2012-12-01 17:18:24

അജപാലകരുടേയും ദൈവജനത്തിന്‍റേയും ജീവിതസാക്ഷൃത്തിലൂടെ ഫലദായകമാകുന്ന സുവിശേഷ പ്രഘോഷണം


01 ഡിസംബര്‍ 2012, വത്തിക്കാന്‍
അജപാലകരുടേയും ദൈവജനത്തിന്‍റേയും ജീവിതസാക്ഷൃത്തിലൂടെയാണ് സുവിശേഷ പ്രഘോഷണം സുനിശ്ചിതവും സുശക്തവുമാകുന്നതെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാള്‍ ദിനത്തില്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബെര്‍ത്തലോമേയോ പ്രഥമന് അയച്ച ആശംസാ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘത്തെയും മാര്‍പാപ്പ അയച്ചിരുന്നു.
വി.അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുന്നാളിന് വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധി സംഘം കോണ്‍സ്റ്റാന്‍റിനോപ്പിളിലെത്തുന്നതും വി.പത്രോസ്, പൗലോസ് അപ്പസ്തോലന്‍മാരുടെ തിരുനാളില്‍ പങ്കെടുക്കാന്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് പ്രതിനിധി സംഘം വത്തിക്കാനിലെത്തുന്നതും ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ഐക്യത്തിന്‍റേയും സാഹോദര്യത്തിന്‍റേയും അടയാളമാണെന്നും മാര്‍പാപ്പ പറഞ്ഞു. സഭകള്‍ തമ്മില്‍ ഇപ്പോഴുള്ള ഐക്യം അപൂര്‍ണമാണ്. ക്രിസ്തു വിഭാവനം ചെയ്ത സമ്പൂര്‍ണ്ണ ഐക്യത്തിലേക്കുള്ള പാത നീണ്ടതും ദുര്‍ഘടം പിടിച്ചതുമാണെങ്കിലും ദൃഡനിശ്ചയത്തോടെ ഈ യാത്ര തുടരുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
ഇരുസഭകളും തമ്മിലുള്ള ഐക്യവും കൂട്ടായ്മയും വളര്‍ത്താന്‍ പാത്രിയാര്‍ക്കീസ് ബെര്‍ത്തലോമേയോ പ്രഥമന്‍ നല്‍കുന്ന സഹകരണത്തിന് പാപ്പ നന്ദി പറഞ്ഞു. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സുവര്‍ണ്ണജൂബിലി - വിശ്വാസ വര്‍ഷത്തിന്‍റെ ഉത്ഘാടന – ആഘോഷ പരിപാടികളില്‍ പാത്രിയാര്‍ക്കീസ് ബെര്‍ത്തെലോമെയോ പങ്കെടുത്തിരുന്നു. കൂടാതെ നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച സിനഡു സമ്മേളനത്തിലേക്ക് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്‍റെ ഒരു പ്രതിനിധി സംഘത്തേയും അദ്ദേഹം അയച്ചിരുന്നു. നവസുവിശേഷവല്‍ക്കരണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മാര്‍പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു. ‘വിളവധികം’ എന്ന ക്രിസ്തു വചനം അനുസ്മരിച്ച മാര്‍പാപ്പ ക്രൈസ്തവരുടെ ദൗര്‍ബല്യവും ഭിന്നതയും മൂലം ആ വിളവ് നഷ്ടമായി പോകാന്‍ ഇടയാകരുതെന്ന് ഉത്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.