2012-12-08 11:49:05

രാഷ്ട്രത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി കോംഗോയിലെ കത്തോലിക്കാ മെത്രാന്‍മാര്‍ ശബ്ദമുയര്‍ത്തുന്നു


07 ഡിസംബര്‍ 2012, കിന്‍ഷാസ
രൂക്ഷമായ ആഭ്യന്തര സംഘര്‍ഷം നേരിടുന്ന മധ്യാഫ്രിക്കന്‍ രാജ്യമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പൊതുജനവും രാഷ്ട്ര നേതാക്കളും അന്താരാഷ്ട്ര സമൂഹവും ഒന്നിച്ചു പരിശ്രമിക്കണമെന്ന് കോംഗോയിലെ കത്തോലിക്കാ മെത്രാന്‍മാര്‍. ദേശീയ മെത്രാന്‍ സമിതി ഡിസംബര്‍ 3 മുതല്‍ 5വരെ കിന്‍ഷാസയില്‍ നടത്തിയ പ്രത്യേക സമ്മേളനം പുറത്തിറിക്കിയ സുദീര്‍ഘ സന്ദേശത്തിലാണ് ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. എം23 എന്ന പ്രസ്ഥാനത്തിലെ കലാപകാരികളുടെ ആക്രമണങ്ങള്‍ മൂലം രാഷ്ട്രം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു സമ്മേളനം വിശകലനം ചെയ്തിരുന്നു. കിഴക്കന്‍ കോംഗോയിലെ കീവ് പ്രവിശ്യയില്‍ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളെ മെത്രാന്‍ സമിതി അപലപിച്ചു. ദേശീയ സൈന്യവും എം 23 സായുധവിമതരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. കൂടുതല്‍ ആയുധ വിതരണം നടത്തിക്കൊണ്ടല്ല സംഘര്‍ഷം അവസാനിപ്പിക്കേണ്ടതെന്ന് മെത്രാന്‍ സമിതി പ്രസ്താവിച്ചു. രാഷ്ട്രത്തിലെ എല്ലാ പൗരന്‍മാരേയും ആദരിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്തുകൊണ്ടാണ് രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തേണ്ടതെന്നും മെത്രാന്‍സമിതി അനുസ്മരിപ്പിച്ചു.

കോംഗോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ബുധനാഴ്ച പൊതുക്കൂടിക്കാഴ്ച്ചാ വേളയില്‍ പ്രത്യേകം അനുസ്മരിച്ചിരുന്നു. സായുധ സംഘര്‍ഷം മൂലം അനേകര്‍ കൊടുംപട്ടിണിയിലാണ്, സ്വഭവനങ്ങള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കു പലായനം ചെയ്യുന്നവരും കുറവല്ല. സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ സംഭാഷണത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും പാതയില്‍ ചരിക്കാനുള അഭ്യര്‍ത്ഥ ആവര്‍ത്തിച്ച മാര്‍പാപ്പ കോംഗോ ജനതയുടെ സഹായത്തിനെത്താന്‍ അന്താരാഷ്ട്ര സമൂഹത്തെ ആഹ്വാനം ചെയ്തിരുന്നു.








All the contents on this site are copyrighted ©.