2012-12-05 16:27:40

മാനവികതയുടെ മനസ്സാക്ഷിയില്‍
ദാരിദ്ര്യം അപമാനകരമെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍


5 ഡിസംമ്പര്‍ 2012, റോം
സമൂഹത്തിന്‍റെ ശാപമാണ് ദാരിദ്ര്യമെന്ന് പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു. യൂറോപ്പിലെ റേഡിയോ പ്രക്ഷേപകരുടെ സംഘടന European Broacasters Union സംഘടിപ്പിച്ച ‘ദാരിദ്ര്യം എന്തുകൊണ്ട്?’ എന്ന ചോദ്യോത്തര പരിപാടിയോട് പ്രതികരിച്ചുകൊണ്ടു നല്കിയ അഭിമുഖത്തിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

കോടിക്കണക്കിന് ജനങ്ങള്‍ ലോകത്ത് ഇനിയും കൊടും ദാരിദ്ര്യത്തില്‍ കഴിയുന്നു എന്ന സത്യം മാനവീകതയുടെ മനസ്സാക്ഷിക്ക് അപമാനകരമാണെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.
ആധുനികതയും ആഗോളവത്ക്കരണവും സൃഷ്ടിച്ചിട്ടുള്ള സാമൂഹ്യക്കയങ്ങളില്‍ അനുദിനം ആയിരങ്ങളുടെ ജീവന്‍ കവര്‍ന്നെടുക്കുന്നത് ദാരിദ്ര്യമാണെന്നും, ലോകത്ത് നിലനില്ക്കുന്ന ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഭീമമായ അന്തരമാണ് ഇതിനു കാരണമെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ആഗോളതലത്തില്‍ ഇന്നും നിലനില്ക്കുന്ന ഭീതിജനകമായ വിശപ്പിനും ദാരിദ്ര്യത്തിനും കാരണം ഭക്ഷൃോല്പാദനത്തിന്‍റെ കുറവല്ല, മറിച്ച് സമ്പത്തിന്‍റെ ഹാനികരമായ അസന്തുലിതാവസ്ഥയാണെന്നും
ബിഷപ്പ് കളത്തിപ്പറമ്പില്‍ സ്ഥിതിവിവരക്കണക്കുകളെ ആധാരമാക്കി അഭിപ്രായപ്പെട്ടു.
ഭൂരിപക്ഷമായ ദരിദ്രരെ അവഗണിച്ച് ന്യൂനപക്ഷമായ സമ്പന്നര്‍ മൂലധനമാകേണ്ട സമ്പത്ത് ഒതുക്കി വച്ചിരിക്കുന്നതാണ് ദാരിദ്ര്യമെന്ന ഒടുങ്ങാത്ത സാമൂഹ്യ വിനാശത്തിനു കാരണമെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.