2012-12-20 16:56:57

സമകാലീന ചിന്താധാരകള്‍ക്ക്
അതീതമായ ദര്‍ശനമാണ് ക്രിസ്തീയത


20 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
സമകാലീന ചിന്താധാരകള്‍ക്ക് അതീതമായ ദൈവിക ഭാഗധേയത്തിന്‍റെ ശ്രേഷ്ഠദര്‍ശനമാണ് ക്രിസ്തീയതയെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ സമര്‍ത്ഥിച്ചു. Financial Time മാസികയുടെ ക്രിസ്തുമസ്സ് പതിപ്പിനു നല്കിയ ‘ക്രൈസ്തവര്‍ ആനുകാലിക ലോകത്തില്‍’ ( A time for Christians to engage with the world) എന്ന ലേഖനത്തിലാണ് പാപ്പ ഇങ്ങനെ പരാമര്‍ശിച്ചത്. ലോകത്തില്‍നിന്നും ഒഴിഞ്ഞുമാറി നടക്കുന്നവരല്ല മറിച്ച്, അതില്‍ പൂര്‍ണ്ണമായും വ്യാപൃതരാകുന്നവരാണ് ക്രൈസ്തവരെന്നും, സ്ഥലകാല സീമകള്‍ക്ക് അതീതമായ രാഷ്ട്രീയ സാമ്പത്തിക കാഴ്ചപ്പാടുകള്‍ ക്രൈസ്തവര്‍ പുലര്‍ത്തുന്നുവെന്നും പാപ്പ ലേഖനത്തില്‍ വിവരിച്ചു.

ഈശ്വരച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട ഒരോ മനുഷ്യന്‍റെയും അന്തസ്സ് മാനിക്കപ്പെടുവാന്‍ ദാരിദ്ര്യത്തിനെതിരെ പോരാടുവാനും, സൃഷ്ടിയുടെ കാര്യസ്ഥനാകേണ്ട മനുഷ്യന്‍ ഭൂമിയുടെ സമ്പത്ത് തുല്യമായി പങ്കുവയ്ക്കുവാനും കടപ്പെട്ടിരിക്കുന്നുവെന്നും, ചൂഷണവും ആര്‍ത്തിയും വെടിഞ്ഞ് ഭൂമുഖത്ത് എല്ലാവരും ഔദാര്യത്തിലും നിസ്വാര്‍ത്ഥ സ്നേഹത്തിലും പാര്‍ക്കുന്നതാണ് ജീവിത പുര്‍ണ്ണിമയെന്നും വിശ്വസിക്കുന്നവരാണ് ക്രൈസ്തവരെന്നും പാപ്പാ ലേഖനത്തില്‍ വ്യക്തമാക്കി.

വ്യാജദൈവങ്ങള്‍ക്കു മുന്നില്‍ ക്രൈസ്തവര്‍ തലകുനിക്കില്ലെന്നത് പഴഞ്ചന്‍ സൂക്തമായി കാണുന്നവവര്‍ ഉണ്ടെങ്കിലും മനുഷ്യാന്തസ്സിന് ഇണങ്ങാത്ത ഒരു ചിന്താധാരയുമായും രഹസ്യമായോ പരസ്യമായോ അവര്‍ സന്ധിചേരില്ലെന്നത് ക്രൈസ്തവ സമര്‍പ്പണത്തിന്‍റെ ഭാഗമാണെന്നും പാപ്പ തന്‍റെ പ്രബന്ധത്തില്‍ പ്രഖ്യാപിച്ചു.








All the contents on this site are copyrighted ©.