2012-12-21 15:14:20

ധന്യനായ പോള്‍ ആറാമന്‍ മാര്‍പാപ്പ


21 ഡിസംബര്‍ 2012, വത്തിക്കാന്‍
ദൈവദാസന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒപ്പുവച്ചു. ഡിസംബര്‍ 20ാം തിയതി വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയുമായി നടത്തിയ കൂടിക്കാഴ്ച്ചാവേളയിലാണ് പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയില്‍ മാര്‍പാപ്പ ഒപ്പുവച്ചത്.
1480ല്‍ ഇറ്റലിയിലെ ഒത്റാന്‍തോയില്‍ നടന്ന തുര്‍ക്കി ആക്രമണത്തില്‍ വീരമൃത്യുവരിച്ച എണ്ണൂറിലേറെ രക്തസാക്ഷികളടക്കം നിരവധി വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദപ്രഖ്യാപനത്തിനും തദവസരത്തില്‍ മാര്‍പാപ്പ അംഗീകാരം നല്‍കി.
സ്പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് കൊല്ലപ്പെട്ട നിരവധി രക്തസാക്ഷികള്‍ ഉള്‍പ്പെടെ 40 പേരെ വാഴ്‍ത്തപ്പെട്ട പദപ്രഖ്യാപനം നടത്താനും വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തെ മാര്‍പാപ്പ ചുമതലപ്പെടുത്തി. വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയില്‍ പാപ്പ ഒപ്പുവച്ചതോടെ ദൈവദാസന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയടക്കം 10 പേരാണ് 20ാം തിയതി വ്യാഴാഴ്ച ധന്യപദവിയിലേക്കുയര്‍ത്തപ്പെട്ടത്.









All the contents on this site are copyrighted ©.