2012-12-11 16:19:15

നിര്‍മ്മലമായ മനുഷ്യബന്ധങ്ങള്‍ സാമൂഹ്യ വളര്‍ച്ചയ്ക്കനിവാര്യം : കര്‍ദിനാള്‍ ക്ലീമിസ്


11 ഡിസംബര്‍ 2012, തിരുവനന്തപുരം
വിശ്വാസത്തെ മുറുകെപ്പിടിച്ച് മനുഷ്യ മനസുകളെ സ്നേഹിക്കാന്‍ കഴിയുന്നതാണ് സമൂഹ നന്‍മ ലക്ഷൃമാക്കുന്ന ഒരോരുത്തരും ചെയ്യേണ്ടതെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. തിരുവനന്തപുരം പൗരസമിതി യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നല്‍കിയ സ്വീകരണചടങ്ങില്‍ നല്‍കിയ മറുപടി പ്രസംഗത്തിലാണ് കര്‍ദിനാള്‍ ക്ലീമിസ് ഇപ്രകാരം പ്രസ്താവിച്ചത്. കേരളത്തിലെ മതസൗഹാര്‍ദത്തിന്‍റെ അടയാളമായാണ് കര്‍ദിനാള്‍ സ്ഥാനാരോഹണ ചടങ്ങില്‍ വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവര്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നഗരസഭ കര്‍ദിനാളിനു നല്‍കിയ സ്വീകരണത്തില്‍ നിരവധി സാമൂഹിക രാഷ്ട്രീയ മത സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, വി.എസ്.ശിവകുമാര്‍, എം.എല്‍.എ മാരായ പാലോട് രവി, വി. ശിവന്‍കുട്ടി, മേയര്‍ അഡ്വ. കെ. ചന്ദ്രിക, ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ഒ. രാജഗോപാല്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, ശിവഗിരി മഠാധിപതി സ്വാമി സൂക്ഷ്മാനന്ദ, ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി ജ്ഞാനതപസ്വി, ഫാ.യൂജിന്‍ പെരേര, കൗണ്‍സിലര്‍മാരായ മേരി പുഷ്പം, ജോണ്‍സന്‍ ജോസഫ്, ഹരികുമാര്‍ തുടങ്ങിയവര്‍ തദവസരത്തില്‍ നവകര്‍ദിനാളിന് അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

ഭാരതത്തിന്‍റെ മതസൗഹാര്‍ദം ലോകത്തിനു കാട്ടിക്കൊടുക്കാന്‍ നവകര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസിന്‍റെ സ്ഥാനാരോഹണ ചടങ്ങിലൂടെ കഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ സമന്വയത്തിന്‍റേയും സഹിഷ്ണുതയുടേയും അന്തരീക്ഷം നിലനിര്‍ത്തുന്നത് ഇവിടുത്തെ ആത്മീയാചാര്യന്‍മാരുടെ സ്നേഹപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണെന്ന് കവി ഒ.എന്‍.വി കുറുപ്പ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.