2012-12-19 19:20:56

കുടിയേറ്റം ഒരു വിശ്വാസ തീര്‍ത്ഥാടനം
ആഗോള കുടിയേറ്റദിനത്തിന് പാപ്പായുടെ സന്ദേശം


1. സഭ മനുഷ്യകുലത്തിന്‍റെ സഹയാത്രിക
സഭ മനുഷ്യകുലത്തോടൊത്തു ചരിക്കുന്നു എന്നത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ദര്‍ശനമാണ് (Gadium et Spes, 40). ആകയാല്‍ ഇക്കാലഘട്ടത്തിലുള്ള ജനങ്ങളുടെ, വിശിഷ്യാ പാവങ്ങളും പീഡിതരുമായവരുടെ സന്തോഷവും പ്രത്യാശയും, ദുഃഖവും ആകുലതയും ക്രിസ്തുവിനെ അനുകരിക്കുന്ന സകലരുടെയും അനുഭവമാണ്. യഥാര്‍ത്ഥത്തില്‍ മാനുഷികമായതൊന്നും ക്രൈസ്തവ ഹൃദയങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാതെ കടന്നുപോകുന്നില്ല (Ibid 1). മാനവികതയുടെ ഉള്‍ക്കാമ്പ് അറിഞ്ഞവളാണ് സഭയെന്ന് ദൈവദാസന്‍ പോള്‍ ആറാമന്‍ പാപ്പ തന്‍റെ ചാക്രികലേഖനത്തില്‍ (Populorum Progressio, 13) വിശേഷിപ്പിച്ചപ്പോഴും, ദൗത്യ നിര്‍വ്വഹണത്തില്‍ സഭയ്ക്ക് സഞ്ചരിക്കാന്‍ ക്രിസ്തു കാണിച്ചുതന്ന രാജവീഥി സേവനത്തിന്‍റേതാണെന്ന് (Centesimus Annus, 53) വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പ പഠിപ്പിക്കുമ്പോഴും, ‘സഭ സഹയാത്രിക’ എന്ന മേലുദ്ധരിച്ച ആശയംതന്നെയാണ് മാറ്റൊലികൊള്ളുന്നത്.
സഭ അതിന്‍റെ അസ്തിത്വത്തിലും എല്ലാ ഉദ്യമങ്ങളിലും – വിശിഷ്യാ സുവിശേഷ പ്രഘോഷണത്തിലും കര്‍‍ത്താവിന്‍റെ വിരുന്നു മേശയുടെ കൂട്ടായ്മയിലും ഉപവി പ്രവര്‍ത്തനങ്ങളിലും മനുഷ്യന്‍റെ സമഗ്ര വികസനമാണ് യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് (Caritas in Veritate, 11) എന്‍റെ മുന്‍ഗാമികളുടെ ചുവടുപിടിച്ചുകൊണ്ട് ഞാനും പ്രസ്താവിക്കുന്നു.

2. വിപ്രവാസം പ്രത്യാശയുടെ തീര്‍ത്ഥാടനം
വിവിധ കാരണങ്ങളാല്‍ കുടിയേറ്റത്തിന്‍റെ തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന്
സ്ത്രീ-പുരുഷന്മാരെ ഇന്നു ഞാന്‍ ഓര്‍ക്കുന്നു. കുടിയേറ്റത്തിന്‍റെ ബാഹുല്യവും, അത് ഉയര്‍ത്തുന്ന സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്ക്കാരികവും മതാത്മകവുമായ പ്രശ്നങ്ങളും, അന്താരാഷ്ട്ര സമൂഹത്തിനും രാഷ്ട്രങ്ങള്‍ക്കും അത് കാരണമാക്കുന്ന നാടകീയമായ വെല്ലുവിളികളുംകൊണ്ട് ഇന്ന് ഏറെ ശ്രദ്ധേയമാകുന്ന പ്രതിഭാസമാണ് കുടിയേറ്റം (Caritas in Veritate, 62). കാരണം എല്ലാ സാഹചര്യങ്ങളിലും മാനിക്കപ്പെടേണ്ടതും തള്ളിക്കളയാനാവാത്തതുമായ അടിസ്ഥാന അവകാശങ്ങളുള്ള വ്യക്തി തന്നെയാണ് ഓരോ പ്രവാസിയും. അതുകൊണ്ടുതന്നെയാണ് ‘കുടിയേറ്റം വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും തീര്‍ത്ഥാടനം,’ എന്ന ശീര്‍ഷകത്തില്‍ ഈ വര്‍ഷത്തെ ആഗോള പ്രവാസീദിന സന്ദേശം ഞാന്‍ പ്രസിദ്ധീകരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സുവര്‍ണ്ണജൂബിലി, ‘കുടിയേറുന്ന കുടുംബം’ (Exsul Familia) എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ
60-ാം വാര്‍ഷികം, നവസുവിശേഷവത്ക്കരണവുമായി സഭ പ്രഘോഷിച്ച വിശ്വാസവത്സരം എന്നിവ 2013-ാമാണ്ടിന്‍റെ സവിശേഷതകളാണ്.

ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന അവിഭക്തമായ വിശ്വാസവും പ്രത്യാശയുംകൊണ്ട് നിരാശയുടെ കരിനിഴല്‍ തള്ളിനീക്കി നല്ലൊരു നാളയെ സ്വപ്നം കണ്ടുകൊണ്ടാണ് കുടിയേറ്റക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. ദൈവം തന്‍റെ മക്കളെ കൈവെടിയുകയില്ല എന്ന ആഴമായ വിശ്വാസത്തിലാണ് അധികംപേരും അവരുടെ വിപ്രവാസം തുടരുന്നത്. ഈ ഉറപ്പും ഉറവിടങ്ങളിലേയ്ക്ക് മെല്ലെ തിരിച്ചുപോകാമെന്ന പ്രത്യാശയുമാണ് വേര്‍പാടിന്‍റെയും പറിച്ചുനടീലിന്‍റെയും വേദന സഹിക്കാന്‍ പ്രവാസികള്‍ക്ക് കരുത്തു നല്കുന്നത്. ക്ലേശകരമെങ്കിലും വിപ്രവാസകാലം നല്ലൊരു നാളേയ്ക്കായുള്ള ജീവിതയാത്രയാണെന്ന ഉള്‍വിളിയും, ആ ലക്ഷൃം പ്രാപ്യമാണെന്നുള്ള വിശ്വാസവും, യാത്രയുടെ ആലസ്യം മറന്ന് മുന്നോട്ടു നീങ്ങാമെന്നുമുള്ള പ്രത്യാശയുമാണ് പ്രവാസികള്‍ ആത്മനാ വഹിക്കുന്നത്.

3. കുടിയേറ്റക്കാരോടുള്ള സഭയുടെ സാമൂഹ്യ പ്രതിബദ്ധത
വിപ്രവാസത്തിന്‍റെ വിശാല മണ്ഡലത്തില്‍ സഭ വ്യത്യസ്ത തലങ്ങളിലാണ് തന്‍റെ മാതൃവാത്സല്യവും കരുതലും പ്രകടമാക്കുന്നത്: കുടിയേറ്റം കാരണമാക്കുന്ന കൊടുംദാരിദ്ര്യവും അതിന്‍റെ വേദനയും,
അതു കൊണ്ടുചെന്നെത്തിക്കുന്ന ജീവിതത്തിന്‍റെ ദയനീയവും ആശങ്കാപൂര്‍ണ്ണവുമായ ജീവിത ചുറ്റുപാടുകള്‍ക്കും സഭ സാക്ഷിയാണ്. കുടിയേറ്റത്തിന്‍റെ അടിയന്തിരാവസ്ഥകള്‍ കണ്ടുകൊണട് – വ്യക്തികളെയും, സമൂഹങ്ങളെയും, സന്നദ്ധ സംഘടനകളെയും, ഇടവക രൂപതാ സംവിധാനങ്ങളെയും, സന്മനസ്സുള്ള സകലരെയും ഏകോപിപ്പിച്ചുകൊണ്ടാണ് കുടിയേറ്റക്കാര്‍ക്കുള്ള സഹായത്തിന്‍റെ കര്‍മ്മപദ്ധതികള്‍ സഭ ആവിഷ്ക്കരിക്കുന്നത്.

കുടിയേറ്റത്തിന്‍റെ ക്രിയാത്മക വശങ്ങള്‍ - അതിന്‍റെ കരുത്തും കഴിവും സമൃദ്ധിയും - എപ്പോഴും സഭ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും അടിസ്ഥാന മതാത്മക ജീവിതത്തെ അവഗണിക്കാതെ പുതിയ സാമൂഹ്യ സാംസ്ക്കാരിക ചുറ്റുപാടുകളിലേയ്ക്ക് അവരെ സമന്വയിപ്പിക്കുന്നതിനായി കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായി പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ സഭ ശ്രദ്ധിക്കുന്നു.
തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന പ്രേഷിതദൗത്യം കണക്കിലെടുത്തുകൊണ്ട്, അവര്‍ക്ക് പ്രത്യേക ശ്രദ്ധയും പരിലാളനയും നല്കേണ്ടത് സഭയുടെ ദൗത്യമായി പരിഗണിക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ക്രൈസ്തവരായ വിപ്രവാസികളോട് സഭൈക്യ സംവാദത്തിന്‍റെ നയങ്ങള്‍ പുലര്‍ത്തുമ്പോഴും, കത്തോലിക്കരായവര്‍ക്ക് അവരവരുടെ റീത്തുകളുടെ അടിസ്ഥാനത്തില്‍ അജപാലന ശുശ്രൂഷ ലഭ്യമാക്കുവാനും അതാതു രാജ്യങ്ങളിലെ പ്രാദേശിക സഭാ സമൂഹത്തില്‍ പങ്കാളിത്തം നല്കുവാനും ഇന്ന് സംവിധാനങ്ങളുണ്ട്.

4. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച വിപ്രവാസത്തിലെ അനര്‍ഘസമ്പത്ത്
മനുഷ്യന്‍റെ ശ്രേയസ്സും ആത്മീയ ഐക്യവുമാണ് ലോക രക്ഷകനായ ക്രിസ്തുവിലേയ്ക്കുള്ള യഥാര്‍ത്ഥവും നവീകൃതവുമായ മാനസാന്തരത്തിന്‍റെ വഴി തുറക്കുന്നത് (Porta Fidei, 6) . ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് വിപ്രവാസികളായവര്‍ക്ക് സഭ നല്ക്കുന്ന അനര്‍ഘമായ സമ്പത്ത്. അത് അവര്‍ക്ക് സ്ഥായിയായ പ്രത്യാശയുടെ വഴിതുറക്കുന്നു. സഭയും സഭാ പ്രസ്ഥാനങ്ങളും ഔദാര്യത്തിന്‍റെ മാത്രം കേന്ദ്രങ്ങളാവാതെ സ്നേഹത്തിന്‍റെ മനോഭാവം കാണിച്ചുകൊണ്ട്, സാമൂഹ്യപുരോഗതിയില്‍ കുടിയേറ്റക്കാരെ പങ്കുചേര്‍ക്കുകയും, അവരുടെ അവകാശങ്ങള്‍ക്കൊപ്പം ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിക്കുന്നവരായി ജീവിത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഇഴുകിച്ചേരാന്‍ സഹായിക്കേണ്ടതുമാണ്.

പച്ചപ്പുല്‍പ്പുറങ്ങള്‍ തേടിയുള്ള ഈ പ്രയാണത്തില്‍ പതറാത്ത ആശയും പ്രത്യാശയും ഉണ്ടെങ്കില്‍ മാത്രമേ വിപ്രവാസികളുടെ സാമ്പത്തികവും സാമൂഹ്യവുമായ അവസ്ഥ മെച്ചപ്പെടുകയുള്ളൂ.
പീഡനങ്ങളും അധിക്രമങ്ങളുമുള്ള രാജ്യങ്ങളില്‍നിന്നും ഉരുവംകൊള്ളുന്ന വിപ്രവാസത്തിന് നിലനില്പും, തുടര്‍ന്നു ജീവിക്കാനുള്ള കരുത്തും നല്കുന്നത് അകലെയുള്ള പ്രിയപ്പെട്ടവരെയും കുടുംബത്തെയും കുറിച്ചുള്ള സ്വപ്നങ്ങളാണ്. ജീവിതത്തിന്‍റെ കഷ്ടനഷ്ടങ്ങള്‍ മൂലം ലക്ഷൃബോധമില്ലാത്ത അവസ്ഥയിലും ഭാവിയെക്കുറിച്ചുള്ള മങ്ങിയ ധാരണയും മുന്നില്‍ നില്ക്കുമ്പോഴും, പ്രത്യാശയോടും ധൈര്യത്തോടുംകൂടെ വിപ്രവാസത്തിന്‍റെ നവമായ ചുറ്റുപാടുകളില്‍ പുതുജീവിതം ഇനിയും വളര്‍ത്തിയെടുക്കാമെന്ന പ്രത്യാശ വിപ്രവാസികളെ മുന്നോട്ടു നയിക്കുന്നു. മറ്റുള്ളവരുടെ ജീവിത ദുരന്തങ്ങളോടും യാതനകളോടും സഹാനുഭാവം കാണിക്കുന്നവരെയും, മാനുഷികവും ഭൗതികവുമായ തങ്ങളുടെ ആവശ്യങ്ങളില്‍ സഹായിക്കുന്നവരെയും പ്രയാണത്തില്‍ കണ്ടുമുട്ടുമെന്ന് അവര്‍ വിശ്വസിക്കുന്നു. സന്മനസ്സുള്ളവര്‍ നല്കുന്ന മൂല്യങ്ങളും സഹായവും സ്വീകരിക്കുന്നതോടൊപ്പം തങ്ങളേക്കാള്‍ നിരാലംബരും പാവങ്ങളുമായവരോട് കുടിയേറ്റക്കാര്‍ സഹാനുഭാവം കാണിക്കേണ്ടതുമാണ്.

5. കുടിയേറാനും കുടിയേറാതിരിക്കാനുമുള്ള കാരണങ്ങള്‍
സഹാനുഭാവം എന്ന ജീവിതമൂല്യം നേട്ടവും ഒപ്പം ഉത്തരവാദിത്വവുമാണ് (Caritias in Veritate, 43). തങ്ങളുടെ വിശ്വാസസാക്ഷൃവും തൊഴില്‍ വൈദഗ്ദ്ധ്യവും, സാമൂഹ്യ സാംസ്ക്കാരിക പൈതൃകങ്ങളും കുടിയേറ്റ രാജ്യങ്ങളിലെ പുരാതനമായ ക്രിസ്തീയ പരാമ്പര്യങ്ങളുമായി പങ്കുവയ്ക്കുകയും, അങ്ങനെ അവര്‍ക്ക് നവജീവനും ഉന്മേഷവും നല്കിക്കൊണ്ട് ക്രിസ്തുവിനെ വീണ്ടും കണ്ടെത്താനും, സഭയിലേയ്ക്ക് അവരെ തിരികെക്കൊണ്ടുവരുവാനും കുടിയേറ്റക്കാര്‍ പരിശ്രമിക്കേണ്ടതാണ്.

കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുള്ളതുപോലെ തന്നെ, അവരുടെ അവകാശങ്ങളും അന്തസ്സും ആതിഥ്യ രാഷ്ട്രങ്ങള്‍ മാനിക്കേണ്ടതാണ്. ഒരോരുത്തരുടേയും
ജീവനോപാധികളും പദ്ധതികളും സാക്ഷാത്ക്കരിക്കാന്‍ ലോകത്തിലെവിടെയും കുടിയേറി പാര്‍ക്കുവാനുള്ള സ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശമാണെന്ന് ‘സഭ ആധുനിക യുഗത്തില്‍’ (Gudium et Spes) എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയിലൂടെ സഭ പഠിപ്പിക്കുന്നുണ്ട്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശം അടിസ്ഥാനപരമാണെന്ന് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നിന്‍റെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കൂടിയേറാനുള്ള അവകാശത്തിനുമപ്പുറം അന്യനാടുകളിലേയ്ക്ക് കുടിയേറാതിരിക്കാനുള്ള കാരണങ്ങളെക്കുറിച്ചും നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്. വിദേശങ്ങളിലേയ്ക്ക് കുടിയേറാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ നിയന്ത്രണാധീനമാക്കിയെങ്കില്‍ മാത്രമേ, ജന്മനാട്ടില്‍ മണ്ണിന്‍റെ മക്കളുടെ അവകാശങ്ങള്‍ മാനിക്കപ്പെടുകയുള്ളൂ.

ഇന്നിന്‍റെ വര്‍ദ്ധിച്ച കുടിയേറ്റ പ്രതിഭാസത്തിനു കാരണം, സാമ്പത്തിക പ്രതിസന്ധി, ദാരിദ്ര്യം, പ്രകൃതിക്ഷോഭം, കാലാവസ്ഥാ കെടുതി, യുദ്ധം, സാമൂഹ്യ അസ്വസ്ഥതകള്‍ എന്നിവയാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആത്മവിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും തീര്‍ത്ഥാടനവും, ഉത്തരവാദിത്വപൂര്‍ണ്ണമായ മുന്നേറ്റവുമാകേണ്ട വിപ്രവാസം വ്യക്തികള്‍ ചൂഷണം ചെയ്യപ്പെടുന്ന ജീവരക്ഷാര്‍ത്ഥമുള്ള പലായനത്തിന്‍റെ പേടിസ്വപ്നമായി മാറുന്നു. അന്തസ്സുള്ള ജീവിതചുറ്റുപാടും സാമാന്യം നല്ല സാമൂഹ്യ സുസ്ഥിതിയും കുടിയേറ്റത്തിലൂടെ കുറച്ചുപേര്‍ കൈവരിക്കുമ്പോള്‍, അധികംപേരും അടിസ്ഥാന അവകാശങ്ങള്‍ നഷ്ടപ്പെടുന്നവരും, ചൂഷിതരുമായിത്തീരുകയും, അങ്ങനെ ആതിഥേയ സമൂഹത്തിനുതന്നെ ഭീഷണിയാകുന്ന ജീവിത ശൈലിയിലേയ്ക്ക് വഴുതിവീഴുകയും ചെയ്യുന്നു. ആതിഥ്യ സമൂഹത്തിലേയ്ക്കുള്ള ഇഴുകിച്ചേരലും, അവകാശങ്ങള്‍ക്കൊപ്പമുള്ള ഉത്തരവാദിത്തങ്ങളും, അന്തസ്സുള്ള ജീവിതത്തിനുവേണ്ട ശ്രദ്ധയും താല്പര്യവും വിപ്രവാസികള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മനുഷ്യക്കച്ചവടം, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ചൂഷണം എന്നിവ ഉള്‍പ്പെടുന്ന ഇന്നിന്‍റെ ക്രമരഹിതമായ കുടിയേറ്റം അടിയന്തിരമായ ശ്രദ്ധയാകര്‍ഷിക്കുന്നു. കുടിയേറ്റത്തില്‍ കടന്നുകൂടുന്ന കുറ്റകൃത്യങ്ങള്‍ തികച്ചും അപലപനീയമാണ്.

നിയമാനുസൃതമായ കുടിയേറ്റത്തിന് രാഷ്ട്രത്തിന്‍റെ അതിര്‍ത്തികള്‍ ഒരിക്കലും കൊട്ടിയടയ്ക്കപ്പെടുന്നില്ല. മനുഷ്യക്കച്ചവടം പോലുള്ള കെണികളില്‍ കുടിയേറ്റക്കാര്‍ വീഴാതിരിക്കുന്നതിനും ക്രമരഹിതമായ കുടിയേറ്റങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് ശക്തമായ നിയമനടപടികളും ക്രമസംവിധാനങ്ങളും ഈ മേഖലയില്‍ രാഷ്ട്രങ്ങള്‍ ഇന്ന് കൈക്കൊള്ളുന്നത്. രാഷ്ട്രീയ അഭയം തേടുന്നവരെക്കാള്‍ മാനുഷികവും മനുഷ്യാവകാശപരവുമായ സംരക്ഷണത്തിനായി നിയമാനുസൃതം കുടിയേറുന്നവരോടാണ് കൂടുതല്‍ പരിഗണന കാണിക്കേണ്ടത്. മനുഷ്യക്കച്ചവടം പോലുള്ള ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും, അനധികൃത കുടിയേറ്റം തടയുന്നതിനും, പ്രവാസികളുടെ നന്മയ്ക്കും പുരോഗതിക്കുംവേണ്ടി, സ്രോതസ്സാകുന്ന രാഷ്ട്രങ്ങള്‍ നിയമപരവും സാങ്കേതികവുമായ ഇടപെടലുകള്‍ നടത്തേണ്ടത് അടിയന്തിര ആവശ്യമാണ്. ഈ മേഖലയില്‍ ശരിയായ നിയമനിര്‍മ്മാണം നടപ്പിലാക്കുന്നതു കൂടാതെ ക്ഷമയുള്ളതും നിരന്തരവുമായ പരിശ്രമംവഴി മനസ്സുകളെയും മനഃസാക്ഷിയെയും ക്രമേണ രൂപപ്പെടുത്തേണ്ടതും ഇന്നിന്‍റെ ആവശ്യമാണ്.

6. ക്രിസ്തു വിപ്രവാസത്തിലെ ദിശാതാരം
മാനവപുരോഗതി ലക്ഷൃമിടുന്ന സന്നദ്ധ സംഘടനകളും സഭാ പ്രസ്ഥാനങ്ങളും തമ്മില്‍ പരസ്പര ധാരണ വളര്‍ത്തിക്കൊണ്ട് മനുഷ്യവ്യക്തിയുടെ ഈ മേഖലയിലുള്ള സമഗ്ര പുരോഗതിക്കായി അവര്‍ പരിശ്രമിക്കേണ്ടതാണ്. സുവിശേഷത്തോടുള്ള വിശ്വസ്തതവഴി സമ്പൂര്‍ണ്ണ മനുഷ്യനായ ക്രിസ്തുവിനെ അനുകരിച്ചുകൊണ്ടും മാനവികത കൈവരിക്കാന്‍ സ്വയം പരിശ്രമിച്ചുകൊണ്ടുമാണ് ക്രിസ്തീയ കാഴ്ചപ്പാടില്‍ സാമൂഹ്യവും മാനവികവുമായ അര്‍പ്പണം ശക്തിപ്പെടുത്തേണ്ടത് (Spe Salve, 41).

പ്രിയ സഹോദരീ സഹോദരന്മാരേ, ജീവിതയാത്രയില്‍ നിങ്ങള്‍ക്കു സമീപസ്ഥനായ ക്രിസ്തുവിനോടുള്ള വിശ്വാസവും പ്രത്യാശയും നവീകരിച്ചുകൊണ്ടു മുന്നേറാന്‍ ഈ കുടിയേറ്റദിനം എല്ലാവരേയും തുണയ്ക്കട്ടെ. കുടിയേറ്റ പ്രവാഹത്തില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന കാരുണ്യത്തിന്‍റെ ഓരോ അനുഭവത്തിലും ക്രിസ്തുവനെ ദര്‍ശിക്കുക. സന്മനസ്സുള്ളവര്‍ നല്കുന്ന തുറവിന്‍റെയും അംഗീകാരത്തിന്‍റെയും അനുഭവങ്ങള്‍ മറക്കരുത്. “സന്തോഷിക്കുക, കാരണം കര്‍ത്താവു സമീപസ്ഥനാണ്.” അവിടുത്തോടു ചേര്‍ന്നുനിന്നാല്‍ നിങ്ങളുടെ ജീവിത ക്ലേശങ്ങളും പ്രതിബന്ധങ്ങളും തീര്‍ച്ചയായും മറികടക്കാനാവും. കാറ്റുംകോളും നിറഞ്ഞ ചരിത്രത്തിന്‍റെ ജീവിതസാഗരത്തില്‍ ഒരു ദിശാതാരത്തെ തേടിയുള്ള നീണ്ടയാത്രയാണ് കുടിയേറ്റവും, ജീവിതം തന്നെയും. നന്മ പങ്കുവച്ചിട്ടുള്ളവരാണ് ജീവിത പാന്ഥാവിലെ ആത്മീയ താരങ്ങള്‍. അവര്‍ പ്രത്യാശയുടെ വിളക്കുകളാണ്. ക്രിസ്തുവാണ് യഥാര്‍ത്ഥ വെളിച്ചം. ചരിത്രത്തിന്‍റെ കരിനിഴലിനു മുകളില്‍ വിരിഞ്ഞ വിശ്വപ്രകാശം ക്രിസ്തുവാണ്. അവിടുത്തെ ചാരത്തണയാന്‍ നമുക്കു വെളിച്ചം വേണം. നമ്മുടെ ജീവിത പാതകളെ തെളിയിക്കുന്ന നന്മയുടെ പ്രകാശങ്ങളാകുന്ന വ്യക്തികളെ ജീവിതത്തില്‍ നമുക്ക് ആവശ്യമാണ് (Spe Salvi, 49).

ഉഷഃകാലതാരവും പ്രത്യാശയുടെയും സമാശ്വാസത്തിന്‍റെയും പ്രദീപവുമായ പരിശുദ്ധ കന്യകാനാഥയ്ക്ക് വിപ്രവാസികളായ ഓരോരുത്തരെയും ഞാന്‍ സമര്‍പ്പിക്കുന്നു. ജീവിതയാത്രയിലെ ഓരോ നിമിഷങ്ങളിലും പരിശുദ്ധ അമ്മയുടെ മാതൃസാന്നിദ്ധ്യം നമ്മോടൊപ്പം ഉണ്ടാവട്ടെ!

നിങ്ങളെ ഏവരെയും സ്നേഹപൂര്‍വ്വം ഞാന്‍ ആശിര്‍വ്വദിക്കുന്നു.
വത്തിക്കാനില്‍നിന്ന്
+ ബനഡിക്ട് 16-ാമന്‍ പാപ്പ









All the contents on this site are copyrighted ©.