2012-11-27 16:32:08

അന്താരാഷ്ട്ര മത-സാംസ്ക്കാരിക സംവാദവേദിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍


27 നവംബര്‍ 2012, വിയെന്ന
അബ്ദുള്ള രാജാവിന്‍റെ പേരിലുള്ള അന്താരാഷ്ട്ര മത - സാംസ്ക്കാരിക സംവാദവേദിയെ (King Abdullah bin Abdulaziz International Centre for Interreligious and Intercultural Dialogue-KAICIID) ലോകം ഉറ്റുനോക്കുകയാണെന്ന് മതാന്തര സംവാദത്തിനായുളള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഷീന്‍ ലൂയി തൗറാന്‍. കയിസിഡ് (KAICIID) മത - സാംസ്ക്കാരിക സംവാദത്തിനായുള്ള അന്താരാഷ്ട്ര കേന്ദ്രത്തിന്‍റെ ഉത്ഘാടന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. 2011 ഒക്ടോബര്‍ മാസത്തില്‍ രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര കേന്ദ്രം നവംബര്‍ 26ാം തിയതി തിങ്കളാഴ്ചയാണ് ആസ്ട്രിയയുടെ തലസ്ഥാനമായ വിയെന്നയില്‍ ഉത്ഘാടനം ചെയ്യപ്പെട്ടത്.
സൗദി അറേബ്യയെക്കൂടാതെ സ്പെയിന്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ സ്ഥാപക അംഗങ്ങളായിട്ടുള്ള അന്താരാഷ്ട്ര കേന്ദ്രത്തില്‍, പരിശുദ്ധ സിംഹാസനം സ്ഥാപക – നിരീക്ഷക – അംഗത്വം (Founding Observer) സ്വീകരിച്ചിട്ടുണ്ട്. ആത്മാര്‍ത്ഥതയും വിശ്വാസ്യതയും വ്യക്തമായ കാഴ്ച്ചപ്പാടുമാണ് മത - സാംസ്ക്കാരിക സംവാദത്തിനായുള്ള അന്താരാഷ്ട്ര കേന്ദ്രത്തില്‍ നിന്ന് ഏവരും പ്രതീക്ഷിക്കുന്നതെന്ന് കര്‍ദിനാള്‍ തൗറാന്‍ പ്രസ്താവിച്ചു. അടിസ്ഥാന മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട മതസ്വാതന്ത്ര്യമടക്കമുള്ള സുപ്രധാന വിഷയങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ക്ക് കയിസിഡ് വേദിയാകുമെന്ന് കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.