2012-12-20 18:23:29

കല്‍ദായ പാത്രിയര്‍ക്കിസ്
കര്‍ദ്ദിനാള്‍ ഡെല്ലി വിരമിക്കുന്നു


19 ഡിസംമ്പര്‍ 2012, ബാബിലോണ്‍
കല്‍ദായ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും ബാബിലോണിന്‍റെ പാത്രിയര്‍ക്കിസുമായ,
കര്‍ദ്ദിനാള്‍ ഇമ്മാനുവേല്‍ ഡെല്ലി ത്രിദിയന്‍റെ സ്ഥാനത്യാഗം ബനഡിക്ട് 16-ാമന്‍ പാപ്പ അംഗീകരിച്ചു.
ഇറാക്കിലെ സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധികളില്‍ പ്രാദേശിക സഭയെ പതറാതെ നയിച്ച കര്‍ദ്ദിനാള്‍ ഡെല്ലി 85-വയസ്സ് എത്തിയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപരമായ കാരണങ്ങളാലാണ് സഭാശുശ്രൂഷയില്‍നിന്നും വിരമിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

2013 ജനുവരി 28-ന് വത്തിക്കാനില്‍‍ സംഗമിക്കുന്ന ആഗോള കാല്‍ദായാ സഭാദ്ധ്യക്ഷന്മാരുടെ സിനഡു സമ്മേളനം പുതിയ പാത്രിയര്‍ക്കിസിനെ തിരഞ്ഞെടുക്കും. പാപ്പാ ഉത്തരവാദിത്വപ്പെടുത്തിയിരിക്കുന്ന പൗരസ്ത്യ സഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിയുടെ അദ്ധ്യക്ഷതയിലായിരിക്കും പുതിയ സഭാ തലവനെ തിരഞ്ഞെടുക്കുന്ന കല്‍ദായ സിനഡ് വത്തിക്കാനില്‍ സമ്മേളിക്കുന്നതെന്നും പ്രസ്താവന അറിയിച്ചു. പാത്രിയര്‍ക്കിസ് ഡെല്ലിയുടെ അഭാവത്തില്‍ സഭാകാര്യങ്ങള്‍ നയിക്കുവാന്‍ നിസ്സിബിസിലെ കാല്‍ഡിയന്‍ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഷാക്ക് ഇഷാക്കിനെ പാപ്പ അഡിമിനിസ്ട്രേറ്ററായി നിയോഗിച്ചതായും ഡിസംമ്പര്‍ 19-ന് വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തി.

ഇറാക്കിലെ മൊസ്സൂള്‍ സ്വദേശിയാണ് വിരമിച്ച പാത്രിയര്‍ക്കിസ് ഡേല്ലി. റോമിലെ ഊര്‍ബന്‍, ലാറ്ററന്‍ യൂണിവേഴ്സിറ്റികളില്‍നിന്നും ദൈവശാസ്ത്രത്തിലും സഭാ നിയമങ്ങളിലും ഉന്നതബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം അറബി, ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകള്‍ കൈകാര്യംചെയ്യും.

ഇറാക്കിലെ അജപാലന മേഖലയില്‍നിന്നും കാല്‍ഡിയന്‍ പാത്രിയര്‍ക്കിന്‍റെ സഹായ മെത്രാനായി
ആദ്യം നിയമിതനായ ഫാദര്‍ ഇമ്മാനുവേല്‍ ഡേല്ലി, 2003-ലാണ് കാല്‍ഡിയന്‍ പാത്രയര്‍ക്കിസിന്‍റെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. 2007-ല്‍ ബനഡിക്ട് 16-ാമന്‍ പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവി നല്കി ആദരിച്ചു. പൗരസ്ത്യ കാനോനിക നിയമ ക്രോഡീകരണം, ഇസ്ലാം-ക്രൈസ്തവ മതസൗഹാര്‍ദ്ദത്തിന്‍റെ വക്താവ്, പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപദേഷ്ടാവ് എന്നീ നിലകളിലും പാത്രിയര്‍ക്കിസ് ഡേല്ലി നല്കിയിട്ടുള്ള സേവനങ്ങള്‍ സ്തുത്യര്‍ഹങ്ങളാണ്.








All the contents on this site are copyrighted ©.