2012-12-04 15:16:34

പ്രത്യാശ പകരുന്ന ആഗമന കാലം


(ഡിസംബര്‍ രണ്ടാം തിയതി ഞായറാഴ്ച മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)

പ്രിയ സഹോദരീ സഹോദരന്‍മാരേ,

കത്തോലിക്കാ സഭ പുതിയ ആരാധനാക്രമവല്‍സരത്തിലേക്കു പ്രവേശിക്കുകകയാണ്. വിശ്വാസ വത്സരവും രണ്ടാം വത്തിക്ക‍ാന്‍ സൂന്നഹദോസിന്‍റെ സുവര്‍ണ്ണജൂബിലിയാഘോഷവും കൊണ്ട് സമ്പന്നമാക്കപ്പെട്ടിരിക്കുന്ന ഒരു യാത്രയാണിത്. റോമന്‍ കത്തോലിക്കാ റീത്തു പ്രകാരം ആഗമനകാലത്തിലെ നാല് ആഴ്ച്ചകള്‍ക്കു ശേഷം ക്രിസ്തുവിന്‍റെ മനുഷ്യാവതാര രഹസ്യമായ തിരുപ്പിറവി തിരുന്നാള്‍ കൊണ്ടാടുന്നു. ‘ആഗമനം’ (Advent) എന്ന പദത്തിനര്‍ത്ഥം വരവ്, സാന്നിദ്ധ്യം എന്നൊക്കെയാണ്. പണ്ടു കാലത്ത് ഒരു രാജാവോ ചക്രവര്‍ത്തിയോ തന്‍റെ സാമ്രാജ്യത്തിലെ ഏതെങ്കിലും പ്രവിശ്യകളിലേക്കു നടത്തുന്ന സന്ദര്‍ശനമാണ് ഈ പദം കൊണ്ട്‍ അര്‍ത്ഥമാക്കിയിരുന്നത്. ക്രൈസ്തവ ഭാഷ്യത്തില്‍ ഈ പദം ദൈവത്തിന്‍റെ വരവിനെ അഥവാ ഈ ലോകത്തുള്ള ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. പ്രപഞ്ചത്തെയും മനുഷ്യ ചരിത്രത്തേയും പൂര്‍ണമായും ആവരണം ചെയ്യുന്ന ഈ ദിവ്യരഹസ്യത്തില്‍ രണ്ട് നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളാണുള്ളത്, യേശു ക്രിസ്തുവിന്‍റെ ആദ്യത്തേയും രണ്ടാമത്തേയും വരവ്. ക്രിസ്തുവിന്‍റെ ആദ്യ ആഗമനം അവിടുത്തെ മനുഷ്യാവതാരം തന്നെയാണ്. രണ്ടാമത്തേത് അവിടുത്തെ മഹത്വപൂര്‍ണ്ണമായ ആഗമനമാണ്. അതെന്നു സംഭവിക്കുമന്ന് നമുക്കറിയില്ല. എന്നാല്‍ വ്യത്യസ്ഥ കാലക്രമത്തിലാണ് ഇവ രണ്ടും സംഭവിക്കുന്നതെന്ന് വ്യക്തമാണ്. ക്രിസ്തു തന്‍റെ പീഢാനുഭവവും ഉത്ഥാനവും വഴി മനുഷ്യന് പുതുജീവന്‍ നല്‍കിക്കഴിഞ്ഞു. യുഗാന്തത്തിനു മുന്‍പ് എല്ലാ ജനതകളോടും സുവിശേഷം പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് ക്രിസ്തു പറയുന്നതായി വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (മാര്‍ക്കോസ് 13:10). ഈ ലോകം മുഴുവനും അവിടുത്തെ സാന്നിദ്ധ്യത്തിലേക്കു പ്രവേശിക്കേണ്ടതിന് കര്‍ത്താവിന്‍റെ ആഗമനം ഇന്നും തുടരുന്നു. സുവിശേഷപ്രഘോഷണത്തിലൂടെയുള്ള ക്രിസ്തുവിന്‍റെ നിരന്തരമായ ആഗമനം സാധ്യമാകുന്നതിന് നാമേവരുടേയും സഹകരണം ആവശ്യമാണ്. ക്രിസ്തുവിന്‍റെ മഹത്വപൂര്‍ണ്ണമായ പുരാഗമനത്തിനു തുടക്കം കുറിക്കുന്ന ഈ നിത്യസാന്നിദ്ധ്യത്തില്‍, ക്രൂശിക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത കുഞ്ഞാടിന്‍റെ മണവാട്ടിയായ (വെളിപാട് 21,9) സഭ തന്‍റെ നാഥനോടൊത്തു പ്രവര്‍ത്തിക്കുന്നു.

ക്രിസ്തുവിന്‍റെ ആഗമനത്തിനായി ഒരുങ്ങാനുള്ള മാര്‍ഗ്ഗദര്‍ശനങ്ങളാണ് ദിവ്യബലി മധ്യേ വായിച്ച വിശുദ്ധ ഗ്രന്ഥഭാഗങ്ങളില്‍ നാം ശ്രവിച്ചത്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ക്രിസ്തു തന്‍റെ ശിഷ്യന്‍മാരോട് ഇങ്ങനെ പറയുന്നതു നാം കേള്‍ക്കുന്നു..... “സുഖലോലുപത, മദ്യാസക്തി, ജീവിത വ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ് ദുര്‍ബലമാകാതിരിക്കട്ടെ.........സദാ പ്രാര്‍ത്ഥിച്ചുകൊണ്ട്, ജാഗരൂകരായിരിക്കുവിന്‍”. (ലൂക്കാ21,34.36) അതായത് ആത്മ നിയന്ത്രണവും പ്രാര്‍ത്ഥനയും. അതോടൊപ്പം സ്നേഹത്തില്‍ വളരാനുള്ള ആഹ്വാനവും കൂടി വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ കൂട്ടിച്ചേര്‍ക്കുന്നു. “നിങ്ങള്‍ തമ്മില്‍ത്തമ്മിലും മറ്റെല്ലാവരോടുമുള്ള സ്നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്‍റെ വിശുദ്ധരോടു കൂടിവരുമ്പോള്‍ നിങ്ങളുടെ ഹൃദയങ്ങളെ നിഷ്കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടേ” (1 തെസല. 3,12-13). ഈ ലോകത്തിലെ കോലാഹലങ്ങള്‍ക്കും ഭൗതികവാദത്തിന്‍റെ മരുഭൂവിനും മധ്യേ ക്രൈസ്തവര്‍ ദൈവം നല്‍കുന്ന രക്ഷ സ്വീകരിക്കുകയും തങ്ങളുടെ ജീവിതത്തിലൂടെ അതിനു സാക്ഷൃം നല്‍കുകയും ചെയ്യുന്നു. വ്യത്യസ്തമായ ജീവിത ശൈലിയിലൂടെ സാക്ഷൃം നല്കുന്ന ക്രൈസ്തവ സമൂഹം മലമുകളില്‍ സ്ഥാപിക്കപ്പെട്ട നഗരം പോലെയാണ്. അക്കാലത്ത് “ജറുസേലം ഭദ്രമായിരിക്കുകയും നമ്മുടെ നീതി കര്‍ത്താവ് എന്ന് വിളിക്കപ്പെടുകയും” ചെയ്യുമെന്ന് ജെറമിയാ പ്രവാചകന്‍ പ്രഖ്യാപിക്കുന്നു. (ജെറ. 33,16) ദൈവ സ്നേഹവും നീതിയും ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ അടയാളമാണ് വിശ്വാസികളുടെ സമൂഹം. ദൈവ സ്നേഹവും നീതിയും ലോകത്തില്‍ പ്രകടമാണെങ്കിലും അത് പൂര്‍ണ്ണ സാക്ഷാത്ക്കരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ നാം ക്ഷമയോടും ധൈര്യത്തോടും കൂടി പ്രാര്‍ത്ഥനാപൂര്‍വ്വം അതിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു.

ദൈവവചനം ശ്രവിക്കുകയും ദൈവതിരുമനസ്സ് നിറവേറ്റാന്‍ തീവ്രമായി ആഗ്രഹിക്കുകയും സന്തോഷത്തോടെ മറ്റുള്ളവരെ ശുശ്രൂഷിക്കുകയും ചെയ്യുന്ന ആഗമനകാല അരൂപിയുടെ പരിപൂര്‍ണ്ണ മാതൃകയാണ് പരിശുദ്ധ കന്യകാമറിയം. ദൈവം ആഗതനാകുമ്പോള്‍ നമ്മെ അശ്രദ്ധരും അവിടുത്തെ സ്വീകരിക്കാന്‍ തയ്യാറാല്ലാത്തവരുമായി കാണാതിരിക്കട്ടെ. നേരെ മറിച്ച്, നാമോരോരുത്തരും ദൈവ രാജ്യത്തിന്‍റെ സ്നേഹവും നീതിയും സമാധാനവും പങ്കുവയ്ക്കുന്നവരായി മാറുന്നതിന് പരിശുദ്ധ മറിയം നമ്മെ നയിക്കട്ടെ.....
x x x x x x x

ത്രികാല പ്രാര്‍ത്ഥനയെതുടര്‍ന്ന് വിശ്വാസ സമൂഹത്തെ വീണ്ടും അഭിവാദ്യം ചെയ്ത മാര്‍പാപ്പ ഡിസംബര്‍ രണ്ടാം തിയതി ഞായറാഴ്ച വാഴ്ത്തപ്പെട്ടപദത്തിലേക്കുയര്‍ത്തപ്പെട്ട ദേവസഹായം പിള്ളയെക്കുറിച്ച് പരാമര്‍ശിച്ചു.
“പ്രിയ സഹോദരരെ, 18ാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിച്ച അല്‍മായ വിശ്വാസിയായ ദേവസഹായം പിള്ള ഇന്ന് ഇന്ത്യയിലെ കോട്ടാറില്‍ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. ഭാരതസഭയുടെ ആനന്ദത്തില്‍ നമുക്കും പങ്കുചേരാം. വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള, ശ്രേഷ്ഠവും കുലീനവുമായ ഇന്ത്യയിലെ ക്രൈസ്തവരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം”.

തദനന്തരം, ഡിസംബര്‍ മൂന്നാം തിയതി തിങ്കളാഴ്ച ആചരിക്കുന്ന ലോക വികലാംഗ ദിനത്തെക്കുറിച്ച് പാപ്പ പരാമര്‍ശിച്ചു. ഗുരുതരമായ ശാരീരിക മാനസിക വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍പോലും മനുഷ്യ വ്യക്തിയുടെ അന്തസ്സ് അമൂല്യമാണ്. അങ്ങനെയുള്ള സഹോദരീ സഹോദരന്‍മാരെ സ്വീകരിക്കാനും ശുശ്രൂഷിക്കാനും സഭാ സമൂഹങ്ങള്‍ക്ക് മാര്‍പാപ്പ പ്രോത്സാഹനം പകര്‍ന്നു. വികലാംഗരെ സംരക്ഷിക്കുന്നതിനും സാമൂഹ്യ ജീവിതത്തില്‍ പൂര്‍ണ്ണമായി പങ്കുചേരാന്‍ അവരെ സഹായിക്കുന്നതിനും ഭരണാധികാരികളേയും നിയമ നിര്‍മ്മാതാക്കളേയും പാപ്പ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.