2012-12-18 15:44:35

സഭയുടെ സമ്പത്ത് സുതാര്യമായി കൈകാര്യം ചെയ്യണമെന്ന് കര്‍ദിനാള്‍ ബെര്‍ത്തോണെ


18 ഡിസംബര്‍ 2012, വത്തിക്കാന്‍
വത്തിക്കാന്‍ വിനിയോഗിക്കുന്ന സമ്പത്ത് സഭയുടെ സാര്‍വ്വത്രിക സഭയുടെ പ്രേഷിത ദൗത്യത്തിനായുള്ളതാണ്. അതു ശരിയായ വിധത്തില്‍ സുതാര്യമായി വിനിയോഗിക്കാന്‍ കൂടുതല്‍ പ്രയത്നിക്കണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ പ്രസ്താവിച്ചു. ഡിസംബര്‍ 18ാം തിയതി ചൊവ്വാഴ്ച, പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക കാര്യാലയത്തിന്‍റെ പുതിയ നിയമക്രമം പ്രകാശനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ കാലം മുതല്‍ സഭയുടെ സാമ്പത്തിക കാര്യാലയത്തില്‍ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ അദ്ദേഹം പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ഇക്കാലത്ത് ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യം പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക കാര്യാലയത്തിലും പ്രകടമാണെന്നും കര്‍ദിനാള്‍ തദവസരത്തില്‍ വെളിപ്പെടുത്തി. 2012 ഫെബ്രുവരി മാസത്തില്‍ പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

അതിനിടെ, വത്തിക്കാന്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ വിശദാംശങ്ങള്‍ ഡിസംബര്‍ 20ാം തിയതി വത്തിക്കാനില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുമെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു.








All the contents on this site are copyrighted ©.