2012-12-18 15:52:05

നവസുവിശേഷവല്‍ക്കരണത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ ഏഷ്യന്‍ മെത്രാന്‍മാര്‍


18 ഡിസംബര്‍ 2012, സ്വന്‍ ലോപ് – വിയറ്റ്നാം
നവസുവിശേഷവല്‍ക്കരണം യാഥാര്‍ത്ഥ്യവല്‍ക്കരിക്കാന്‍ നൂതന കര്‍മ്മപദ്ധതികളുമായി ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ഫെഡറേഷന്‍റെ (എഫ്.എ.ബി.സി) പത്താമത് സമ്പൂര്‍ണ്ണ സമ്മേളനം സമാപിച്ചു. ഡിസംബര്‍ 11 മുതല്‍ 16 വരെ വിയറ്റ്നാമിലെ സൈഗോണിലാണ് സമ്മേളനം നടന്നത്. ഏഷ്യന്‍ സഭയുടെ സുവിശേഷവല്‍ക്കരണ ദൗത്യവുമായി ബന്ധപ്പെട്ട്, ആഗോളവല്‍ക്കരണം, സംസ്ക്കാരം, കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും പ്രശ്നങ്ങള്‍, മതസ്വാതന്ത്ര്യം, ദാരിദ്ര്യം, ജീവനു നേരെ ഉയരുന്ന ഭീഷണികള്‍, സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍, പെന്തക്കൊസ്താ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തുടങ്ങിയ നിരവധി വിഷയങ്ങള്‍ സമ്മേളനം വിശകലനം ചെയ്തു.
ഏഷ്യയില്‍ സഭയുടെ ഫലപ്രദമായ സുവിശേഷവല്‍ക്കരണ ദൗത്യത്തിന് ഏഷ്യന്‍ മുഖം അനിവാര്യമാണെന്ന് റാഞ്ചി അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ സമ്മേളനത്തില്‍ പ്രസ്താവിച്ചു. ഗോത്രവര്‍ഗ്ഗക്കാരോടും തദ്ദേശീയ ജനതയോടുമുള്ള ആദരവ് സാമൂഹ്യവും അജപാലനപരവുമായ പദ്ധതികളിലൂടെ പ്രകടമാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യയുടെ സുവിശേഷവല്‍ക്കരണത്തിന് പൗരസ്ത്യ സഭകള്‍ക്ക് മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്ന് തലശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് വലിയമറ്റം പറഞ്ഞു. സുവിശേഷവല്‍ക്കരണ ദൗത്യത്തിനു തടസ്സം സൃഷ്ടിക്കുന്ന ആന്തരിക പ്രതിസന്ധികള്‍ തിരിച്ചറിയാന്‍ ആന്തരികപരിശോധന അനിവാര്യമാണെന്ന് സീറോ മലങ്കര കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് പ്രസ്താവിച്ചു.
ഏഷ്യയിലെ 19 പ്രാദേശിക മെത്രാന്‍സമിതികളുടെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം 16ാം തിയതി ഞായറാഴ്ച സമാപിച്ചു.








All the contents on this site are copyrighted ©.