2012-12-21 15:14:07

ക്രൈസ്തവര്‍ ആനന്ദത്തിന്‍റെ സാക്ഷികളാകേണ്ടവര്‍ : ഫാ.കന്തലമേസ്സ


21 ഡിസംബര്‍ 2012, വത്തിക്കാന്‍
ക്രിസ്തുനല്‍കുന്ന യഥാര്‍ത്ഥ ആനന്ദത്തിന് സ്വജീവിതത്തിലൂടെ സാക്ഷൃമേകേണ്ടവരാണ് ക്രൈസ്തവരെന്ന് പേപ്പല്‍ അരമനയിലെ ഔദ്യോഗിക ധ്യാനപ്രഭാഷകന്‍ ഫാ. റെനിയേരോ കന്തലമേസ്സ.
ഡിസംബര്‍ ഇരുപത്തി ഒന്നാം തിയതി വെള്ളിയാഴ്ച രാവിലെ മാര്‍പാപ്പയ്ക്കും റോമന്‍കൂരിയായിലെ അംഗങ്ങള്‍ക്കും വേണ്ടി നടത്തിയ മൂന്നാമത് ആഗമനകാലധ്യാന പ്രഭാഷണത്തിലാണ് കപ്പൂച്ചിന്‍ സന്ന്യസ്ത സഭാംഗമായ ഫാദര്‍ കന്തലമേസ്സ ഇപ്രകാരം പ്രസ്താവിച്ചത്. വിശ്വാസം ആനന്ദത്തിന്‍റെ ശത്രുവാണെന്ന വാദത്തെ ഖണ്ഡിച്ച അദ്ദേഹം ശാശ്വതമായ ആനന്ദമാണ് ക്രിസ്തു വാഗ്ദാനം ചെയ്യുന്നതെന്ന് വ്യക്തമാക്കി.
മയക്കുമരുന്ന്, ലൈംഗിക പീഡനം, അക്രമം തുടങ്ങിയ പ്രവര്‍ത്തികള്‍ നൈമിഷികമായ സുഖം പ്രദാനം ചെയ്യുമെങ്കിലും വ്യക്തിയുടെ ധാര്‍മ്മികവും മിക്കപ്പോഴും ശാരീരികവുമായ അധഃപതനത്തിലേക്ക് അവ വഴിതെളിക്കുമെന്ന് ഫാ.കന്തലമേസ്സ ചൂണ്ടിക്കാട്ടി. ക്രിസ്തു ആനന്ദവും വേദനയും തമ്മിലുള്ള ഈ ബന്ധത്തെ തലകീഴ്മറിച്ചു. “അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, കുരിശ് സന്തോഷത്തോടെ സ്വീകരിച്ചു (ഹെബ്രാ 12:2)”. കുരിശിന്‍റെ വേദന ദുഖഃവെള്ളിയാഴ്ച്ച അവസാനിക്കുന്നു. എന്നാല്‍ ഉത്ഥാനത്തിന്‍റെ മഹത്വം അനശ്വരമാണ്. പരലോകത്തില്‍ മാത്രമല്ല ഈ ലോകജീവിതത്തിലും ആനന്ദം അനുഭവവേദ്യമാണ്. ക്രൈസ്തവ ആനന്ദം ആന്തരീകമാണ്. മനുഷ്യഹൃദയത്തിലുള്ള ദൈവിക സാന്നിദ്ധ്യമാണ് ആ ആനന്ദത്തിന്‍റെ ഉറവിടമെന്നും ഫാ.കന്തലമേസ്സ പ്രസ്താവിച്ചു. ഈ ആന്തരിക ആനന്ദത്തിന് ലോകത്തില്‍ സാക്ഷൃം നല്‍കേണ്ടവരാണ് ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞു.










All the contents on this site are copyrighted ©.