2012-12-15 16:50:50

നിരുപാധികം സ്നേഹിക്കാന്‍ വിളിക്കപ്പെട്ടവര്‍


15 ഡിസംബര്‍ 2012, വത്തിക്കാന്‍
സുവിശേഷത്തോടും സഭയോടുമുള്ള സ്നേഹത്തെ പ്രതി ദൈവജനത്തിനായി നിരുപാധികം സമര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് വൈദികരും സന്ന്യസ്തരുമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ദൈവവിളിക്കായുള്ള അന്‍പതാം ലോക പ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. 2013 ഏപ്രില്‍ 21നാണ് അന്‍പതാം ലോക ദൈവവിളി പ്രാര്‍ത്ഥനാ ദിനം സാര്‍വ്വത്രിക സഭ ആചരിക്കുന്നത്. ‘ദൈവവിളി - വിശ്വാസത്തില്‍ അടിയുറച്ച പ്രത്യാശയുടെ അടയാളം’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് പാപ്പ സന്ദേശം നല്‍കിയിരിക്കുന്നത്. ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ചയില്‍ നിന്നാണ് ദൈവവിളി ആരംഭിക്കുന്നത്. ദൈവഹിതത്തിലേക്കു പ്രവേശിക്കാനും ദൈവത്തോടു സംവദിക്കുവാനുമുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തിന്‍റെ ഫലമാണതെന്നും പാപ്പ വ്യക്തമാക്കി.
തങ്ങളുടെ വിശ്വാസവും ശുഷ്കാന്തിയും വഴി അവര്‍ നല്‍കുന്ന സാക്ഷൃം മറ്റുള്ളവര്‍ക്ക്, വിശിഷ്യാ യുവതലമുറകള്‍ക്ക് പ്രചോദമാകും. തങ്ങളെ വിളിക്കുന്ന ക്രിസ്തുവിനോടു ഉദാരതയോടെ പ്രത്യുത്തരിക്കാനും അവിടുത്തെ അടുത്തനുഗമിക്കാനും തീവ്രമായ ആഗ്രഹം അങ്ങനെ അവരിലും ഉടലെടുക്കുമെന്ന് പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.