2012-12-07 09:17:36

ദേവദാരുവും കളിമണ്‍ ശില്പങ്ങളും
വത്തിക്കാനിലെ പുല്‍ക്കൂടിന് മാറ്റുകൂട്ടും


6 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
എണ്‍പത് അടി ഉയരമുള്ള ദേവദാരുവും, നൂറിലേറെ മണ്‍ശില്പങ്ങളുമായി വത്തിക്കാനിലെ ക്രിസ്തുമസ്സ് സന്നാഹങ്ങള്‍ക്ക് തുടക്കമായി.

ക്രിസ്തുമസ് രംഗചിത്രീകരണം :
തെക്കെ ഇറ്റലിയിലെ ലൂക്കാനാ പ്രവിശ്യയിലെ ജനങ്ങളുടെ ബനഡിക്ട് 16-ാമന്‍ പാപ്പായ്ക്കുള്ള സ്നേഹോപഹാരമാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഇത്തവണ രൂപമെടുക്കുന്ന ക്രിസ്തുമസ് ദൃശ്യങ്ങള്‍. ഇറ്റാലിയന്‍ ശില്പിയും കലാകാരനുമായ ഫ്രാന്‍ചെസ്ക്കോ അര്‍ത്തേസ്സെയാണ് ലൂക്കാനായിലെ ജനങ്ങള്‍ക്കുവേണ്ടി ചത്വരത്തില്‍ ക്രിസ്തുമസ്സ് രംഗങ്ങള്‍ ദൃശ്യാവിഷ്ക്കരണം ചെയ്യുന്നത്. വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിലെയും തോട്ടത്തിലെയും തൊഴിലാളികള്‍ ചത്വരത്തിന്‍റെ കേന്ദ്രഭാഗത്ത് സജ്ജമാക്കുന്ന പരമ്പരാഗത പൂല്‍ക്കൂടിനോട് ചേര്‍ന്ന്, ഇരുപാര്‍ശ്വങ്ങളിലുമായിട്ടാണ് ലൂക്കാനാ-ബസിലിക്കാത്താ പ്രവിശ്യയിലെ ജനതയുടെ ജീവല്‍ബന്ധിയായ രംഗങ്ങളും ഭൂപ്രകൃതിയും വാസ്തു ഭംഗിയും മണ്‍പ്രതിമകളില്‍ ശില്പി, ആര്‍ത്തേസ്സെ കൗതുകകരമായി ചിത്രസംയോജനം ചെയ്യുന്നതെന്ന്, വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തി.

യുനെസ്ക്കോയുടെ സാംസ്ക്കാരിക പൈതൃകവേദിയാണ് തെക്കെ ഇറ്റലിയിലെ ലൂക്കാനാ-ബസിലിക്കാത്താ പ്രവിശ്യ.

ക്രിസ്തുമസ്മരം :
തെക്കെ ഇറ്റലിയിലെ മൊളീസ്സെ താഴ്വാരങ്ങളില്‍നിന്നും എത്തുന്ന
80 അടിയിലേറെ ഉയരമുള്ള ദേവദാരു ഇത്തവണ ചത്വരത്തിലെ ക്രിസ്തുമസ്സ് രംഗങ്ങള്‍ക്ക് മാറ്റുകൂട്ടുമെന്നും, ലോക ശ്രദ്ധയാകര്‍ഷിക്കുന്ന വത്തിക്കാന്‍ ചത്വരത്തിലെ ക്രിബ് ഡിസംബര്‍
14-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം പാപ്പ തിരിതെളിക്കുമെന്നും വത്തിക്കാന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.










All the contents on this site are copyrighted ©.