2012-12-26 16:27:14

സത്യം നാമ്പെടുക്കുന്ന ലോകത്ത് പ്രത്യാശയുണ്ട്
പാപ്പായുടെ ‘ഊര്‍ബി എത് ഓര്‍ബി’ സന്ദേശം


25 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
റോമാ നഗരത്തിനും ലോകത്തിനും (URBI ET ORBI 2012 X’MAS)
ബനഡിക്ട് 16-ാമന്‍ പാപ്പ നല്കുന്ന സന്ദേശം
“ഭൂമിയില്‍ സത്യം നാമ്പെടുക്കും,” (സങ്കീര്‍ത്തനം 85, 12).

റോമാ നഗരത്തിലും ലോകമെമ്പാടുമുള്ള സഹോദരീ സഹോദരന്മാര്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍!
ഭൂമിയില്‍ സത്യം മുളയെടുക്കും, എന്ന സങ്കീര്‍ത്തന ശകലത്തെ ആധാരമാക്കായാണ് ഈ വര്‍ഷത്തെ എന്‍റെ ക്രിസ്തുമസ്സ് ചിന്തകള്‍. സങ്കീര്‍ത്തനം തുടരുന്നത് നാളെയുടെ വാഗ്ദാനങ്ങളിലേയ്ക്കാണ് – ‘സത്യം ലോകത്ത് നാമ്പെടുക്കുമ്പോള്‍ കാരുണ്യവും സ്നേഹവും സംഗമിക്കും, നീതിയും സമാധാനവും ചുംബിക്കും, വിശ്വസ്തത മുളയെടുക്കും, നീതി ഭൂമിയെ കടാക്ഷിക്കും’ എന്ന് ആലപിക്കുന്ന ഈ കീര്‍ത്തനം പ്രഘോഷണവും ഒപ്പം വാഗ്ദാനവുമാണ്. കര്‍ത്താവു നന്മ പ്രദാനംചെയ്യും, ദേശം സമൃദ്ധമായ വിളവു നല്കും, നീതി മുന്‍പേ നടന്ന് അവിടുത്തേയ്ക്ക് വഴിയൊരുക്കും (സങ്കീര്‍ത്തനം 85, 11-14).

ഈ പ്രവചന വാക്യങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു! കന്യകാ മറിയത്തില്‍നിന്നും ബെതലഹേമില്‍ ജാതനായ ശിശുവില്‍, സത്യവും സ്നേഹവും യഥാര്‍ത്ഥത്തില്‍ സംഗമിക്കുന്നു, നീതിയും സമാധാനവും പരസ്പരം ആശ്ലേഷിക്കുന്നു... അങ്ങനെ ഭൂമിയില്‍ സത്യം വിളയെടുക്കുമ്പോള്‍ ഭൂമിയെ നീതി കടാക്ഷിക്കുന്നു. വിശുദ്ധ അഗസ്റ്റില്‍ തിരുപ്പിറവിയുടെ ആനന്ദത്തില്‍ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു : ഭൂമിയില്‍ അവതീര്‍ണ്ണമായ സത്യം ദൈവപുത്രനായ ക്രിസ്തുവാണ്. അങ്ങനെ ക്രിസ്തുവഴിയാണ് ഭൂമിയില്‍ സത്യം മുളപൊട്ടിയത്. കന്യകാ മറിയത്തില്‍നിന്നാണ് സത്യ ദൈവസൂനു ഉരുവായത്.
അങ്ങനെ എല്ലാ വര്‍ഷവും നാം ആഘോഷിക്കുന്ന ക്രിസ്തുമസ്സിലൂടെ, ‘ഭൂമിയില്‍ സത്യം മുളയെടുത്തുവെന്നും ഭൂമിയെ നീതി കടാക്ഷിച്ചിരിക്കുന്നു’ എന്നുമുള്ള പ്രവചന വാക്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സ്വര്‍ഗ്ഗീയ പിതാവിന്‍റെ മടിത്തട്ടില്‍ വിരിഞ്ഞ സത്യം ഇതാ, ഭൂമിയിലെ ഒരമ്മയുടെ ഉദരത്തിലൂടെ ഉരുവായിരിക്കുന്നു. ഭൂമിയെ ഭരിക്കേണ്ടതും രൂപപ്പെടുത്തേണ്തുമായ സത്യം സ്ത്രീയിലൂടെ അവതരിച്ചു.... ആകാശവിതാനത്തെ അതിവെല്ലുന്ന സത്യം, ഇതാ ഭൂമിയില്‍ ഒരു പുല്‍ത്തൊട്ടിയില്‍ പിറന്നിരിക്കുന്നു. തനിക്കുതന്നെ നേട്ടമൊന്നും ഇല്ലാതിരിക്കെ, പരമോന്നതനായ ദൈവം ഇത്രയേറെ താഴ്മയുടെ രൂപം അണിഞ്ഞത്, തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷ നല്കുന്നതിനു വേണ്ടയാണ് (Sermones 185, 1).


വിശ്വസിക്കുന്നവര്‍ക്കാണ് വിശ്വാസത്തിന്‍റെ കരുത്തു ലഭിക്കുന്നത്. ദൈവം എല്ലാം സൃഷ്ടിച്ചു, അസാദ്ധ്യാമായവ അവിടുന്ന് സാദ്ധ്യമാക്കി : അവിടുന്ന് മാംസം ധരിച്ചു. മാനുഷിക ബുദ്ധിക്ക് അഗ്രാഹ്യമായവ ദൈവിക ശക്തിയാല്‍ അവിടുന്നു ഗ്രാഹ്യമാക്കി : അപരിമേയനായവന്‍ ശിശുവായി, മനുഷ്യനായി അവതരിച്ചു, ജീവിച്ചു. എങ്കിലും ‘വിശ്വാസ വാതില്‍’ (Porta Fidei) തുറന്നു കൊടുത്തില്ലെങ്കില്‍ ദൈവം എന്‍റെ ഹൃദയത്തില്‍ പിറക്കില്ല. സര്‍വ്വശക്തന്‍ ഇറങ്ങിവരുമ്പോള്‍ എന്‍റെ വിശ്വാസ വാതില്ക്കല്‍ ഞാന്‍ ഭയന്നു നില്ക്കാന്‍ ഇടയുണ്ട്, മടിച്ചു നില്കാറുണ്ട്. ദൈവത്തിനെതിരെ ഹൃദയ വാതില്‍ കൊട്ടിയടയ്ക്കുന്ന ഇന്നത്തെ മനുഷ്യന്‍റെ ചിന്താഗതി ഭീതിജനകമാണ്. ഭീതിയുടെ ഈ ചിന്താഗതി മാറ്റി, ധൈര്യത്തോടും പ്രത്യാശയോടുംകൂടെ ദൈവത്തിങ്കലേയ്ക്കു തിരിയാന്‍ നമ്മെ സഹായിക്കേണ്ടത്, ഭൂമിയില്‍ സത്യം നാമ്പെടുത്തു എന്ന യാഥാര്‍ത്ഥ്യമാണ്. ഇതാ, ദൈവം ഭൂജാതനായി. ഭൂമി അതിന്‍റെ ഫലമണിഞ്ഞിരിക്കുന്നു (സങ്കീര്‍ത്തനം 67, 7). അങ്ങനെ സ്വാര്‍ത്ഥതയുടെ ബന്ധനത്തില്‍നിന്ന് മോചിതമായി നന്മ വളര്‍ത്തുന്ന ഫലഭൂയിഷ്ഠമായ ഇടമാണ് നമ്മുടെ ലോകം. മനുഷ്യരോടൊത്തു വസിക്കുവാനും ആയിരിക്കുവാനും ദൈവം ഒരുക്കിയ ഇടമാണിത്. തനിക്കു വസിക്കാന്‍ ദൈവം തയ്യാറാക്കിയ ഭവനമാണിത്. അങ്ങനെ ലോകം 2012-ാമാണ്ടിലും ദൈവിക സാന്നിദ്ധ്യത്താല്‍ നിറയുകയാണ്. ഇവിടെ സത്യം ജീവിക്കുന്നു, ദൈവം വസിക്കുന്നു! ആകയാല്‍, നമ്മുടെ ലോകത്തിന് ഇനിയും പ്രത്യാശയുണ്ട്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ രാജ്യങ്ങളില്‍പ്പോലും നാം പ്രത്യാശ കൈവെടിയരുത്. സ്നേഹവും നീതിയും സമാധാനവും വളര്‍ത്തിക്കൊണ്ട് സത്യം നമ്മുടെ മദ്ധ്യേ സംസ്ഥാപിതമാവട്ടെ.

കലാപത്താല്‍ കീറിമുറിക്കപ്പെട്ടതും നിരപരാധികള്‍ കൊലചെയ്യപ്പെടുന്നതുമായ സിറിയയിലെ ജനങ്ങളുടെ മദ്ധ്യത്തില്‍ ഇനിയും സമാധാനം വിരിയേണ്ടതുണ്ട്. അവിടത്തെ രക്തക്കുരുതി നിറുത്തലാക്കാന്‍ ഒരിക്കല്‍കൂടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവിടത്തെ അഭയാര്‍ത്ഥികള്‍ക്കും നാടുകടത്തപ്പെട്ടവര്‍ക്കും സാന്ത്വനം പകര്‍ന്നുകൊണ്ട് സംവാദത്തിലൂടെ ഈ രാഷ്ട്രീയ കലാപത്തിന് വിരാമമിടാന്‍ ഇനിയും പരിശ്രമിക്കേണ്ടതുണ്ട്. രക്ഷകന്‍ പിറന്ന മണ്ണില്‍ സമാധാനം മുളപൊട്ടിയിരിക്കുന്നു; വര്‍ഷങ്ങള്‍ നീണ്ട കലാപത്തിനും ഭിന്നിപ്പിനും വിരാമമിടാന്‍ ഇസ്രായേല്‍-പാലസ്തീന്‍ ജനതയ്ക്ക് ദൈവം ഇതാ സമാധാനം സമ്മാനിക്കുന്നു.

നല്ല നാളയെ സ്വപ്നംകാണുന്ന വടക്കെ ആഫ്രിക്കന്‍ ജനത – വിശിഷ്യാ യേശുവിന്‍റെ ശൈശവ ബാല്യകാല സാന്നിദ്ധ്യത്താല്‍ അനുഗൃഹീതവും ശ്രദ്ധേയവുമായ ഈജിപ്തിനെ നീതിയിലും
യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലും, മനുഷ്യാന്തസ്സിലും അടിയുറച്ചൊരു സമൂഹമായി വാര്‍ത്തെടുക്കുവാന്‍ അവിടത്തെ ജനങ്ങള്‍ ഒത്തൊരുമിച്ച് പരിശ്രമിക്കുകയാണ്.

വിസ്തൃതമായ ഏഷ്യാഭൂഖണ്ഡത്തിലും സമാധാനം വളരട്ടെ. അവിടത്തെ വൈവിധ്യമാര്‍ന്ന സംസ്ക്കാരങ്ങളെ വിശിഷ്യാ, വിശ്വാസ സമൂഹങ്ങളെ ഉണ്ണിയേശു അനുഗ്രഹിക്കട്ടെ.
തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന വലിയ ഉത്തരവാദിത്വം വിശ്വസ്തമായി നിര്‍വ്വഹിക്കാന്‍ ചൈന റിപ്പബ്ലിക്കിലെ പുതിയ ഭരണകൂടത്തെയും സമാധാന രാജാവായ ക്രിസ്തു തുണയ്ക്കട്ടെ.
ഓരോ മതങ്ങളും അവരവരുടേതായ വിധത്തില്‍ നന്മയുടെ മൂല്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്; അതുവഴി സകലരെയും ഉള്‍ക്കൊള്ളുന്ന ശ്രേഷ്ഠമായൊരു മാനവികതയും ലോകവും വളര്‍ത്തിയെടുക്കുവാന്‍ നമുക്ക് സാധിക്കട്ടെ.

നീചമായ ഭീകരപ്രവര്‍ത്തനങ്ങള്‍, വിശിഷ്യാ ക്രൈസ്തവരുടെ കൂട്ടക്കൊല നടക്കുന്ന മാലിയിലും നൈജീരിയയിലും ഈ ക്രിസ്തുമസ്സിലൂടെ സമാധാനം പുനഃസ്ഥാപിതമാവട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.
ജനാധിപത്യ രാജ്യമായ കിഴക്കല്‍ കോങ്കോയിലെ അഭയാര്‍ത്ഥികള്‍ക്ക് സമാശ്വാസവും; സാധാരണ ജനങ്ങളെ പീഡിപ്പിക്കുകയും, അവരുടെ പ്രാര്‍ത്ഥനാലയങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന നിരന്തമായ ഭീകരാക്രമണങ്ങളില്‍നിന്ന് കെനിയയിലെ ജനതയ്ക്ക് ദിവ്യരക്ഷകന്‍ മോചനവും നല്കട്ടെ.

ക്രിസ്തുമസ്സ് ആഘോഷിക്കുന്ന ലാറ്റിനമേരക്കയിലെ ബഹുഭൂരിപക്ഷമുള്ള വിശ്വാസികളെയും ഉണ്ണയേശു അനുഗ്രഹിക്കട്ടെ. സ്വന്തം നാടും വീടും വിട്ടിറങ്ങിയ ലക്ഷോപലക്ഷം കുടിയേറ്റക്കാരുടെ മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടട്ടെ. അവര്‍ക്കെതിരായ അധിക്രമങ്ങളെ ചെറുക്കുന്നതിനും അവരുടെ പുരോഗതിക്കായി പരിശ്രമിക്കുന്നതിനും ഭരണാധിപന്മാര്‍ക്ക് കരുത്തു നല്കട്ടെ എന്നും പ്രാര്‍ത്ഥിക്കാം.

പ്രിയ സഹോദരങ്ങളേ, മറിയത്തിലൂടെ ബെതലഹേമില്‍ മനുഷ്യനായി അവതരിച്ച ദിവ്യശിശുവില്‍ സ്നേഹവും സത്യവും, നീതിയും സമാധാനവും ഒത്തുചേര്‍ന്നിരിക്കുന്നു. ഈ ദിവ്യശിശു ദൈവപുത്രനാണ്, ചരിത്രത്തില്‍ നമ്മോടൊത്തുള്ള ദൈവിക സാന്നിദ്ധ്യമാണ്. അവിടുത്തെ തിരുപ്പിറവി മാനവികതയ്ക്ക് നവജീവനാണ്. ലോകത്തെ എല്ലാ രാജ്യങ്ങളിലും നന്മ വിരിയട്ടെ, സത്യവും സ്നേഹവും, നീതിയും സമാധാനവും ഇനിയും വളരട്ടെ. ഏവര്‍ക്കും ക്രിസ്തുമസ്സ് മംഗളങ്ങള്‍!










All the contents on this site are copyrighted ©.