2012-12-27 18:10:25

നവസുവിശേഷവത്ക്കരണ പദ്ധതിയോട്
അത്യൂത്സാഹം കാണിക്കണമെന്ന് കര്‍ദ്ദിനാള്‍ ഓസി


27 ഡിസംമ്പര്‍ 2012, മുമ്പൈ
നവസുവിശേഷവത്ക്കരണ പദ്ധതിയോട് ഏഷ്യയിലെ സഭ അത്യൂത്സാഹം കാണിക്കണമെന്ന്, മെത്രാന്മാരുടെ ഫെഡറേഷനുകളുടെ പ്രസിഡിന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.

വിയറ്റ്നാമിലെ സൈഗോണില്‍ സമാപിച്ച ഏഷ്യയിലെ മെത്രാന്‍ സമിതികളുടെ സമ്പൂര്‍ണ്ണ സമ്മേളനം പുറത്തിറക്കിയ റിപ്പോര്‍ട്ടിന്‍റെ സംക്ഷിപ്ത രൂപത്തിലാണ് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കൂടിയായ കാര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഏഷ്യ വന്‍ഭൂഖണ്ഡത്തിന്‍റെ സാമൂഹ്യത്തില്‍ കണ്ടുവരുന്ന ആത്മീയ മാന്ദ്യമോ വിഷാദാത്മക ദര്‍ശനമോ ക്രൈസ്തവ ജീവിതത്തിന് ഭീഷണിയാവരുതെന്ന് കര്‍ദ്ദിനാള്‍ താക്കീതുനല്കി.

കുടുംബത്തോടും വിശ്വാസ ജീവിതത്തോടുമുള്ള ക്രൈസ്തവ നോട്ടപ്പാടില്‍ കോട്ടം വരാതെ, ക്രിസ്തുവിലുള്ള ജീവിതപൂര്‍ണ്ണിമയില്‍ അടിയുറച്ച നവമാനവികതയുടെ വിത്ത് ഏഷ്യയുടെ
മണ്ണില്‍ വളര്‍ത്തിയെടുക്കാന്‍ ഓരോ ക്രൈസ്തവനും വിശ്വാസവത്സരത്തില്‍ പ്രതിജ്ഞാബദ്ധമായി പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് റിപ്പോര്‍ട്ടിന്‍റെ സംഗ്രഹത്തില്‍ ആഹ്വാനംചെയ്തു.
ലോക ജനതയുടെ 60 ശതമാനം ഏഷ്യയിലാണെന്നും, എന്നാല്‍ ന്യൂനപക്ഷമായ ക്രൈസ്തവരുടെ ‘ചെറുഗണം’ ഭയപ്പെടാതെ ക്രിസ്തുവിന്‍റെ സുവിശേഷ പ്രഭ ഭൂഖണ്ഡത്തില്‍ പരത്തണമെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സഭാ സമൂഹങ്ങളെ റിപ്പോര്‍ട്ടിലൂടെ ഉദ്ബോധിപ്പിച്ചു.










All the contents on this site are copyrighted ©.