2012-12-18 15:51:13

വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും


18 ഡിസംബര്‍ 2012, റോം
വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണെന്ന് ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര അധ്യാപകന്‍ ഫാ.ദാരിയൂസ് കൊവാള്‍സിക്ക്. വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി വത്തിക്കാന്‍ റേഡിയോയിലൂടെ നല്‍കുന്ന മതബോധന പരമ്പരയിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

ദൈവിക വെളിപാടിന്‍റെ കൈമാറ്റം നടക്കുന്ന വിശുദ്ധ പാമ്പര്യവും വിശുദ്ധ ലിഖിതവും ഗാഢമായി ബന്ധപ്പെട്ടിരിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുവെന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം(80) നമ്മെ ഉത്ബോധിപ്പിക്കുന്നു.
ബൈബിള്‍ വിശ്വാസത്തിന്‍റെ ഏറ്റവും ഉന്നതമായ നിയമായി തിരുസഭ കണക്കാക്കുന്നു. കേവലം മതപരമായ ഒരു ഗ്രന്ഥം എന്നതിനേക്കാളുപരിയായി ദൈവ നിവേശിതമാണതെന്ന് സഭ വിശ്വസിക്കുന്നു. നമ്മുടെ രക്ഷയെ സംബന്ധിച്ച സത്യം അബദ്ധരഹിതമായി വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഗ്രന്ഥകര്‍ത്താവിന്‍റെ പരിമിതികള്‍ മൂലം അതില്‍ ചരിത്രപരമോ ഭൂമിശാസ്ത്രപരമോ ആയ കാര്യങ്ങളില്‍ അവ്യക്തത ഉണ്ടായേക്കാം. എന്നാല്‍ ദൈവം വെളിപ്പെടുത്താന്‍ ആഗ്രഹിച്ച സത്യം വിശ്വസ്തമായും അബദ്ധരഹിതമായും വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു.
മനുഷ്യ ഭാഷയില്‍ രചിക്കപ്പെട്ട ദൈവവചനമാണ് ബൈബിളില്‍ നാം ദര്‍ശിക്കുന്നത്. അതുകൊണ്ടു തന്നെ, ക്രൈസ്തവ വിശ്വാസമെന്നത് വെറുമൊരു ‘ഗ്രന്ഥത്തിന്‍റെ മതമല്ല’ (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 108). ആകാശത്തു നിന്ന് നിപതിച്ച ഒന്നല്ല പുതിയ നിയമഗ്രന്ഥം. ആദിമ ക്രൈസ്തവരുടെ പ്രബോധനങ്ങളുടെ ഫലമാണത്. അതിനാല്‍ സഭയുടെ സജീവ പാരമ്പര്യത്തിന്‍റെ വെളിച്ചത്തിലാണ് ഈ വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍ വായിച്ചു വ്യാഖ്യാനിക്കേണ്ടത്. പക്ഷെ, ഈ നിലപാട് വ്യക്തിപരമായ വിശുദ്ധഗ്രന്ഥപാരായണത്തിനു തടസ്സം സൃഷ്ടിക്കുന്നില്ല. നേരെ മറിച്ച്, ചിട്ടയോടു കൂടി വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യാന്‍ നാമേവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ നമ്മുടെ വ്യക്തിപരമായ ഗ്രാഹ്യം സഭാ പ്രബോധനങ്ങളോടു ചേര്‍ത്തുവയ്ക്കണ്ടതുണ്ട്. ബൈബിളിലെ താളുകള്‍ വായിക്കുമ്പോള്‍ അവയുടെ കേന്ദ്രവും ഉറവിടവും ക്രിസ്തുവാണെന്ന് നാമോര്‍ക്കണം. ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവുമാണ് ബൈബിള്‍ വ്യാഖ്യാനത്തിനുള്ള താക്കോല്‍.
വ്യക്തിപരമായും സഭയോടൊത്തും വിശുദ്ധ ഗ്രന്ഥം വായിച്ചുകൊണ്ട് ദൈവവചനത്തിന്‍റെ അര്‍ത്ഥം നമുക്കു കണ്ടെത്താം. വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണെന്ന വിശുദ്ധ ജെറോമിന്‍റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ വിചിന്തനം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.