൊണ്ട് അന്യരുടെ ആവശ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നവരുമായ ക്രൈസ്തവര്‍ തന്നെയാണ്. ജീവിതത്തില്‍ ദൈവത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നതെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ് വിശദീകരിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ അവസാനിക്കാന്‍ മനോഭാവത്തിന് മാറ്റം വരേണ്ടതുണ്ട്. നിയമത്തിനും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുമെല്ലാം അതീതമായി മറ്റുള്ളവരുടെ നന്‍മ കാംക്ഷിക്കുന്നതിലൂടെയാണ് മനോഭാവത്തിലെ മാറ്റം സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെയും ക്രൈസ്തവ മൂല്യങ്ങളും ജീവിതത്തില്‍ പുനഃപ്രതിഷ്ഠിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ സജീവ സാക്ഷികളായി ജീവിക്കാന്‍ എല്ലാ ക്രൈസ്തവരേയും കര്‍ദിനാള്‍ ഗ്രേഷ്യസ് ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.