2012-12-15 16:57:25

സമാധാന സ്ഥാപകരുടെ കര്‍ത്തവ്യത്തെക്കുറിച്ച് ഫാ.ലൊംബാര്‍ദി


15 ഡിസംബര്‍ 2012, വത്തിക്കാന്‍
നീതിയുക്തമായ സമാധാനസ്ഥാപന മാര്‍ഗ്ഗമാണ് മാര്‍പാപ്പ ലോകസമാധാന ദിന സന്ദേശത്തിലൂടെ നല്‍കുന്നതെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി. വത്തിക്കാന്‍ ടെലിവിഷന്‍റെ വാരാന്ത്യ പരിപാടിയായ ഒക്ടാവോ ദിയെസിലാണ് വത്തിക്കാന്‍ ടെലിവിഷന്‍റേയും റേഡിയോ നിലയത്തിന്‍റെയും ജനറല്‍ ഡയറക്ടര്‍ കൂടിയായ ഫാ.ലൊംബാര്‍ദി ഇപ്രകാരം പ്രസ്താവിച്ചത്. ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍’ എന്ന സുവിശേഷസൂക്തമാണ് മാര്‍പാപ്പ ഇക്കൊലം ലോകസമാധാന ദിനസന്ദേശത്തിനു പ്രമേയമാക്കിയിരിക്കുന്നത്. ദൈവ വാഗ്ദാനത്തില്‍ വിശ്വസിച്ചുകൊണ്ട് ജീവിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്നു നില്‍ക്കുന്ന ശുദ്ധഗതിക്കാരാണെന്ന് തോന്നിയേക്കാം. എന്നിരുന്നാലും അവര്‍ ആനന്ദത്തോടെ അതിവിശിഷ്ടമായ സമ്മാനം സ്വീകരിക്കുമെന്ന് പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ആപേക്ഷികതാ വാദത്തിന്‍റെ സ്വേച്ഛാധിപത്യത്തില്‍ നിന്നു മോചനം നേടി, ദൈവം മനുഷ്യഹൃദയങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്ന സ്വാഭാവിക ധാര്‍മ്മിക നിയമങ്ങള്‍ പരിലസിക്കുന്ന അവസ്ഥ സമാധാന സ്ഥാപനത്തിന് അവശ്യം വേണ്ട സാഹചര്യമാണ്. ഈ നിലപാടില്‍ നിന്ന് ജീവന്‍റെ സംരക്ഷണം, വിവാഹം, മതസ്വാതന്ത്ര്യം, മനസാക്ഷിയുടെ സ്വരം അനുസരിച്ചുള്ള ജീവിതം തുടങ്ങിയ വിഷയങ്ങളിലേക്ക് പാപ്പ കടക്കുന്നുണ്ട്. കൂടാതെ സാമ്പത്തിക വികസനത്തിന്‍റേയും പുരോഗതിയുടേയും പുതിയ മാതൃകകള്‍ക്കു രൂപം നല്‍കേണ്ടതിന്‍റെ ആവശ്യകത, സമാധാന പരിശീലനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ലോക സമാധാന ദിന സന്ദേശത്തില്‍ മാര്‍പാപ്പ പ്രതിപാദിച്ചിട്ടുണ്ട്. ലോക സമാധാന ദിനസന്ദേശത്തില്‍ മാര്‍പാപ്പ നല്‍കുന്ന നിര്‍ദേശങ്ങള്‍ ബാലിശമെന്നു തോന്നിയേക്കാമെങ്കിലും സമാധാന സ്ഥാപനത്തിനായുള്ള ശരിയായ മാര്‍ഗ്ഗങ്ങളാണവയെന്ന് ഫാ.ലൊംബാര്‍ദി പ്രസ്താവിച്ചു.

അതിനിടെ, മാര്‍പാപ്പയുടെ സന്ദേശം വളച്ചൊടിക്കാന്‍ ശ്രമിച്ച മാധ്യമങ്ങളെ ഫാ.ലൊംബാര്‍ദി വിമര്‍ശിച്ചു. ആഗോള സാമ്പത്തിക വ്യവസ്ഥയുടെ പുനര്‍ക്രമീകരണം അനിവാര്യമാണെന്ന മാര്‍പാപ്പയുടെ പരാമര്‍ശമാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു വ്യാഖ്യാനിക്കാന്‍ ശ്രമിച്ചത്. നിലവിലുള്ള മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ സമൂഹത്തില്‍ ഗുരുതരമായ സാമൂഹിക അസന്തുലനം സൃഷ്ടിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ ഒരു പുതിയ സാമ്പത്തിക ക്രമത്തിനു രൂപം നല്‍കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും സന്ദേശത്തില്‍ പ്രതിപാദിച്ചിരുന്നു.
മാനവ സമൂഹം അഭിമുഖീകരിക്കുന്ന ഗൗരവമാര്‍ന്ന പ്രശ്നങ്ങളെക്കുറിച്ചാണ് മാര്‍പാപ്പ സന്ദേശത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. പേപ്പല്‍ സന്ദേശം വസ്തുനിഷ്ഠമായി സമീപിക്കണമെന്ന് ഫാ.ലൊംബാര്‍ദി മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.