2012-11-29 20:17:35

മതസഹിഷ്ണുതയുടെ സഹജീവനം അധികപ്പറ്റല്ല
അനിവാര്യമെന്ന് കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ്


29 നവംമ്പര്‍ 2012, റോം
മതസൗഹാര്‍ദ്ദം അധികപ്പറ്റല്ലെന്ന് കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവ പ്രസ്താവിച്ചു.
നവംമ്പര്‍ 27-ാം തിയതി റോമിലുള്ള ചാവറ സാംസ്ക്കാരിക കേന്ദ്രത്തിലെ പ്ലാസിഡ് പ്രബന്ധാവതരണ പരമ്പരയുടെ ഉത്ഘാടന വേളയിലാണ് നവകര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ഇപ്രകാരം പ്രസ്താവിച്ചത്.

മതസൗഹാര്‍ദ്ദത്തിന്‍റെ വക്താവായി നില്ക്കുമ്പോഴും ക്രിസ്തീയ മൂല്യങ്ങളില്‍ വിട്ടുവീഴ്ചകളില്ലാത്ത കത്തോലിക്കാ പുരോഹിതനും സഭയിലെ മെത്രാനുമാണ് താനെന്നും കര്‍ദ്ദിനാള്‍ ഏറ്റുപറഞ്ഞു.
മതത്തിന്‍റെയും ഭാഷയുടെയും സംസ്ക്കാരത്തിന്‍റെയും വൈവിധ്യമാര്‍ന്ന ഭാരതത്തില്‍, അയല്‍ക്കാരായ ഇതര മതസ്ഥരോട് ആത്മബന്ധമില്ലാതെയും സ്നേഹമില്ലാതെയും ജീവിക്കാനാവില്ലെന്ന് കര്‍ദ്ദിനാള്‍ സമര്‍ത്ഥിച്ചു.

മതാന്തര സംവാദത്തിന്‍റെയും സഹിഷ്ണുതയുടെയും മനോഭാവം ഉള്‍ക്കൊണ്ടുള്ള സഹജീവനത്തിലൂടെ ക്രിസ്തുവെളിച്ചം പങ്കുവയ്ക്കാവുന്ന സുവിശേഷവത്ക്കരണ വേദിയാണ്, ക്രൈസ്തവര്‍ ന്യൂനപക്ഷമായ, 2.5 ശതമാനം മാത്രമായ ഭാരതമെന്നും, മലങ്കര കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ഉത്ഘാടന പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.

സിഎംഐ സഭയുടെ ജനറല്‍ കൗണ്‍സിലര്‍, ഫാദര്‍ ജോസ് കുരിയേടത്ത് അവതരിപ്പിച്ച ‘ഭാരതസഭയുടെ വെല്ലുവിളികളും സാദ്ധ്യതകളും,’എന്ന പ്രമേയത്തെ ആധാരമാക്കിയാണ് മൂന്നു ദിവസം നീണ്ടുനിന്ന
പ്ലാസിഡ് പ്രബന്ധ പരമ്പര റോമിലെ ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ നടന്നത്.
നവംമ്പര്‍ 29-ാം തിയതി വ്യാഴാഴ്ച സമാപിച്ചു.









All the contents on this site are copyrighted ©.