2012-12-11 16:18:00

വത്തിക്കാനിലെ തിരുപ്പിറവി ആഘോഷങ്ങള്‍


11 ഡിസംബര്‍ 2012, വത്തിക്കാന്‍
ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന തിരുക്കര്‍മ്മങ്ങളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തിറക്കി. പാപ്പായുടെ ആരാധനക്രമകാര്യങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയാണ് തിരുപ്പിറവി തിരുകര്‍മ്മങ്ങളുടെ സമയവിവരം അറിയിച്ചത്.
ഡിസംബര്‍ 24ാം തിയതി തിങ്കളാഴ്ച രാത്രി പത്തുമണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സാഘോഷ ജാഗര ദിവ്യബലിയോടെയാണ് ക്രിസ്തുമസ്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. 25ാം തിയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ലോകത്തിനും റോമാ നഗരത്തിനുമായി,’ urbi et orbi എന്ന സന്ദേശം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍നിന്നും മാര്‍പാപ്പ നല്‍കും.
പ.കന്യകാമറിയത്തിന്‍റെ ദൈവമാതൃത്വ തിരുന്നാളിനൊരുക്കമായി ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചുമണിക്ക് മാര്‍പാപ്പ സായാഹ്ന പ്രാര്‍ത്ഥന നയിക്കും. സായാഹ്ന പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടക്കുന്ന ദിവ്യകാരുണ്യാരാധനയെ തുടര്‍ന്ന് പാപ്പ ദിവ്യകാരുണ്യാശീര്‍വാദവും നല്‍കും.
2013 ജനുവരി 1ന്, പുതുവര്‍ഷ പുലരിയില്‍ രാവിലെ 9.30ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ വത്തിക്കാന്‍ സെക്രട്ടറിയേറ്റിലേയും പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ കാര്യാലയങ്ങളുടേയും മേലധ്യക്ഷന്‍മാര്‍ സഹകാര്‍മ്മികരായിരിക്കും. ദൈവമാതാവായ പരിശുദ്ധ മറിയത്തിന്‍റെ തിരുനാള്‍ ദിനമായ ജനുവരി ഒന്നിന് ലോക സമാധാന ദിനമായി സാര്‍വ്വത്രിക സഭ ആചരിക്കുന്നു. ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍’ എന്നതാണ് ഇക്കൊല്ലത്തെ ലോക സമാധാന ദിനത്തിന്‍റെ പ്രമേയം.

കര്‍ത്താവിന്‍റെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനമായ ജനുവരി ആറാം തിയതി ഞായറാഴ്ച രാവിലെ 9 മണിക്കാണ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നത്. ഡിസംബര്‍ 13ന് കര്‍ത്താവിന്‍റെ ജ്ഞാനസ്നാന തിരുന്നാള്‍ ദിനത്തില്‍ രാവിലെ 9.45നായിരിക്കും ദിവ്യബലി.








All the contents on this site are copyrighted ©.