2012-12-27 17:55:28

ദൈവത്തെ തിരിച്ചറിയുന്നതാണ്
മനുഷ്യന്‍റെ സന്തോഷവും സമാധാനവും


26 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
ദൈവം തന്‍റെ മഹത്വം കൈവെടിഞ്ഞത്, മനുഷ്യന്‍ അവിടുത്തെ അറിയുവാനും സ്നേഹിക്കുവാനും വേണ്ടിയാണെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചു. ക്രിസ്തുമസ്സ് രാത്രിയില്‍ വത്തിക്കാനില്‍ നടത്തിയ വചനപ്രഘോഷണത്തിലാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ലോകത്തില്‍ അവതരിച്ച ദൈവികപ്രാഭവം തിരിച്ചറിയുന്നതാണ് മനുഷ്യന്‍റെ സന്തോഷവും സമാധാനവുമെന്നും, ദൈവം മഹത്വീകരിക്കപ്പെടാതെയും അംഗീകരിക്കപ്പെടാതെയും പോകുന്ന ഇടങ്ങളിലെല്ലാം സമാധാനം നഷ്ടമാകുന്നുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി.

ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള മതങ്ങളുടെ വിശിഷ്യാ ഏകദൈവത്തില്‍ വിശ്വസിക്കുന്ന മതങ്ങളുടെ ദാര്‍ഷ്ട്യവും അസഹിഷ്ണുതയും മേല്‍ക്കോയ്മയും കുത്തക മനോഭാവവും, മതത്തിന്‍റെ സ്വഭാവത്തിനെതിരായ വികലരൂപങ്ങളാണെന്നും, ദൈവിക പ്രഭ കൈവിട്ടുപോകുന്ന മനുഷ്യനാണ് അവന്‍റെ ദൈവികച്ഛായയും നഷ്ടപ്പെട്ട് തിന്മയുടെയും അക്രമത്തിന്‍റെ അധാര്‍മ്മികതയുടെയും നിലപാടുകളിലെത്തുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി.

അനുരഞ്ജനത്തിലൂടെയും തുറവിലൂടെയും മനുഷ്യനില്‍ ദൈവികപ്രഭ വീണ്ടും തെളിയാന്‍ അനുവദിച്ചാല്‍, ജീവിതം നന്മയിലും സ്നേഹത്തിലും സമാധാനത്തിലും പുനഃരാവിഷ്ക്കരിക്കപ്പെടുമെന്നും പാപ്പ വ്യക്തമാക്കി. രക്ഷയുടെ കാഹളനാദം കേട്ട ഇടയന്മാര്‍ ബെതലഹേമില്‍ പിറന്ന രക്ഷകന്‍റെ പക്കലെത്താന്‍ കാണിച്ച ഉത്സാഹവും ആനന്ദവും,
പുറപ്പെടാനുള്ള സന്നദ്ധതയും മനുഷ്യനില്‍ മന്ദീഭവിക്കുന്ന ദൈവികതയ്ക്ക് ഇന്ന് പ്രചോദനം ആകേണ്ടതാണെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.













All the contents on this site are copyrighted ©.