2012-12-08 11:47:11

ദൈവവുമായുള്ള അനുരജ്ഞനം മാനവ സാഹോദര്യത്തിന്‍റേയും കൂട്ടായ്മയുടേയും ഉറവിടം: മാര്‍പാപ്പ


07 ഡിസംബര്‍ 2012, വത്തിക്കാന്‍
ദൈവ – മനുഷ്യ ബന്ധത്തിലുണ്ടാകുന്ന വിള്ളലുകള്‍ മനുഷ്യബന്ധങ്ങളെ അസന്തുലിതമാക്കുന്നുവെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ദൈവവുമായുള്ള അനുരജ്ഞനം മാനവ സാഹോദര്യത്തിന്‍റേയും കൂട്ടായ്മയുടേയും ഉറവിടമാണെന്നും മാര്‍പാപ്പ വിശദീകരിച്ചു. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍ അംഗങ്ങളുമായി ഡിസംബര്‍ ഏഴാം തിയതി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍റെ വാര്‍ഷിക പൊതുസമ്മേളനത്തോടനുബന്ധിച്ചാണ് മാര്‍പാപ്പ കമ്മീഷന്‍ അംഗങ്ങളോടു കൂടിക്കാഴ്ച്ച നടത്തിയത്. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്ക‍ാന്‍ സംഘത്തിന്‍റേയും അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍റേയും അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ജെറാര്‍ഡ് ലുഡ്വിങ്ങ് മ്യുള്ളര്‍ കൂടിക്കാഴ്ച്ചയുടെ ആരംഭത്തില്‍ ആശംസാ സന്ദേശം നല്‍കി. വിശ്വാസ വര്‍ഷാചരണത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍ പുറത്തിറക്കിയ സന്ദേശത്തിന് നന്ദിപറഞ്ഞ മാര്‍പാപ്പ പ്രസ്തുത സന്ദേശത്തിന്‍റെ പ്രധാന്യത്തെക്കുറിച്ചും തദവസരത്തില്‍ പ്രതിപാദിച്ചു.

ഏകദൈവവിശ്വാസികള്‍ കൂടുതല്‍ അസഹിഷ്ണുതയുള്ളവരും ആക്രമണോത്സുകരുമാണ് എന്ന ആരോപണം ഉയരാറുണ്ട്. എന്നാല്‍ ഏകദൈവത്തിലുള്ള വിശ്വാസമല്ല, ദൈവത്തെ മറക്കുന്നതാണ് അക്രമങ്ങള്‍ക്കു കാരണമാകുന്നതെന്ന് പാപ്പ സമര്‍ത്ഥിച്ചു. ചരിത്രത്തില്‍ ദൈവത്തിന്‍റെ നാമത്തില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവ മുഖ്യമായും ചരിത്രപരമായ കാരണങ്ങള്‍കൊണ്ടുണ്ടായ മാനുഷിക തെറ്റുകളായിരുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി. മനുഷ്യന്‍ ദൈവത്തെ വിസ്മരിക്കുമ്പോഴാണ് സമൂഹത്തില്‍ ആപേക്ഷികതാവാദം വളരുന്നതും അത് അക്രമത്തിലേക്കു വഴിതെളിക്കുന്നതും. സത്യം കണ്ടെത്താനുള്ള സാധ്യത നിഷേധിക്കപ്പെടുമ്പോള്‍ സംവാദവും കൂടിയാലോചനകളും അസാധ്യമാവുകയും തത്ഫലമായി മനുഷ്യബന്ധങ്ങള്‍ അക്രമത്തിന്‍റെ നിയമത്തിനു വിധേയമാവുകയും ചെയ്യുമെന്ന് മാര്‍പാപ്പ വിശദീകരിച്ചു.

കത്തോലിക്കാസഭയുടെ സാമൂഹ്യ പ്രബോധനങ്ങളുടെ പ്രസക്തിയെക്കുറിച്ചും പാപ്പ തദവസരത്തില്‍ സംസാരിച്ചു. സഭയുടെ വിശ്വാസ സംഹിത തന്നെയാണ് സാമൂഹ്യപ്രബോധനങ്ങളുടേയും ഉറവിടം. ‘ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍’ എന്ന ക്രിസ്തുകല്‍പന വിഭിന്ന സാമൂഹ്യ സ്ഥാപനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കുകയാണ് സാമൂഹ്യപ്രബോധനങ്ങളുടെ ലക്ഷൃമെന്ന് മാര്‍പാപ്പ വ്യക്തമാക്കി.








All the contents on this site are copyrighted ©.