2012-12-19 20:05:47

കുടിയേറ്റം : മരുപ്പച്ചകള്‍ തേടുന്ന
മനുഷ്യപ്രവാഹം


19 ഡിസംമ്പര്‍ 2012, ന്യൂയോര്‍ക്ക്
മൂന്നുകോടിയോളം ജനങ്ങളാണ് ആഗോളതലത്തില്‍ കുടിയേറ്റക്കാരായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍, ബാന്‍ കി മൂണ് സന്ദേശത്തിലൂടെ അറിയിച്ചു.

ഡിസംബര്‍ 18-ാം തിയതി ഐക്യ രാഷ്ട്ര സംഘടന ആചരിച്ച ‘ആഗോള കുടിയേറ്റദിന’ത്തോട് അനുബന്ധിച്ചിറക്കിയ സന്ദേശത്തിലാണ് ഭീമമായ ആഗോള വിപ്രവാസത്തിന്‍റെ സ്ഥിതിവിവര കണക്കുകള്‍
വെളിപ്പെടുത്തിക്കൊണ്ട് മൂണ്‍ ഇങ്ങനെ പ്രസ്താവിച്ചത്. നാടും വീടും വിട്ടിറങ്ങി ജീവിതയാത്രയില്‍ മരുപ്പച്ചകള്‍ തേടി അന്യരാജ്യങ്ങളില്‍ എത്തിച്ചേരുന്നവരില്‍ അധികംപേരും മനുഷ്യാവകാശ ലംഘനത്തിനും പീഡനങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്ന് മൂണ്‍ ചൂണ്ടിക്കാട്ടി.

യുദ്ധം, അഭ്യന്തരകലാപം, കാലാവസ്ഥാക്കെടുതി, പ്രകൃതിദുരന്തം, ദാരിദ്ര്യം എന്നിവയാല്‍ പുറപ്പെട്ടു പോകുന്നവര്‍ നല്ല നാളയെ സ്വപ്നം കണ്ടുകൊണ്ടാണ് പ്രത്യാശയോടും ധൈര്യത്തോടുംകൂടെ ഈ സാഹസത്തിനു മുതിരുന്നതെന്നും മൂണ്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക മാന്ദ്യം ആഗോളതലത്തില്‍ നിലനില്ക്കുന്ന ഇക്കാലഘട്ടത്തില്‍ കുടിയേറ്റക്കാര്‍ വിപ്രവാസത്തിന്‍റെ തിക്തഫലങ്ങളായ ദാരിദ്ര്യം, പീഡനം, ചൂഷണം, ഒറ്റപ്പെടല്‍ എന്നിവ അനുഭവിക്കുന്നുണ്ടെന്നും മൂണ്‍ വ്യക്തമാക്കി.

സങ്കീര്‍ണ്ണമായ കുടിയേറ്റ പ്രതിഭാസത്തെ മനുഷ്യാവകാശ നിബന്ധനകളുടെ അടിസ്ഥാനത്തിലെങ്കിലും രാഷ്ട്രങ്ങള്‍ തുണയ്ക്കുകയും ക്രിയാത്മകമായി വീക്ഷിക്കുകയും വേണമെന്ന് മൂണ്‍ സന്ദേശത്തിലൂടെ ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.