2012-12-04 15:47:56

മാര്‍പാപ്പയുടെ പ്രഥമ ട്വീറ്റ് ഡിസംബര്‍ 12ന്


04 ഡിസംബര്‍ 2012, വത്തിക്കാന്‍

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഡിസംബര്‍ 12ന് തന്‍റെ ആദ്യത്തെ ഔദ്യോഗിക ട്വീറ്റിങ്ങ് നടത്തുമെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു. ഡിസംബര്‍ 3ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ക്ലൗദിയോ മരിയചെല്ലി, വത്തിക്കാന്‍ വാര്‍ത്താകാര്യലയത്തിന്‍റെ മേധാവി ഫാ.ഫെദറിക്കോ ലൊംബാര്‍ദി, വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വത്തോരെ റൊമാനോയുടെ ഡയറക്ടര്‍ പ്രൊഫ.ജിയാന്‍ മരിയ വിയാന്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റിലെ മാധ്യമ ഉപദേഷ്ടാവ് ഡോ.ഗ്രെയ്ക്ക് ബര്‍ക്ക്, ട്വിറ്റര്‍ സോഷ്യല്‍ ഇന്നൊവേഷന്‍ മേധാവി ക്ലെയര്‍ ഡിയെസ് ഓര്‍ത്തിസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

മാര്‍പാപ്പ ഔദ്യോഗികമായി ട്വീറ്റിങ്ങ് നടത്തുന്നതിനു മുന്‍പേ ലോകമെമ്പാടും നിന്നുള്ള നിരവധി സന്ദര്‍ശകര്‍ പാപ്പായുടെ ട്വിറ്റര്‍ അക്കൗണ്ട് സന്ദര്‍ശിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ മാര്‍പാപ്പയെ പിന്തുടരുന്നവരുടെ എണ്ണം മൂന്നര ലക്ഷത്തിലധികമാണ്. ട്വീറ്റിങ്ങ് തുടങ്ങുന്നതിനു മുന്‍പുതന്നെ ഇത്രയേറെ സന്ദര്‍ശകരെത്തുന്നത് അപൂര്‍വ്വമാണ്. മാര്‍പാപ്പയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് http://twitter.com/pontifex

ഡിസംബര്‍ 12ന് ഗ്വാദലൂപ്പെ കന്യകാനാഥയുടെ തിരുനാള്‍ ദിനത്തിലാണ് മാര്‍പാപ്പ ട്വീറ്റിങ്ങ് ആരംഭിക്കുന്നത്. 12ാം തിയതി ബുധനാഴ്ച മാര്‍പാപ്പയുടെ പൊതുക്കൂടിക്കാഴ്ച്ച ദിനം കൂടിയാണ്. വിശ്വാസത്തെ സംബന്ധിച്ച് ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കും മാര്‍പാപ്പയുടെ പ്രഥമ ട്വീറ്റെന്ന് വത്തിക്കാന്‍ അറിയിച്ചു. ബുധനാഴ്ചകളില്‍ പൊതുക്കൂടിക്കാഴ്ച്ചയോടു ബന്ധപ്പെടുത്തിയായിരിക്കും പാപ്പായുടെ ആദ്യ ട്വീറ്റുകളെങ്കിലും പിന്നീട് കൂടുതല്‍ ട്വീറ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികള്‍ വെളിപ്പെടുത്തി. മാര്‍പാപ്പയോട് വിശ്വാസ സംബന്ധമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ജര്‍മന്‍, പോളിഷ്, അറബി, ഫ്രഞ്ച്, എന്നീ ഭാഷകളില്‍ മാര്‍പാപ്പയ്ക്കെഴുതാം.....
Spanish @pontifex_es
Italian @pontifex_it
Portuguese @pontifex_pt
German @pontifex_de
Polish @pontifex_pl
Arabic @pontifex_ar
French @pontifex_fr








All the contents on this site are copyrighted ©.