2012-11-26 09:26:50

ബസീലിയോസ് മാര്‍ ക്ലീമിസ് തോട്ടുങ്കലിനെ
പാപ്പാ കര്‍ദ്ദിനാളായി വാഴിച്ചു


24 നവംമ്പര്‍ 2012, വത്തിക്കാന്‍
മലങ്കര കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും തിരുവനന്തപുരം അതിരൂപതയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ ബസീലിയോസ് മാര്‍ ക്ലീമിസ് തോട്ടുങ്കലിനെ സഭയിലെ മറ്റു അഞ്ചുപേര്‍ക്കൊപ്പം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ശനിയാഴ്ച ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സമ്മേളനത്തില്‍വച്ച് പാപ്പാ കര്‍ദ്ദിനാളായി വാഴിച്ചു. പ്രാദേശിക സമയം രാവിലെ 11 മണിക്ക് ആരംഭിച്ച പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വചനശുശ്രൂഷാകര്‍മ്മത്തിനു മദ്ധ്യേയാണ് മാര്‍ ക്ലീമിസ് ബാവാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.

സുവിശേഷ വായനയോടെ ആരംഭിച്ച കര്‍മ്മിത്തില്‍ സഭയുടെ സാര്‍വ്വലൗകിക സ്വഭാവം വ്യക്തമാക്കിക്കൊണ്ട് പാപ്പാ പ്രഭാഷണം നടത്തി. ഏകവും വിശുദ്ധവും സാര്‍വ്വത്രികവും അപ്പസ്തോലികവുമായ സഭയിലൂടെയാണ് ക്രിസ്തുവിന്‍റെ രക്ഷാദൗത്യം സകല ജനതകള്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്നതെന്നും, വിവിധ രാഷ്ട്രങ്ങളെയും സഭാ സമൂഹങ്ങളെയും റീത്തുകളെയും പ്രതിനിധീകരിക്കുന്ന നവകര്‍ദ്ദിനാളന്മാര്‍ സഭയുടെ സാര്‍വ്വത്രിക സ്വഭാവം പ്രതിഫലിപ്പിക്കുന്നുവെന്നും പാപ്പ പ്രഭാഷണത്തില്‍ വിശദീകരിച്ചു.

‘ദാവീദിന്‍റെ പുത്ര’നായി ജനിച്ച ക്രിസ്തുവാണ് പിന്നിട് ‘മനുഷ്യപുത്രന്‍’ എന്ന യഹൂദ യുഗാന്ത്യ വിവരണത്തിലെ സംജ്ഞ സ്വീകരിച്ചുകൊണ്ട് സകല മനുഷ്യര്‍ക്കുംവേണ്ടിയുള്ള രക്ഷാദൗത്യം വെളിപ്പെടുത്തിയതെന്ന് പാപ്പ വിവരിച്ചു. വിഭാഗീയതയുടെ വൈചിത്ര്യങ്ങളെ വെല്ലുന്നതാണ് സഭയുടെ ദര്‍‍ശനവും കാഴ്ചപ്പാടുമെന്നും, ക്രിസ്തുവിനാല്‍ സ്ഥാപിതമായ സഭയുടെ ലക്ഷൃം സകല ജനങ്ങളെയും വിശ്വാസത്തില്‍ ഒന്നിപ്പിക്കുവാനും രക്ഷിക്കുവാനുമാണെന്നും പാപ്പ പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിനുശേഷം വിവിധ ഭാഷക്കാരെയും സംസ്ക്കാരങ്ങളെയും കൂട്ടിയിണക്കിയ അപ്പസ്തോല കൂട്ടായ്മയുടെ പെന്താക്കൂസ്താ അനുഭവമാണ് ഇന്നും ക്രൈസ്തവരെ നയിക്കേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ നീണ്ട കരങ്ങളാല്‍ ആശ്ലേഷിക്കപ്പെടുന്ന ലോകത്ത് അവിടുത്തെ സുവിശേഷത്തിന്‍റെ വിശ്വസ്തവും ധീരവുമായ സുവിശേഷ സാക്ഷികളാകാന്‍ നവകര്‍ദ്ദിനാളന്മാര്‍ക്ക് സാധിക്കട്ടെ എന്ന ആശംസയോടെ പാപ്പ പ്രബോധനം ഉപസംഹരിച്ചു.

പ്രബോധനത്തെ തുടര്‍ന്ന് കര്‍ദ്ദിനാളന്മാരുടെ വാഴിക്കലായിരുന്നു. പരിശുദ്ധ സിംഹാസനത്തോടും റോമിലെ സഭയോടുമുള്ള വിധേയത്വവും അനുസരണയും പ്രഖ്യാപിക്കുന്ന ചടങ്ങാണ് പുതിയ കര്‍ദ്ദിനാളന്മാരുടെ വാഴിക്കലെന്ന് പാപ്പ ആമുഖപ്രാര്‍ത്ഥനയിലൂടെ ഏവരെയും അനുസ്മരിപ്പിച്ചു. തുടര്‍ന്ന് നവകര്‍ദ്ദിനാളന്മാര്‍ ദൈവജന സമക്ഷം സഭയുടെ വിശ്വാസപ്രമാണം പരസ്യമായി ഏറ്റുചൊല്ലുകയും പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പായോടും പരിശുദ്ധ സിംഹാസനത്തോടുമുള്ള വിശ്വസ്തത വിധേയത്വം അനുസരണ എന്നിവ വ്യക്തിപരമായും പരസ്യമായും ഏറ്റുപറയുകയും ചെയ്തു.

നവകര്‍ദ്ദിനാളന്മാരുടെ ഓരോരുത്തരുടെയും ശിരസ്സില്‍ ചുവന്ന സ്ഥാനിക തൊപ്പിയായ ബെരേത്തായും, കൈയ്യില്‍ അധികാര മോതിരവും പാപ്പ അണിയിച്ചു. കര്‍ദ്ദിനാളിന്‍റെ ചുവന്ന അങ്കിയും തൊപ്പിയും
ക്രിസ്തുവിലുള്ള ധീരമായ വിശ്വാസത്തെയും മരണത്തോളം ശക്തമാകുന്ന ത്യാഗസമര്‍പ്പണത്തെയും സൂചിപ്പിക്കുമ്പോള്‍, അവര്‍ക്ക് സഭാതനയരോട് ഉണ്ടായിരിക്കേണ്ട ആത്മബന്ധത്തിന്‍റെയും അഭേദ്യമായ സ്നേഹത്തിന്‍റെയും പ്രതീകമാണ് സ്ഥാനിക മോതിരമെന്നും പാപ്പ ഉരുവിട്ട പ്രാര്‍ത്ഥന വ്യക്തമാക്കി. അപ്പസ്തോലന്മാരായ പത്രോസ് പൗലോസ് എന്നിവരെയും കന്യകാനാഥയെയും പ്രതീകാത്മകമായും കലാപരമായും സംയോജിപ്പിച്ചിട്ടുള്ള സ്വര്‍ണ്ണ മോതിരമാണ് നവകര്‍ദ്ദിനാളന്മാരെ പാപ്പ അണിയിച്ചത്.

തുടര്‍ന്ന് അപ്പസ്തോല പ്രമുഖനായ പത്രോസിനാല്‍ സ്ഥാപിതമായിട്ടുള്ള റോമിലെ സഭയിലുള്ള നവര്‍ദ്ദിനാളന്മാരുടെ പങ്കുചേരലിന്‍റെ പ്രതീകമായി അവര്‍ക്ക് ഓരോരുത്തര്‍ക്കുമായി പ്രത്യേക സ്ഥാനിക ദേവാലയവും പാപ്പാ പ്രഖ്യാപിച്ചു നല്കി. വിശുദ്ധ ഗ്രിഗരി ഏഴാമന്‍ പാപ്പായുടെ നാമധേയത്തിലുള്ള റോമാ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഇടവക ദേവാലയമാണ് കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവായ്ക്കു സ്ഥാനിക ഭദ്രാസനമായി പാപ്പാ നല്കിയത്. കര്‍ദ്ദിനാള്‍ വാഴിക്കല്‍ ശുശ്രൂഷയുടെ അവസാന ഘട്ടത്തില്‍ നവകര്‍ദ്ദിനാളന്മാരെ ഓരോരുത്തരെയും പാപ്പ ആശ്ലേഷിച്ച് സമാധാന ചുംബനം നല്കി. തുര്‍ന്ന് കര്‍ദ്ദിനാള്‍ സംഘത്തിലെ സന്നിഹിതരായിരുന്ന അംഗങ്ങളുടെ ഓരോരുത്തരുടെയും പക്കല്‍ച്ചെന്ന് നവകാര്‍ദ്ദിനാളാന്മാര്‍ സമാധാനചുംബനം നല്കി.

കൃത്യം ഒരു മണിക്കൂര്‍ നീണ്ടുനിന്ന വാഴിക്കല്‍ കര്‍മ്മത്തിന്‍റെ സമാപന ക്രമത്തില്‍ പാപ്പ സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥയുടെ ഗാനരൂപം ആരംഭിച്ചതോടെ സിസ്റ്റൈന്‍ ഗായക സംഘവും വിസ്തൃതമായ ബസിലിക്ക നിറഞ്ഞു കവിഞ്ഞു നിന്ന വിശ്വാസ സമൂഹവും അത് ഏറ്റുപാടിയത് ആത്മനിര്‍വൃതി ഉണര്‍ത്തി. ഏവര്‍ക്കും പാപ്പാ അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.

പ്രധാന അള്‍ത്താരയില്‍നിന്നും പരിചാരകരുടെ സഹായത്തോടെ പടവുകള്‍ ഇറങ്ങിയ
പാപ്പ പാര്‍ശ്വത്തില്‍ അലങ്കരിച്ചു വച്ചിരുന്ന കന്യകാ നാഥയുടെ തിരുസ്വരൂപത്തിന്‍റെ മുന്നില്‍ കൂപ്പുകരങ്ങളുമായ് അണഞ്ഞപ്പോള്‍ ഗായഗസംഘം, സാള്‍വേ റെജീനാ, ‘സ്വസ്തീ രാജ്ഞീ’ എന്ന മരിയഗീതം ആലപിച്ചു. സഭയുടെ വിശ്വാസ തീര്‍ത്ഥാടനത്തില്‍ ഉഷഃകാലതാരമായ മറിയത്തിന്‍റെ മദ്ധ്യസ്ഥ്യവും മാതൃസഹായവും ഉണര്‍ത്തുന്ന നിമിഷങ്ങളായിരുന്നു അത്. ഈ വിശ്വത്തര മരിയ ഗീതത്തോടെ നവകര്‍ദ്ദിനാളന്മാരുടെ വാഴിക്കില്‍ കര്‍മ്മങ്ങള്‍ സമാപിച്ചു.










All the contents on this site are copyrighted ©.