2012-11-26 15:26:41

ദൈവികദൗത്യം ഏറ്റെടുക്കാന്‍ ഓരോ സഭാംഗവും സന്നദ്ധമായിരിക്കണമെന്ന് കര്‍ദിനാള്‍ ക്ലീമിസ്


26 നവംബര്‍ 2012, റോം
ഓരോ സഭാംഗവും തങ്ങള്‍ക്കു ദൈവം നല്‍കുന്ന സവിശേഷമായ ദൗത്യം ഏറ്റെടുക്കാന്‍ എല്ലായ്പ്പോഴും സന്നദ്ധരായിരിക്കണമെന്ന് നവകര്‍ദിനാള്‍ ബസേലിയൂസ് മാര്‍ ക്ലീമിസ്. നവംബര്‍ 25ാം തിയതി ഞായറാഴ്ച വി.യോഹന്നാന്‍റേയും പൗലോസിന്‍റേയും നാമത്തിലുള്ള ബസിലിക്കായില്‍ അര്‍പ്പിച്ച കൃതജ്ഞതാ ദിവ്യബലി മധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. സീറോ മലങ്കര, സീറോ മലബാര്‍, ലത്തീന്‍ റീത്തുകളിലെ സഭാമേലധ്യക്ഷന്‍മാര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികത്വം വഹിച്ചു. കത്തോലിക്കാ സഭയുടെ പൂര്‍ണ്ണകൂട്ടായ്മയില്‍ അപ്പസ്തോലിക സഭകള്‍ക്കുള്ള സ്ഥാനത്തിന്‍റെ അടയാളമാണ് തന്‍റെ കര്‍ദിനാള്‍ സ്ഥാനലബ്ദി വെളിപ്പെടുത്തുന്നതെന്ന് സീറോമലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ കര്‍ദിനാളായ മാര്‍ ക്ലീമിസ് പ്രസ്താവിച്ചു. സുവിശേഷ ചൈതന്യം സാര്‍വ്വത്രിക സഭാകൂട്ടായ്മയില്‍ സ്ഥിരീകരിക്കണമെന്ന് മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലിത്ത ആര്‍ച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് നിരന്തരം ആഹ്വാനം ചെയ്തിരുന്നുവെന്ന് നവ കര്‍ദിനാള്‍ അനുസ്മരിച്ചു. ത്യാഗവും ക്ലേശവും സഹിച്ച് ധീരതയോടെ നിറവേറ്റേണ്ട ദൗത്യമാണത്. ദൈവം നല്‍കുന്ന യഥാര്‍ത്ഥ സ്നേഹം അനുഭവിച്ചറിഞ്ഞ്, ദൈവിക കാരുണ്യത്തില്‍ ആശ്രയിച്ചുകൊണ്ട് എല്ലായ്പ്പോഴും സഭയോടു ചേര്‍ന്നു നില്‍ക്കാന്‍ അദ്ദേഹം സഭാംഗങ്ങളെ ആഹ്വാനം ചെയ്തു. പുനൈര്യ പ്രസ്ഥാനം ആരംഭിച്ചതു മുതല്‍ തങ്ങളുടെ പ്രാര്‍ത്ഥനയും ത്യാഗവും സഹനവും വഴി മലങ്കര കത്തോലിക്കാ സഭയെ വളര്‍ത്തിയെടുത്ത എല്ലാ സഭാധ്യക്ഷന്‍മാരേയും വൈദികരേയും സന്ന്യസ്തരേയും അല്‍മായരേയും തദവസരത്തില്‍ അദ്ദേഹം കൃതജ്ഞതയോടെ അനുസ്മരിച്ചു.
ലോകത്തിന്‍റെ നാനാഭാഗത്തു നിന്നെത്തിയ നൂറുക്കണക്കിന് മലങ്കരസഭാംഗങ്ങള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.