2012-12-12 17:14:57

പാപ്പായുടെ ട്വിറ്റര്‍ സാന്നിദ്ധ്യം
മാനവകുലത്തിന്‍റെ നന്മയ്ക്കായുള്ള തീവ്രവികാരം


12 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
Twitter-ലെ പാപ്പായുടെ സാന്നിദ്ധ്യം നവയുഗത്തിന്‍റെ സുവിശേഷവത്ക്കരണമാണെന്ന് വത്തിക്കാന്‍റെ വിനിമയശാസ്ത്ര വിദഗ്ദ്ധനായ ഫാദര്‍ അന്തോണിയോ സ്പരാദോ പ്രസ്താവിച്ചു.
പാപ്പായുടെ ആദ്യ ടിറ്റര്‍ പരിപാടിയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്, civilta catholica ‘കത്തോലിക്കാ സംസ്ക്കാരം’ എന്ന മാസികയുടെ പത്രാധിപര്‍കൂടിയായ ഫാദര്‍ സ്പരാദോ ഇങ്ങനെ പ്രസ്താവിച്ചത്. എട്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് റേഡിയോയുടെ ഉപജ്ഞാതാവായ മാര്‍ക്കോണിയുടെ മേല്‍നോട്ടത്തില്‍ ആദ്യമായി വത്തിക്കാന്‍ റേഡിയോ ബഹുഭാഷാ പ്രക്ഷേപണം ആരംഭിച്ച, സഭയുടെ മാധ്യമവിപ്ലവത്തിന്‍റെ തുടര്‍ക്കഥയാണ് ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ട്വിറ്റര്‍ സാന്നിദ്ധ്യമെന്നും ഫാദര്‍ സ്പരാദോ വിശേഷിപ്പിച്ചു.

ക്രിസ്തുവിന്‍റെ സുവിശേഷം വിനിമയശാസ്ത്ര ചരിത്രത്തിന്‍റെ ഏടുകളില്‍ ഊറ്റംകൊണ്ടിരിക്കുന്നതിനാല്‍ സഭയ്ക്ക് ആധുനിക സാമൂഹ്യ സമ്പര്‍ക്ക മാധ്യമ ലോകത്തെ നൂതന സരണികളില്‍നിന്നും മാറിനില്ക്കാനാവില്ലെന്നും, വിനിമയ സംസ്ക്കാരം സഭയുടെ അടിസ്ഥാന സ്വഭാവമാണെന്നും
ഫാദര്‍ സ്പരാദോ വ്യക്തമാക്കി. പാപ്പായുടെ വിശ്വാസ പ്രബോധനങ്ങളോടും ആത്മീയ വീക്ഷണത്തോടും വിവാദപരമായ പ്രതികരങ്ങള്‍ ട്വിറ്റര്‍ നെറ്റുവര്‍ക്കില്‍ ഉണ്ടാകാമെങ്കിലും നവസുവിശേഷവത്ക്കരണ പാതയിലെ പുതിയ കാല്‍വയ്പ്പില്‍ സഭയുടെ പതറുകയില്ലെന്നും ഈശോ സഭാ വൈദികനായ ഫാദര്‍ സ്പരാദോ സമര്‍ത്ഥിച്ചു.

വെല്ലുവിളികള്‍ നിറഞ്ഞ ആധുനിക സമ്പര്‍ക്ക മാധ്യമ സരണിയിലേയ്ക്ക് ലാളിത്യത്തോടെ പാപ്പാ ധൈര്യപൂര്‍വ്വം കടന്നവരുന്നത് മാനവകുലത്തിന്‍റെ നന്മയ്ക്കായുള്ള അദ്ദേഹത്തിന്‍റെ തീവ്രവികാരത്തിന്‍റെ തെളിവാണെന്നും അഭിമുഖത്തില്‍ ഫാദര്‍ സ്പരാദോ അഭിപ്രായപ്പെട്ടു. മൊഴിയുടെ മുഖരിതമായ മാധ്യമ ശ്രൃംഖലയിലും മൗനത്തിന്‍റെയും ആദ്ധ്യാത്മികതയുടെയും മൂല്യങ്ങള്‍ കണ്ടെത്തണമെന്നത് പാപ്പായുടെ
2012-ലെ മാധ്യമദിന സന്ദേശമായിരുന്നു. ആധുനിക മാധ്യമലോകത്ത് അനുനിമിഷം ജീവിക്കുന്ന യുവജനങ്ങളുമായി തന്‍റെ ആത്മീയചിന്താധാരകള്‍ വിനിമയംചെയ്യുകയാണ് പാപ്പായുടെ ട്വിറ്റര്‍ സാന്നിദ്ധ്യം ലക്ഷൃംവയ്ക്കുന്നുവെന്നും ഫാദര്‍ സ്പരാദോ വ്യക്തമാക്കി.








All the contents on this site are copyrighted ©.