2012-11-30 12:55:38

നവീകരണ ലക്ഷൃവുമായ്
ഏഷ്യയിലെ മെത്രാന്മാര്‍ സൈഗോണില്‍


30 നവംമ്പര്‍ 2012, വിയറ്റ്നാം
കൂട്ടായ്മയിലൂടെ ഏഷ്യയിലെ മെത്രാന്മാര്‍ സുവിശേഷവത്ക്കരണത്തിന് നവമായ ബലതന്ത്രം മെനഞ്ഞെടുക്കുമെന്ന്, സൈഗോണിന്‍റെ സഹായമെത്രാന്‍, ബിഷപ്പ് നൂവെന്‍ താം പ്രസ്താവിച്ചു.
വിയറ്റ്നാമിലെ സൈഗോണ്‍ നഗരവും അതിരൂപതയുമാണ് ഏഷ്യയിലെ മെത്രാന്‍ സമിതിയുടെ സംയുക്ത സമ്മേളനത്തിന്, Federation of Asian Bishops’ Conferences-ന് ഇത്തവണ ആതിഥ്യം നല്കുന്നത്.

ഭാരതത്തിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, മുമ്പൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്സാണ് ഫെഡറേഷന്‍റെ ചുക്കാന്‍ പിടിക്കുന്നത്. ഭാഗ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ പാപ്പ 1972-ല്‍ തുടക്കംകുറിച്ച മെത്രാന്മാരുടെ ഏഷ്യന്‍ ഫെഡറേഷന്‍ അതിന്‍റെ
40-ാം വാര്‍ഷികം ആഘോഷിച്ചുകൊണ്ടാണ് 10-ാമത് സമ്പൂര്‍ണ്ണ സമ്മേളനം
ഡിസംബര്‍ 10-മുതല്‍ 16-വരെ തിയതികളില്‍ വിയറ്റ്നാമിന്‍റെ വന്‍നഗരമായ സൈഗോണില്‍ സംഗമിക്കുന്നത്.

ഏഷ്യയുടെ സഭാ ജീവിതവും ദൗത്യവും നവീകരിച്ച്, അതിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖകള്‍ ക്രമപ്പെടുത്തുകയാണ് സൈഗോണ്‍ സമ്മേളനം ലക്ഷൃമിടുന്നതെന്നും, വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍, സമ്മേളനത്തിന്‍റെ സംഘാടകരില്‍ ഒരാളായ
ബിഷപ്പ് നൂവെന്‍ താം പ്രസ്താവിച്ചു.

പിറകിലേയ്ക്കൊരു എത്തിനോട്ടം, ആനുകാലിക പ്രശ്നങ്ങളും പ്രതിബന്ധങ്ങളും, അജപാലന ശുശ്രൂയുടെ നിജസ്ഥിതി, ഇന്നത്തെ വെല്ലുവിളികള്‍, ഏഷ്യയിലെ സഭാ സമര്‍പ്പണത്തിന്‍റെ
നവീന രീതികള്‍ എന്നി വിഷയങ്ങള്‍ അനുദിനം പഠിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്ന ഒരാഴ്ച നീളുന്ന സമ്മേളനത്തിന്‍റെ സമാപനദിനം ജൂബിലി ദിനമായി ദൈവത്തിന് നന്ദിയര്‍പ്പിക്കുമെന്നും പ്രസ്താവന വെളിപ്പെടുത്തി.

മനില അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് താഗ്ളെ, മലങ്കര കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തയുമായ, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവ എന്നീ രണ്ടു നവകര്‍ദ്ദിനാളന്മാരെ സമ്മേളനം പ്രത്യേകമായി അനുമോദിക്കുമെന്നും ബിഷപ്പ് നൂവെന്‍ താം അറിയിച്ചു.








All the contents on this site are copyrighted ©.